27 Apr 2018
ന്യൂഏജ് ന്യൂസ് കുട്ടികളെ സ്കൂളിലേക്കയച്ച് തിരക്കിട്ട് വീട്ടില്‍ നിന്നിറങ്ങി ഓഫീസിലേക്കുള്ള ബസിലിരിക്കുമ്ബോഴാണ് നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയത്. ദൈവമേ! തിരക്കിനിടെ യൂണിഫോം ഇസ്തിരിയിട്ട ശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാന്‍ മറന്നുവോ. ഓഫാക്കിയിട്ടുണ്ടാകുണ്ടാകുമെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു. ഓഫീസിലെത്തിയിട്ടും ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ അയല്‍വീട്ടിലേക്ക് വിളിച്ച് വീടിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് ഊരിവെക്കാന്‍ പറയേണ്ടിവന്നു ഒരു സ്വസ്ഥത കിട്ടാന്‍. നിത്യജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നാമനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണിവ. നിസാരമെന്ന് തോന്നുമെങ്കിലും നേരിടേണ്ടിവരുമ്പോള്‍ നമ്മെ വല്ലാതെ അലട്ടും ഇത്തരം കാര്യങ്ങള്‍. ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ക്യൂരിയസ് ഫ്ലൈ എന്ന കമ്പനി, സ്മാര്‍ട്ട് സ്വിച്ചുകളുമായി. വീട്ടിലെ സ്വിച്ചുകളെല്ലാം സ്മാര്‍ട്ടാക്കി ആപ്പ് വഴി മൊബൈലുമായി ബന്ധിപ്പിച്ച് ലോകത്ത് എവിടെയിരുന്നും സ്വന്തം വീട്ടകം നിയന്ത്രിക്കാന്‍ തങ്ങളുടെ ഉല്പന്നം സഹായിക്കുമെന്ന് കമ്പനി പറയുന്നു. മൊബൈല്‍ ആപ്പിലൂടെ വീട്ടിലെ ഏതൊക്കെ മുറികളിലെ ഏതെല്ലാം സ്വിച്ചുകള്‍ ഓണ്‍ ആണെന്നും ഓഫാണെന്നുമൊക്കെ അറിയാം. ആവശ്യാനുസരണം ഇവ ലോകത്തെവിടെയിരുന്നും ഓണ്‍/ഓഫ് ആക്കാനും സാധിക്കും. ഒരു പ്രത്യേക ഉപകരണം നിശ്ചിത സമയത്തേക്ക് പ്രവര്‍ത്തിക്കണമെന്ന് വേണമെങ്കില്‍ ആപ്പില്‍ സെറ്റ് ചെയ്ത് വെക്കുകയുമാകാം. രാവിലെ എട്ടിന് ഹീറ്റര്‍ പ്രവര്‍ത്തിക്കണമെന്നോ ഗേറ്റിലെ ലൈറ്റുകള്‍ എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കണമെന്നോ ഒക്കെ ഷെഡ്യൂള്‍ ചെയ്താല്‍ അതാത് സമയത്ത് അവ പ്രവര്‍ത്തിച്ചുകൊള്ളും. വീട്ടിലെ എല്ലാ ഉപകരണങ്ങളും സ്മാര്‍ട്ട് ആക്കി ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യുന്നതിന് പകരം സ്വിച്ചുകളിലൂടെ മാത്രം അതിന്റെ എല്ലാ ഗുണങ്ങളും നല്കുന്ന സംവിധാനമാണ് തങ്ങളുടേതെന്ന് ക്യൂരിസ് ഫ്ലൈയിലെ മിഥുന് പറയുന്നു. 