ശക്തമായ സേവന മേഖലയും ഊർജസ്വലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും സ്വന്തമായുള്ള കേരളത്തിന് ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസിൽ (GeM) വിപുലമായ സാധ്യതകളാണുള്ളതെന്ന് GeM ഡെപ്യൂട്ടി സിഇഒയും മലയാളിയുമായ എ. വി. മുരളീധരൻ.
ദേശീയ തലത്തിൽ പൊതുമേഖലക്കായുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സംഭരണ, വിപണന പ്ലാറ്റ്‌ഫോം ആയ ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലേസ് (GeM) കൊച്ചിയിൽ സംഘടിപ്പിച്ച ‘സെല്ലർ സംവാദ്’ ചടങ്ങിനിടെ ന്യൂഏജിന് നൽകിയ അഭിമുഖത്തിൽ നിന്ന്:
പ്രാധാന്യവും വ്യാപ്തിയും
2016 ഓഗസ്റ്റ് 9നാണ് GeM ഔദ്യോഗികമായി ആരംഭിച്ചത്. 2017-ൽ വെറും 422 കോടി രൂപയുടെ സംഭരണ മൂല്യമുണ്ടായിരുന്ന GeM 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ ഇടപാടുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. മൊത്തത്തിൽ ഇതുവരെ 3.02 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. ഇടപാടുകളുടെ എണ്ണം ഒരു കോടിയിലധികം.
വിവിധ ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകളും സ്ഥാപനങ്ങളുമായി 55000 ലധികം ബയർമാരുണ്ട്. സെല്ലർമാരുടെ എണ്ണം ഏതാണ്ട് മുപ്പത് ലക്ഷം വരും. യുഎസ്, കൊറിയൻ ഗവണ്മെന്റുകൾക്കും മറ്റും GeM ന് സമാനമായ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. നിലവിലെ ട്രേഡ് വോള്യം വിലയിരുത്തിയാൽ ആഗോളതലത്തിൽ GeMന്റെ സ്ഥാനം നാലോ അഞ്ചോ ഒക്കെയാകും. ഏതാനും വർഷങ്ങൾക്കുള്ളിൽ നമുക്ക് രണ്ടാമതോ മൂന്നാമതോ എത്താനാകും.
കേരളത്തിന് മുന്നിലെ സാദ്ധ്യതകൾ
കേരളത്തിനുള്ള മികവുറ്റ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും ശക്തമായ സേവന മേഖലയുടെയും സാധ്യതകൾ നമ്മൾ ഇനിയും GeMൽ വിനിയോഗിച്ചിട്ടില്ലെന്ന് വേണം കരുതാൻ. കേരളത്തിലെ 1,17,740 വ്യാപാരികളും സേവനദാതാക്കളും ഇതുവരെ GeMൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോർട്ടൽ ആരംഭിച്ചത് മുതൽ 2022 സെപ്തംബർ 11 വരെയുള്ള കാലയളവിൽ കേരളം 962 കോടി രൂപയുടെ ഉത്പന്നങ്ങളും സേവനങ്ങളും GeM വഴി സംഭരിച്ചിട്ടുമുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ 17000 ത്തോളം പ്രൊഫൈലുകൾ മാത്രമാണ് വെരിഫൈ ചെയ്യപ്പെട്ടിട്ടുള്ളത്.
എംഎസ്എംഇ കളുടെ ഉദ്യം രെജിസ്ട്രേഷന്റെ ഭാഗമായി GeM പ്ലാറ്റ്‌ഫോമിന്റെ കൂടി ഭാഗമായവയാണ് അവയിൽ പലതും. അതെ സമയം കയർ ബോർഡ് പോലുള്ള സ്ഥാപനങ്ങളും കയർമേഖലയിലെ നിരവധി കമ്പനികളും മറ്റും GeM ന്റെ ഭാഗമാണ്.
GeM പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുമ്പോൾ വലിയ സാദ്ധ്യതകളാണ് തുറന്നു കിട്ടുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റാൻഡേർഡൈസ്ഡ് വിപണിയാണ് തുറന്ന് കിട്ടുന്നത്. ഇന്നവേറ്റിവ് ആയ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മറ്റുമാണ് ഇത് ഏറെ സഹായകരം.
