ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനത്തിനൊരുങ്ങി ന്യൂയോർക്ക് ആസ്ഥാനമായുള്ള എസ്റ്റി ലോഡർ (Estée Lauder). ഉടൻ ആഭ്യന്തര ഉത്പാദനം ആരംഭിക്കുമെന്ന് എസ്റ്റി ലോഡർ കമ്പനീസ് ഇങ്കിന്റെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് പ്രസിഡൻ്റ് സ്റ്റെഫാൻ ഡി ലാ ഫേവറി പറഞ്ഞു.
ഇന്ത്യയിലൊരു പങ്കാളിയുമായി ഉത്പന്നങ്ങൾ നിർമിക്കാനൊരുങ്ങുന്നുവെന്ന് മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്‌സ് റീട്ടെയ്‌ലറായ Nykaa-യുമായി ചേർന്ന് Estée Lauder ഇന്ത്യയിൽ വൻ കുതിപ്പാണ് നടത്തുന്നത്. താങ്ങാനാവുന്ന വിലയിൽ, എല്ലാവരിലേക്കും സൗന്ദര്യ വർദ്ധക വസ്തുക്കളെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റെഫാൻ പറഞ്ഞു.
പല തരത്തിലും വലുപ്പത്തിലുമുള്ള നൈക്കയുടെ ഉത്പന്നങ്ങൾ ഇന്ത്യൻ സൗന്ദര്യവിപണിയിൽ സ്ഥാനം പിടിക്കും. ‘മിനി’ ഉത്പന്നങ്ങൾ ഇന്ത്യക്കായി മാത്രമാകും നിർമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യക്കാരിൽ സൗന്ദര്യബോധം വർദ്ധിച്ചുവെന്നും സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണി വിപുലമായെന്നും ലോഡർ കമ്പനീസ് ഇങ്കിന്റെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് പ്രസിഡൻ്റ് പറഞ്ഞു.
2009-10 കാലഘട്ടത്തിൽ മാളുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇന്ത്യയുടെ സൗന്ദര്യ വിപണിയിൽ കുതിപ്പുണ്ടായത്. 2012-ലാണ് Nykaa ആരംഭിക്കുന്നത്. ഇന്ന് നഗരങ്ങൾ കടന്ന് ഗ്രാമങ്ങളിലേക്ക് വരെ Nykaaയുടെ ഉത്പന്നങ്ങളെത്തുന്നു.
19,000 പോസ്റ്റോഫീസുകളിലാണ് Nykaa സേവനം എത്തിച്ച് നൽകുന്നത്. രാജ്യത്തുടനീളം 70 സ്റ്റോറുകളുമുണ്ട്. ഒന്നിലധികം കാരണങ്ങളാൽ ഇന്ത്യ വിൽപന സാധ്യതയുള്ള വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് സ്ത്രീകളും യുവാക്കളും സൗന്ദര്യ ബേധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
2028-ഓടെ ഇന്ത്യൻ ബ്യൂട്ടി, പേഴ്‌സണൽ കെയർ വിപണി 21 ബില്യൺ ഡോളറിൽ നിന്ന് 34 ബില്യൺ ഡോളറിലെത്തുമെന്ന് ബ്യൂട്ടി ട്രെൻഡുകളെക്കുറിച്ചുള്ള Nykaaയുടെ സെപ്റ്റംബറിലെ റിപ്പോർട്ട് പറയുന്നു.
L’Oréal കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യവർദ്ധക കമ്പനിയായ Estée Lauder കമ്പനീസ്, MAC , Bobbi Brown, Clinique തുടങ്ങിയ ബ്രാൻഡുകളിലൂടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു.
മേക്കപ്പ്, സ്കിൻ കെയർ, പെർഫ്യൂമുകൾ, ഹെയർ കെയർ ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന പ്രമുഖ കമ്പനി 20 വർഷത്തോളമായി ഇന്ത്യയിൽ സാന്നിധ്യമറിയിക്കുന്നു.
MAC ആണ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ക്ലിനിക്, എസ്റ്റി ലോഡർ എന്നിവയും അടുത്തിടെ യുവാക്കളെ ലക്ഷ്യമിട്ട് ദി ഓർഡിനറിയും പുറത്തിറക്കി.