ദില്ലി: ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചർ വരുന്നത്.
ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നല്‍കുന്ന ഫീച്ചറുകളാണ് അടുത്തിടെ ഡോക്‌സില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഗൂഗിൾ ഡോക്സിലെ ഫുൾ ബ്ലീഡ് കവർ ചിത്രങ്ങളും ഗൂഗിൾ സ്ലൈഡിലെ എഐ ജനറേറ്റഡ് ഇമേജുകളും അടുത്തിടെ ഗൂഗിൾ അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ചർ ഗൂഗിൾ ഡോക്സിൽ എത്തിയിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനെക്കാളും ഡീറ്റൈലായി ഇപ്പോൾ നിങ്ങൾക്ക് ആളുകളുടെയും ലാൻഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകുമെന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ ബ്ലോഗ് പോസ്റ്റ് വഴി വ്യക്തമാക്കിയിരിക്കുന്നത്.
ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഇമേജൻ 3 മോഡല്‍ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ ഗൂഗിൾ ഡോക്‌സിൽ ഡയറക്ട് ക്രിയേറ്റ് ചെയ്യാനുള്ള കഴിവാണ് ജെമിനി വാഗ്ദാനം ചെയ്യുന്നത്.
ഈ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡൽ ഉപയോക്താക്കളെ ഡീറ്റെയ്ൽഡ് വിഷ്വലുകൾ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ഡോക്‌സിലെ ജെമിനി ഉപയോക്താവിന്‍റെ നിർദേശം അടിസ്ഥാനമാക്കി ചിത്രം ജനറേറ്റ് ചെയ്യും.
ജെമിനി ബിസിനസ്സ്, ജെമിനി എന്‍റര്‍പ്രൈസ്, ജെമിന് എജ്യൂക്കേഷൻ പ്രീമിയം, ഗൂഗിൾ വൺ എഐ തുടങ്ങിയ ആഡ്-ഓണുകളുള്ള ഗൂഗിൾ വർക്ക്‌പ്ലേസില്‍ ഉപഭോക്താക്കൾക്ക് ഇമേജ് ജനറേഷൻ ഫീച്ചർ ലഭ്യമാണ്.
ഈ ഫീച്ചർ പുറത്തിറങ്ങിയെങ്കിലും ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ 15 ദിവസത്തിലധികമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.