ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്…

കേരളം സംരംഭകത്വത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംരംഭക വര്‍ഷമെന്ന നിലയില്‍ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന ബൃഹത് പദ്ധതിക്ക് രൂപം നല്‍കിയത്. ചെറുകിട, ഇടത്തരം, സൂക്ഷ്മതല സംരംഭങ്ങളുടെ മേഖലയില്‍ പുതുസംരംഭകരെ ആകര്‍ഷിക്കുകയും സംസ്ഥാനത്തെയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുകയുമാണ് ഉദ്ദേശ്യം. പ്രാദേശിക തലത്തില്‍ സംരംഭകര്‍ക്ക് അവസരം ഒരുക്കുകയും മാര്‍ഗതടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം സംജാതമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന സംരംഭക വായ്പാ പദ്ധതിക്ക് വ്യവസായ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നു.പുതിയ സംരംഭകര്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വികസന ആവശ്യങ്ങള്‍ക്കും നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാണ്. വ്യാപാരം, സേവനം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് സഹായം ലഭിക്കും. ഇതിലേക്ക് പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് ഉദ്യം രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

അഞ്ച് ലക്ഷം രൂപ വരെയുള്ള അപേക്ഷകളില്‍ 15 ദിവസങ്ങള്‍ക്കകവും പത്ത് ലക്ഷം രൂപ വരെയുള്ള അപേക്ഷകളില്‍ ഒരു മാസത്തിനകവും തീര്‍പ്പ് ഉണ്ടാവും. ഈ വായ്പ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ തദ്ദേശസ്ഥാപനത്തിന് കീഴിലും ഇന്റേണുകളുടെ സേവനം ലഭിക്കും. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലേക്ക് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അവ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും വേണ്ട ഫണ്ട് സംഘടിപ്പിക്കുക എന്നത് സംരംഭകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാങ്ക് വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുന്ന സാഹചര്യവും പ്രതികൂലമാണ്. കോവിഡ് പ്രതിസന്ധിയുടെ മുരടിപ്പില്‍ നിന്ന് മേഖലകള്‍ തീര്‍ത്തും മോചിതമാവാത്ത പശ്ചാത്തലവും സംരംഭകരെ തളര്‍ത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാരിന്റെ കൈത്താങ്ങിന് വലിയ പ്രാധാന്യമുണ്ട്. കൂടുതല്‍ സംരംഭങ്ങളുടെ കടന്നുവരവിനും നിലവിലുള്ള സംരംഭങ്ങളുടെ കെട്ടുറപ്പിനും അത് സഹായകമാവും എന്നതില്‍ സംശയമില്ല.

സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുന്ന തരത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ ഇവിടെ എത്തുന്നതിനും തളര്‍ച്ചയിലുള്ള സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി ഉപകരിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നമ്മുടെ സംസ്ഥാനവും സംരംഭക സൗഹൃദ സാഹചര്യങ്ങളിലേക്ക് അതിവേഗം വളരുന്നതിന് വ്യവസായ വകുപ്പിന്റെ പദ്ധതികളും നയപരിപാടികളും വലിയ അളവില്‍ സഹായകമാവും എന്ന് തന്നെ പ്രതീക്ഷിക്കാം.

അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്: അഡ്വ. പി. രാജീവ്

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭക വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നു.13 അപേക്ഷകര്‍ക്ക് വായ്പ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.പുതുതായി ആരംഭിക്കുന്ന എം.എസ്.എം. ഇകള്‍ക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നല്‍കുന്നതാണ് കേരള സംരംഭക വായ്പാ പദ്ധതി (ഗഋഘട). പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് പലിശയിളവ് ലഭിക്കുക. നിര്‍മ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടല്‍ മുഖാന്തിരമാണ് അപേക്ഷ നല്‍കേണ്ടത്. മൂലധന നിക്ഷേപങ്ങള്‍, പ്രവര്‍ത്തന മൂലധനം സമാഹരിക്കല്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷകന് ഉദ്യം രജിസ്‌ട്രേഷന്‍ ഉണ്ടാവണം. അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകള്‍ 15 ദിവസങ്ങള്‍ക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകള്‍ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീര്‍പ്പുകല്‍പ്പിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റേണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് ഈ പദ്ധതി അവസരമാകും. തദ്ദേശ സ്ഥാപനങ്ങളില്‍ ആഗസ്റ്റ് മാസത്തില്‍ വായ്പാ മേളകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
(സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുടെ എഫ് ബി പോസ്റ്റില്‍ നിന്ന്)

