TECHNOLOGY

കുസാറ്റില്‍ ബഹിരാകാശ ഗവേഷണശാല

14 Jul 2014

കൊച്ചി: ബഹിരാകാശ ശാസ്‌ത്ര ഗവേഷണ വിസ്‌മയക്കാഴ്‌ചകളിലേക്ക്‌ കണ്‍തുറക്കാന്‍ കൊച്ചിയിലും അവസരം. കൊച്ചിന്‍ ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല ക്യാംപസില്‍ തയാറാക്കിയ ഐട്രിപ്പിള്‍ഇ ഇ-സെന്‍ഷിയ(IEEE E-Scientia) സംസ്ഥാനത്ത്‌ ഈ മേഖലയിലെ പ്രഥമ ചുവടുവയ്‌പാണ്‌. ഐട്രിപ്പിള്‍ഇ കേരള സെക്ഷന്‍, കൊച്ചി സബ്‌സെക്ഷന്‍, ഐട്രിപ്പിള്‍ഇ അംഗങ്ങളായ കേരളത്തിലെ യുവസംരംഭകര്‍ തുടങ്ങിയവരുടെ സംയുക്‌ത സംരംഭമാണ്‌ ഐട്രിപ്പിള്‍ഇ ഇ-സെന്‍ഷിയ. കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല(CUSAT)യിലെ സെന്റര്‍ ഫോര്‍ സയന്‍സ്‌ ഇന്‍ സൊസൈറ്റി(C-SIS)യുമായി സഹകരിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ അസുലഭ അവസരം ഒരുക്കിയത്‌. ബഹിരാകാശ വാഹനത്തല്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനും ഈ ബഹിരാകാശ കേന്ദ്ര മാതൃകയില്‍ സംവിധാനമുണ്ട്‌. ഇന്ധനം നിറയ്‌ക്കുന്നതിനും, ആകസ്‌മികമായുണ്ടാകുന്ന വ്യതിയാനങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിനും വഴിയുണ്ട്‌. കേന്ദ്രത്തിനകത്തെത്തുന്നവര്‍തന്നെ വികസിപ്പിച്ചെടുക്കുന്ന ഇലക്‌ട്രോണിക്ക്‌ സര്‍ക്ക്യൂട്ട്‌ ഉപയോഗിച്ച്‌ പേടകത്തിന്റെ പ്രവര്‍ത്തനം വീണ്ടും സാധാരണ നിലയില്‍ എത്തിക്കാനും ശ്രമിക്കാം. വിദ്യാര്‍ത്ഥികളെയാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും മറ്റു സന്ദര്‍ശകര്‍ക്കും ഇ-സെന്‍ഷിയയുടെ ബഹിരാകാശ ശാസ്‌ത്ര വിസ്‌മയത്തില്‍ പങ്കുചേരാം. ശാസ്‌ത്ര സാങ്കേതിക മേഖലയിലെ ആശയങ്ങളെ മള്‍ട്ടിമീഡിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ നേരിടാന്‍ സാഹചര്യമൊരുക്കുകമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. എന്‍ജിനീയറിംഗ്‌, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധവും താല്‍പര്യവും വളര്‍ത്തുകയാണ്‌ ഇ-സെന്‍ഷിയയുടെ പ്രാഥമിക ലക്ഷ്യം. അദ്ധ്യാപകര്‍ക്കും പ്രാദേശിക ജനസമൂഹത്തിനും ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ സാമാന്യ വിവരങ്ങള്‍ കൈമാറാനും ഇ-സെന്‍ഷിയയ്‌ക്ക്‌ കഴിയും. 2010 ഉറുഗ്വേയിലാണ്‌ ഐട്രിപ്പിള്‍ഇ ഇ-സെന്‍ഷിയ ആദ്യപതിപ്പ്‌ പ്രദര്‍ശനത്തിന്‌ തയ്യാറായത്‌. പിന്നീട്‌ ഹൈദരാബാദിലെ ബി.എം.ബിര്‍ലാ സയന്‍സ്‌ സെന്ററിലും ചൈനയിലെ ഷാംഗ്‌ഹായ്‌ ഇന്റര്‍നാഷനല്‍ സയന്‍സ്‌ ടെക്‌ എക്‌സ്‌ചേഞ്ച്‌ സെന്ററിലും ഇ-സെന്‍ഷിയ സ്ഥാപിച്ചു. ഒടുവില്‍ തീര്‍ത്തും സ്വതന്ത്രമായി തയ്യാറാക്കിയ ഇ-സെന്‍ഷിയയാണ്‌ കുസാറ്റില്‍ ഒരുങ്ങിയത്‌. 16നു ബുധനാഴ്‌ച ഐട്രിപ്പിള്‍ഇ ആഗോള തലവന്‍ ഡോ. മോഷേ ക്യാം ഇ-സെന്‍ഷിയയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിക്കും. കുസാറ്റ്‌ പ്രോ. വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. പൗലോസ്‌ ജേക്കബ്‌, കുസാറ്റ്‌ സെന്റര്‍ ഫോര്‍ സയന്‍സ്‌ ഇന്‍ സൊസൈറ്റി ഡയറക്‌ടര്‍ ഡോ.കെ.ജി.നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്