ജെം പ്ലാറ്റ്ഫോമിൽ ഉത്പന്നം പിച്ച് ചെയ്ത് ടെൻഡറിൽ പങ്കെടുക്കാനും ഒരെണ്ണമെങ്കിലും വിജയിക്കാനും കഴിഞ്ഞാൽ അതിന്റെ ചുവടുപിടിച്ചു തന്നെ പുതിയ അവസരങ്ങൾ ലഭ്യമാകുന്ന സാഹചര്യമുണ്ട്.
രാജ്യത്തെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലും സംഭരണവും, ഇപ്പോഴും ഏറ്റവുമധികം നടത്തുന്നത് കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് വകുപ്പുകളും സ്ഥാപനങ്ങളും തന്നെയാണ്. GeM പ്ലാറ്റ്ഫോമിൽ ഇവയുടെ പ്രാതിനിധ്യം ഇനിയും കൂടുതൽ ശക്തമാവും.
വൈവിധ്യവും വളർച്ചയും
തപാൽ വകുപ്പുമായി GeM പോർട്ടൽ സംയോജിപ്പിച്ചതിലൂടെ സ്പീഡ് പോസ്റ്റ്, ബിസിനസ് പാഴ്സൽ സൗകര്യങ്ങൽ ഉറപ്പാക്കാനും പാക്കേജിംഗ്, ലോജിസ്റ്റിക്സ്, ഷിപ്പ്മെന്റ് എന്നിവയിൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (MSMEs) രജിസ്ട്രേഷനായി സജ്ജമാക്കിയിട്ടുള്ള ഉദ്യം പോർട്ടലുമായും GeM നെ സംയോജിപ്പിച്ചിരിക്കുന്നു.
പ്രാദേശിക നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും പോലുള്ള തദ്ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി GeM പ്രത്യേക ഉൽപ്പന്ന വിഭാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ‘വൺ ഡിസ്‌ട്രിക്‌ട് വൺ പ്രൊഡക്ട്’ (ODOP) ഉത്പന്നങ്ങൾക്കും ഇത്തരത്തിൽ പ്രത്യേക പരിഗണന നൽകുന്നു.
സെല്ലർമാർക്ക് ലഭിച്ച ടെണ്ടറുകളുടെ അടിസ്ഥാനത്തിൽ ബാങ്ക് ലോണുകൾ ലഭ്യമാക്കാനും പേയ്‌മെന്റ് ഡിസ്കൗണ്ടുകൾ സാധ്യമാക്കാനും നടപടികൾ നടന്നുവരുന്നു. സെല്ലർമാരെ പ്രവർത്തന മൂലധനം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നത് ലക്ഷ്യമിട്ട് GeM-Sahay ആപ്പ് പുറത്തിറക്കിയിട്ടുമുണ്ട്.
ഉത്പന്നങ്ങൾക്ക് പുറമെ കരാർ ജോലികൾ പോലുള്ള കൂടുതൽ സേവനങ്ങളും GeM പ്ലാറ്റ്ഫോമിൽ ഫലപ്രദമായി ഉൾപ്പെടുത്തുന്ന നടപടികൾ നടന്നുവരുന്നു. കോഓപ്പറേറ്റിവ് സൊസൈറ്റികൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങി കൂടുതൽ ബയർ സെഗ്മെന്റുകൾ ഉൾപ്പെടുത്താനുള്ള പദ്ധതികളും നടന്നു വരികയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മറ്റൊരു പ്രധാന ഫോക്കസ് ഏരിയ. നിലവിൽ ഈ സെഗ്മെന്റിൽ നിന്നുള്ള ബയർമാരുടെ സാന്നിധ്യം 10 ശതമാനത്തിലും താഴെയാണ്. തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് GeM പ്ലാറ്റ്‌ഫോം വഴിയുള്ള ഇടപാടുകൾ ഏറെ ഗുണപരമാവും.
ടെണ്ടറുകളിലെ സുതാര്യത, ഉത്പന്നങ്ങളുടെ ഉയർന്ന ഗുണനിലവാരം, വിലയിലെ താരതമ്യം, കുറഞ്ഞ റിജക്ഷൻ തോത് എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങളുണ്ടാകും.