
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം മദ്യനയം പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.
2025-26 സാമ്ബത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നത്. എന്നാല്‍, പ്രധാനമായും രണ്ടു കാര്യങ്ങളില്‍ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് കഴിഞ്ഞില്ല.
ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തില്‍ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതില്‍ അവ്യക്തതയുണ്ടായി.
ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളില്‍ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവില്‍ വന്ന അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
മറ്റൊന്ന് കള്ളുഷാപ്പുകളുടെ ദൂരപരിധിയാണ്. പുതുതായി കള്ളുഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ നിലവിലുള്ള ദൂരപരിധിയില്‍ ഇളവു വേണമെന്ന് വിവിധ യൂണിയനുകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചർച്ച വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു.
കൂടാതെ, മദ്യനിർമാണ കമ്പനികള്‍ക്ക് ലൈസൻസ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിന്റെ പരിഗണയില്‍ വന്നില്ല.