
മുംബൈ: സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച.
മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി.
കഴിഞ്ഞമാസം ആകെ 23 ലക്ഷം പുതിയ ഡിമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നതെന്ന് ബ്രോക്കറജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ജനുവരിയിൽ 28.3 ലക്ഷം അക്കൗണ്ടുകൾ പുതുതായി ആരംഭിച്ചിരുന്നു. 2023 മേയ്ക്കുശേഷമുള്ള ഏറ്റവും താഴ്ചയാണ് കഴിഞ്ഞമാസത്തേത്.
ഓഹരി വിപണി നഷ്ടത്തിന്റെ പാതയിലായിരിക്കുമ്പോൾ പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ കുറയുന്നത് പതിവാണ്. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുന്നതാണ് ട്രെൻഡ്. കഴിഞ്ഞ സെപ്റ്റംബറിൽ പുതുതായി 44.7 ലക്ഷം പേർ ഡിമാറ്റ് അക്കൗണ്ട് തുറന്നിരുന്നു. ഒക്ടോബറിൽ 33.4 ലക്ഷം. ഈ വർഷം ജനുവരിയിൽ 28.3 ലക്ഷമായും കുറഞ്ഞു.