21 Feb 2018
2018 ഓട്ടോ എക്സ്പോയ്ക്ക് തിരശ്ശീല വീണെങ്കിലും ടാറ്റ അവതരിപ്പിച്ച രണ്ടു കോണ്‍സെപ്റ്റ് മോഡലുകള്‍ വാഹനലോകത്ത് ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ടാറ്റയുടെ പുതിയ ഹാച്ച്ബാക്കും എസ്യുവിയും എന്നു വരുമെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തി തുടങ്ങി. കാഴ്ചവെക്കുന്ന കോണ്‍സെപ്റ്റുകളെ ടാറ്റ യാഥാര്‍ത്ഥ്യമാക്കുമെന്ന അടിയുറച്ച വിശ്വാസം വിപണിയ്ക്കുണ്ട്; പുതിയ കാറുകള്‍ക്കായി വിപണി കാത്തിരിക്കുകയാണ്.എന്നാല്‍ ഹാച്ച്ബാക്കിലും എസ്യുവിയിലും ടാറ്റയുടെ കോണ്‍സെപ്റ്റ് നിര അവസാനിച്ചിട്ടില്ല. പുത്തന്‍ ഒരു ടാറ്റ സെഡാന് കൂടി വരാനുണ്ട്. ഇക്കാര്യം ടാറ്റ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. നടക്കാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ടാറ്റ സെഡാന് അവതരിക്കും. ഹോണ്ട സിറ്റിയ്ക്ക് എതിരെ ടാറ്റ അണിനിരത്തുന്ന സെഡാന്റെ ടീസര്‍ വാഹനലോകത്ത് കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു.ടാറ്റയുടെ അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ പ്ലാറ്റ്ഫോമിലാണ് പുതിയ സെഡാന്റെ ഒരുക്കം. ചര്‍ച്ചകളില്‍ നിറഞ്ഞു നില്ക്കുന്ന 45ത ഹാച്ച്ബാക്കും ഇതേ അടിത്തറയില്‍ നിന്നുമാണ് വന്നത്.ടാറ്റയുടെ പുതിയ ഡിസൈന്‍ ഭാഷയ്ക്കുള്ള ആമുഖം കൂടിയാണ് പുതിയ കോണ്‍സെപ്റ്റ് മോഡലുകള്‍. ഭാവി ഡിസൈനിലാണ് ടാറ്റ അവതരിപ്പിച്ച രണ്ടു കോണ്‍സെപ്റ്റുകളും. ഇനി എത്താനിരിക്കുന്ന പുതിയ സെഡാനും ഇതേ ഡിസൈന്‍ ശൈലിയാകും പിന്തുടരുക. ടാറ്റയുടെ പുതിയ ഡിസൈന്‍ ഭാഷ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഒട്ടും പിന്നില്‍ അല്ലെന്ന് ഓട്ടോ എക്സ്പോയില്‍ തെളിയക്കപ്പെട്ടതാണ്.വലിയ വീലുകള്‍, ഊതിപെരുപ്പിച്ച വീല്‍ ആര്‍ച്ചുകള്‍, ഭീമന് ഫെന്‍ഡറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ. പുതിയ സെഡാനിലും ഇതെല്ലാം പ്രതീക്ഷിക്കാം. അതേസമയം നെക്സോണില്‍ തുടക്കം കുറിച്ച ഹ്യുമാനിറ്റി ലൈന്‍ കോണ്‍സെപ്റ്റ് മോഡലുകളിലും കണ്ടുവരുന്നുണ്ട്. ഗ്രില്ലിനും ഹെഡ്ലൈറ്റുകള്‍ക്കും താഴെ ഒരുങ്ങുന്ന വെള്ള വരയാണ് 'ഹ്യുമാനിറ്റി ലൈന്‍'.ഒരുപക്ഷെ വരുംഭാവിയില്‍ ടാറ്റയുടെ മുഖമുദ്രയായി ഹ്യുമാനിറ്റി ലൈന്‍ മാറിയേക്കാം. പുതിയ സെഡാനില്‍ വിശാലമായ അകത്തളം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.