
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകളില് ബിയറും വൈനും വിളമ്പാന് വ്യവസ്ഥകളായി. അപേക്ഷകള് ഉടന് ഓണ്ലൈനില് ക്ഷണിക്കും.
മൂന്നുമാസത്തേക്ക് ഒരുലക്ഷം രൂപയാണ് ഫീസ്. ഒരോസ്ഥലത്തെയും ടൂറിസം സീസണ് അനുസരിച്ച് ലൈസന്സെടുക്കാന് കഴിയുന്നവിധത്തിലാണ് ക്രമീകരണം.
2023-24-ലെ മദ്യനയത്തില് പ്രഖ്യാപിച്ചതാണെങ്കിലും വ്യവസ്ഥകള്ക്ക് അന്തിമരൂപമാകാന് പത്തുമാസത്തിലധികം വേണ്ടിവന്നു.
ഒരുവര്ഷത്തേക്ക് മുഴുവന് ലൈസന്സ് എടുക്കുക ലാഭകരമല്ലാത്തതിനാല് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പല റസ്റ്ററന്റുകളിലും അനധികൃത മദ്യവില്പ്പനയുണ്ടായിരുന്നു. ഇത് തടയാന് എക്സൈസും പോലീസും നടത്തുന്ന പരിശോധനകള് വിനോദസഞ്ചാരികള്ക്കും അസൗകര്യമുണ്ടാക്കിയിരുന്നു.
വിനോദസഞ്ചാരമേഖലയിലെ ത്രീസ്റ്റാര് ഹോട്ടലുകള്ക്കും, റിസോര്ട്ടുകള്ക്കും കള്ള് ചെത്തിയെടുത്ത് അതിഥികള്ക്ക് വിളമ്പാനും ചട്ടമായി. പുറംവില്പ്പനയ്ക്ക് അനുമതിയില്ല. ഹോട്ടല്വളപ്പിലെ തെങ്ങുകളില് നിന്നും കള്ളെടുക്കണം.
ഇവ എക്സൈസില് രജിസ്റ്റര് ചെയ്ത് കരം അടയ്ക്കണം. ഒരോ തെങ്ങില് നിന്നുള്ള ഉത്പാദനവും എക്സൈസ് കണക്കാക്കും. കേരള ടോഡി എന്നപേരില് ഇത് പ്രചരിപ്പിക്കാനും അനുമതിയുണ്ട്.
പഴവര്ഗങ്ങളില് നിന്നും വീര്യംകുറഞ്ഞ വൈന് നിര്മിക്കുന്നതിനും വ്യവസ്ഥകളായി. ഇവ ബിവറേജസ് കോര്പ്പറേഷനിലൂടെതന്നെ വില്ക്കണമെന്ന നിബന്ധനയില്ല.
നിര്മാണത്തിനും വിതരണത്തിനും എക്സൈസില് നിന്നും ലൈസന്സ് എടുക്കണം