ന്യായമായ പലിശയില്‍ പുതു സംരംഭകര്‍ക്ക് വായ്പ ലഭ്യമാവും: ഇ.എസ്. ജോസ്

സംസ്ഥാനത്തിന്റെ സംരംഭക മേഖലയില്‍ പ്രയോജനപ്പെടുന്ന വായ്പ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇനിയും കുറേക്കൂടി സൗജന്യ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കണം.ഇവിടെ ഇടത്തരം ചെറുകിട സംരംഭകര്‍ക്കാണ് വളരാന്‍ ആവശ്യമായ സഹായങ്ങള്‍ വേണ്ടത്. മറ്റ് വന്‍കിടക്കാര്‍ക്ക് അതിന് മറ്റു പല സാധ്യതകളും ഉണ്ട്. ഇവിടെ ടെക്‌നോളജിയിലും മറ്റും പ്രാവീണ്യമുള്ള ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കഴിയണം. അവര്‍ക്ക് കയ്യില്‍ പണമില്ലാത്ത സാഹചര്യമുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. മറ്റ് ബാങ്കുകളും സ്ഥാപനങ്ങളുമൊക്കെ അമിത പലിശ ഈടാക്കുമ്പോള്‍ ന്യായമായ പലിശയില്‍ പുതുസംരംഭകര്‍ക്ക് വായ്പ ലഭിക്കാന്‍ അവസരം ഉണ്ടാകുന്നു.

നാല് ശതമാനം നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത് സംരംഭകര്‍ക്ക് വളരെ ആശ്വാസകരമാണ്. സംരംഭക രംഗത്തേക്ക് വരുന്ന പുതിയ സംരംഭകര്‍ക്ക് നല്ല ആത്മധൈര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള അവസര മാണ് ലഭിക്കുന്നത്. അത് മനസ്സിലാക്കി തന്നെയാണ് നമ്മുടെ വ്യവസായ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്. എല്ലാ മേഖലയിലും പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തി പുതു സംരംഭങ്ങള്‍ ഉണ്ടാവണം. മത്സ്യ വിപണന രംഗത്തും ടൂറിസം രംഗത്തും ഒക്കെ പുതിയ സംരംഭങ്ങള്‍ ഉണ്ടാവണം.

തദ്ദേശ തലങ്ങളില്‍ തന്നെ പല മേഖലകളില്‍ പുതിയ കമ്പനികള്‍ വരണം. ഹോംസ്റ്റേ പോലുള്ള സംരംഭങ്ങള്‍ക്ക് ടൂറിസം രംഗത്ത് വലിയ സാധ്യതകള്‍ ഉണ്ട്. ആ മേഖലകള്‍ എല്ലാം ഡെവലപ്പ് ചെയ്യാന്‍ കഴിയണം. പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളാണ് ഉണ്ടാവേണ്ടത്. അത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം.
(‘എ ടു ഇസഡ് ഗ്രൂപ്പ്’ കമ്പനി ചെയര്‍മാനും കെ എസ് ഐ ഡി സി മുന്‍ ഡയറക്ടറുമാണ്)

പദ്ധതി നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണം: ജോസഫ് കാട്ടേത്ത്

സംസ്ഥാനം വലിയ സാമ്പത്തിക പരാധീനതകള്‍ നേരിടുന്ന കാലമാണ്.കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ചെലവുകള്‍ ഉയരുന്നു. പ്രവാസി പണത്തിന്റെ ഒഴുക്കില്‍ കുറവ് വരുന്നു. ഇവിടെ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടാവുകയും വരുമാനം ഉയരുകയും ചെയ്യണം. മറ്റ് സംസ്ഥാനങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മുന്നേറുമ്പോള്‍ നമുക്ക് അതിന് കഴിയുന്നില്ല. ഇന്ന് വ്യാവസായിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ നിന്ന് അകന്നു എന്നതാണ്.ഇവിടെ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ എത്തണം.അതിന് വ്യാവസായിക അന്തരീക്ഷ വളരാന്‍ ആവശ്യമായ നടപടികള്‍ എല്ലാ ഭാഗങ്ങളിലും നിന്ന് ഉണ്ടാവണം. സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍,പൊതു സമൂഹം എല്ലാവരും അതില്‍ പങ്കാളികള്‍ ആവണം.

വായ്പയ്ക്ക് പലിശ കുറച്ചു കൊണ്ട് സംരംഭകരെ ആകര്‍ഷിക്കുന്നത് നല്ലതു തന്നെ.പദ്ധതി നല്ല രീതിയില്‍ പ്രയോജനം ലഭിക്കുന്നതിന് പരമാവധി പ്രയോജനപ്പെടുത്തണം. നിക്ഷേപം വരണം. സാഹചര്യം കൂടുതല്‍ മെച്ചപ്പെടണം. സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട നടപടികള്‍ക്ക് താമസം നേരിടുന്നത് വിപരീതമാവും. അത് വലിയ പോരായ്മയായി മാറിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായി എന്നത് പ്രധാനമാണ്. ഇനിയും കൂടുതല്‍ നടപടി ആവശ്യമാണ്.എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാവണം.
(സാമ്പത്തിക നിരീക്ഷകനും ഹരിത കര്‍ഷകസംഘം പ്രസിഡന്റുമാണ്)

X
Top