60 വാട്ട് ബള്‍ബ് മുതല്‍ എസിയും വാഷിങ് മെഷീനും വരെയുള്ള എല്ലാ ഉപകരണങ്ങളും ഇതിലൂടെ സ്മാര്‍ട്ടാക്കാം. ഹോം ഓട്ടോമേഷന്‍ രംഗത്ത് ഒരു വിപ്ലവം തന്നെയാകും സ്മാര്‍ട്ട് സ്വിച്ചുകള്‍. നിലവില്‍ വീടുകള്‍ക്ക് ചെയ്യുന്ന വയറിങില്‍ മാറ്റമൊന്നും വരുത്തേണ്ട എന്നു മാത്രമല്ല ടു വേ വയറിങ് പോലുള്ള ഒഴിവാക്കാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത, മിഥുന് കൂട്ടിച്ചേര്‍ത്തു. പ്രധാനമായും മൂന്ന് ഉപകരണങ്ങളാണ് ഈ സ്മാര്‍ട്ട് സ്വിച്ച് സംവിധാനത്തിനുണ്ടാവുക. പരമ്ബരാഗത രീതിയിലുള്ള സ്വിച്ചുകള്‍ക്ക് പകരം വരുന്ന ടച്ച് മൊഡ്യൂളായ ആംബര്‍ സ്വിച്ച്, ടു വേ സ്വിച്ചുകള്‍ക്ക് പകരം എങ്ങോട്ടും മാറ്റിവെക്കാനാകുന്ന ഫ്ലൈ സ്വിച്ച്, വീട്ടിലെ എല്ലാ ആംബറിനെയും ഫ്ലൈ സ്വിച്ചുകളെയും ബന്ധിപ്പിക്കുന്ന മാസ്റ്റര്‍ സ്വിച്ചായ ഹബ് എന്നിവയാണ് അവ. ആംബര്‍ സ്വിച്ച്: പരമ്ബരാഗതമായി വരുന്ന സ്വിച്ചുകള്‍ക്ക് പകരമാണ് ആംബര്‍ സ്വിച്ച് ഉപയോഗിക്കുന്നത്. ഒരു മുറിയില്‍ സാധാരണ ഒരു ആംബറാണ് സ്ഥാപിക്കുക. 12 ഉപകരണങ്ങളുടെ വരെ സ്വിച്ചുകള്‍ ഈ ടച്ച് സ്ക്രീനുമായി ബന്ധിപ്പിക്കാം. കൂടാതെ ഫാന്‍ റെഗുലേറ്ററും ഇതില്‍ ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കും. ആംബറിലെ വലിയ സ്വിച്ചില്‍ ടച്ച് ചെയ്യുന്നതിലൂടെ റൂമിലെ എല്ലാ ഉപകരണങ്ങളും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാനും ഒന്നിച്ച് ഓഫാക്കാനുമാകും. ഇതില്‍ ലോങ് പ്രസ് ചെയ്യുന്നതിലൂടെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നയാള്‍ക്ക് പാനിക് അലേര്‍ട്ട് അയക്കുകയുമാകാം. കുട്ടികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഇതുപകാരപ്പെടും. ഫ്ലൈ സ്വിച്ച്: ബെഡിനടുത്തും മറ്റും നല്കുന്ന ടു വേ സ്വിച്ചുകളുടെ പകരക്കാരനാണ് ഫ്ലൈ സ്വിച്ച്. പേര് സൂചിപ്പിക്കും പോലെത്തന്നെ ഈ കുഞ്ഞന്‍ ഉപകരണം ഇഷ്ടാനുസരണം എങ്ങോട്ടു വേണമെങ്കിലും എടുത്തുമാറ്റാം. ചുവരില്‍ എളുപ്പത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. മൂന്ന് സ്വിച്ചുകളാകും ഒരു ഫ്ലൈയില്‍ ഉണ്ടാവുക. അവ ഉപയോക്താവിന് സൗകര്യപ്രദമായ രീതികളില്‍ അസൈന്‍ ചെയ്യാം. മൊബൈല്‍ ആപ്പ് വഴിയാണ് ഫ്ലൈയിലെ സ്വിച്ചുകളുടെ ധര്‍മം നിശ്ചയിക്കേണ്ടത്. ആവശ്യാനുസരണം