27 Apr 2018
ന്യൂഏജ് ന്യൂസ് ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉൽപാദനം സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2015-16 സാമ്പത്തീക വര്‍ഷം രാജ്യം 11കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചതായി കേന്ദ്ര ഇലക്ട്രോണികിസ്, ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊബൈല്‍ നിര്‍മാണത്തില്‍ 90ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും 2014-15ല്‍ രാജ്യം ആറ് കോടി ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. 2018 അവസാനത്തോടെ രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 1,32,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. 2014-15ല്‍ രാജ്യം 60ദശലക്ഷം ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും 2015-16ല്‍ 110ദശലക്ഷം ഫോണുകള്‍ നിര്‍മിക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ''2015-16 സാമ്പത്തീക വര്‍ഷം രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 54,000കോടി രൂപയായിരുന്നു. 2014-15 സാമ്പത്തീക വര്‍ഷം ഇത് 18,900കോടി രൂപ മാത്രമായിരുന്നു'', മന്ത്രി ചൂണ്ടികാട്ടി. 2017ന്റെ അവസാനം മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 94,000കോടി രൂപയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.