മുംബൈ: ഇന്ത്യയിൽ പുതിയ ഡിമാറ്റ് (demat) അക്കൗണ്ടുകളുടെ എണ്ണം ഡിസംബർ പാദത്തിൽ കുത്തനെ കുറഞ്ഞു. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
ഒക്ടോബർ-ഡിസംബർ കാലയളവിൽ പുതുതായി 97.7 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകൾ തുറന്നെങ്കിലും കഴിഞ്ഞ 4 പാദങ്ങൾക്കിടയിലെ ഏറ്റവും കുറവാണിത്. മാത്രമല്ല, തൊട്ടുമുൻ പാദത്തെ അപേക്ഷിച്ച് 26.3% കുറയുകയും ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പുതുതായി 1.32 കോടി ഡിമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ചിരുന്നു.
ഓഹരി വിപണി നേരിടുന്ന കനത്ത ചാഞ്ചാട്ടമാണ് പുതുനിക്ഷേപകരെ അകറ്റുന്നതെന്ന വിലയിരുത്തലുകളുണ്ട്. ഡിസംബർ പാദത്തിൽ സെൻസെക്സ് 7.3 ശതമാനവും നിഫ്റ്റി 8.5 ശതമാനവും നഷ്ടം നേരിട്ടുവെന്ന് മണികൺട്രോളിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ജൂൺപാദത്തിന് ശേഷം ഇരു സൂചികകളും നേരിട്ട ഏറ്റവും വലിയ ഇടിവാണിത്. സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് (CDSL), നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (NSDL) എന്നിവയിൽ നിന്നുള്ള കണക്കുപ്രകാരം ഡിസംബറിൽ ആകെ ഡിമാറ്റ് അക്കൗണ്ടുകൾ 18.53 കോടിയാണ്. നവംബറിൽ 18.20 കോടിയായിരുന്നു.
യുഎസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ടേക്കാവുന്ന താരിഫ് യുദ്ധം, പലിശനയം കടുപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ നീക്കം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ത്യയിൽ കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലങ്ങൾ, ജിഡിപിയുടെ തളർച്ച, പണപ്പെരുപ്പ ഭീതി തുടങ്ങിയവയാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന മുഖ്യ കാരണങ്ങൾ.
ഡെറിവേറ്റീവ് (അവധി വ്യാപാരം) വിപണിയിൽ സെബി (SEBI) നിയന്ത്രണങ്ങൾ കടുപ്പിച്ചതും നിക്ഷേപകരെ അകറ്റുന്നുവെന്നാണ് വിലയിരുത്തൽ.
എഫ് ആൻഡ് ഒ വിഭാഗത്തിൽ എൻഎസ്ഇ, ബിഎസ്ഇ എന്നിവയുടെ സംയോജിത ശരാശരി വ്യാപാരമൂല്യം ഡിസംബറിൽ 280 ലക്ഷം കോടി രൂപയായിരുന്നു. നവംബറിലെ 442 ലക്ഷം കോടി രൂപയേക്കാൾ 36.56% കുറഞ്ഞു. 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വ്യാപാരമൂല്യവുമാണത്.