മാറ്റുകയുമാകാം. അതാത് റൂമുകളിലെയോ മറ്റു റൂമുകളിലേയോ മൂന്ന് ഉപകരണങ്ങള്‍ ഫ്ലൈയുമായി ബന്ധിപ്പിക്കാം. ഹബ്: വീട്ടിലെ എല്ലാ ആംബര്ഫ്ലൈ സ്വിച്ചുകളെയും കണക്ട് ചെയ്തിട്ടുള്ള മാസ്റ്റര്‍ സ്വിച്ചാണ് ഹബ്. ഇതും പോര്‍ട്ടബിള്‍ ഡിവൈസ് ആണ്. ഒറ്റ ടച്ചിലൂടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഒന്നിച്ച് ഓണാക്കാനും ഓഫാക്കാനും ഹബ് വഴി സാധ്യമാകും. വേണമെങ്കില്‍ ആപ്പ് വഴി ഹബില്‍ ടച്ച് ചെയ്യുബോള്‍ ചില ഉപകരണങ്ങള്‍ മാത്രം (ഉദാ: റെഫ്രിജറേറ്റര്‍) പ്രവര്‍ത്തിക്കുന്ന രീതിയില്‍ സെറ്റ് ചെയ്യുകയുമാകാം. മാസ്റ്റര്‍ സ്വിച്ചെന്നതിലുപരി മൊബൈല്‍ ആപ്പുമായി സംവദിക്കുന്നതിനുള്ള ഉപകരണം കൂടിയാണ് ക്ലൗഡ് ആക്സസുള്ള ഹബ്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് വീടുമുഴുവന്‍ ഇന്റനെറ്റ് കണക്ടിവിറ്റി നല്‍കേണ്ടതില്ല. ഹബിന് മാത്രം കണക്ടിവിറ്റി നല്കിയാല് മതി. 2ജി ഫ്രീക്വന്‍സിയിലുള്ള ലഘുവായ സിഗ്നലില്‍ പോലും ഹബ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഹബിനെ ആംബര്‍, ഫ്ലൈ സ്വിച്ച് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നത് മെഷ് നെറ്റ്വര്‍ക്ക് എന്ന സംവിധാനം വഴിയാണ്. അതിനാല്‍ മറ്റുള്ളവയ്ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമായി വരുന്നില്ല. ഇവ കൂടാതെ, ശബ്ദ നിര്‍ദേശങ്ങള്‍ വഴി ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ആമസോണ്‍ എക്കോയുമായി ഹബിനെ സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. എക്കോയെ ഹബുമായി കണക്ട് ചെയ്ത് ആപ്പില്‍ കമാന്‍ഡുകള്‍ സെറ്റ് ചെയ്യണം. പിന്നീട് 'ടേണ്‍ ഓഫ് ലൈറ്റ്', 'ടേണ്‍ ഓണ്‍ എസി' തുടങ്ങിയ ലഘുനിര്ദേശങ്ങളിലൂടെ തന്നെ ഉപയോക്താവിന് അനായാസം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാം. എഴുന്നേറ്റു പോയി സ്വിച്ചിടാന്‍ പോലും മെനക്കെടേണ്ടെന്നര്ത്ഥം. 2000 സ്ക്വയര്‍ഫീറ്റുള്ള ഒരു വീട്ടില്‍ പൂര്‍ണമായും സ്മാര്‍ട്ട് സ്വിച്ച് സെറ്റ് ചെയ്യാന്‍ ഏതാണ്ട് 1.52 ലക്ഷം രൂപ ചെലവ് വരും. സ്മാര്‍ട്ട് സ്വിച്ചിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ കാക്കനാട് വള്ളത്തോള്‍ നഗറില്‍ ക്യൂരിയസ് ഫ്ലൈ ഒരു ഡെമോ ഹോമും ഒരുക്കിയിട്ടുണ്ട്.