16 Mar 2018
കൊച്ചി : ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് യു.പി.ഐ. മുഖേന പണമടക്കല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്കും ബി.എസ്.എന്‍.എല്ലും ധാരണയായി. ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ബി.എസ്.എന്‍.എല്‍. വെബ്സൈറ്റിലൂടെ ഫെഡറല്‍ ബാങ്കിന്റെ പിന്തുണയോടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് എന്ന യു.പി.ഐ. സംവിധാനം ഉപയോഗിച്ച് തങ്ങളുടെ ബില്ലുകളടക്കുകയും മൊബൈല്‍ റീചാര്‍ജു നടത്തുകയും ചെയ്യാം. ഉപഭോക്താവിന്റെ ഏത് യു.പി.ഐ. ആപ്പ് ഉപയോഗിച്ചും ഇതു ചെയ്യാനാവും. ഇതിനായി യു.പി.ഐ. വെര്‍ച്വല്‍ പെയ്മെന്റ് വിലാസം ഉണ്ടായിരിക്കണം എന്നു മാത്രം. ഈ വിലാസം ഇല്ലാത്തവര്‍ക്ക് ഭീം ലോട്ട്സ യു.പി.ഐ. ആപ്പോ മറ്റേതെങ്കിലും യു.പി.ഐ. പി.എസ്.പി. ആപ്പോ ഉപയോഗിച്ച് ഇതു നേടുകയും ചെയ്യാം.
ഉപഭോക്താക്കള്‍ക്ക് www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ബി.എസ്.എന്‍.എല്ലിന് ആവശ്യമായ വിവരങ്ങള്‍ നല്കിയ ശേഷം താല്‍പ്പര്യമുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിനായി ലാന്‍ഡ് ലൈന്‍, മൊബൈല്‍, റീചാര്‍ജ് തുടങ്ങിയവയില്‍ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കുകയും പണമടക്കേണ്ട രീതികളില്‍ നിന്ന് യു.പി.ഐ. തെരഞ്ഞെടുക്കുകയും വേണം. ഇതിനു ശേഷം ഫെഡറല്‍ ബാങ്ക് തെരഞ്ഞെടുത്ത് വെര്‍ച്വല്‍ പെയ്മെന്റ് വിലാസം നല്‍കുകയും തുടരുകയും ചെയ്യാം. മൊബൈലില്‍ വെര്‍ച്വല്‍ പെയ്മെന്റ് വിലാസവുമായി ബന്ധപ്പെട്ട യു.പി.ഐ. ആപ്പ് തുറക്കുകയും റിക്വസ്റ്റ് നോട്ടിഫിക്കേഷന്‍ സ്വീകരിക്കാനുള്ള ഭാഗത്തു ക്ലിക്കു ചെയ്യുകയും യു.പി.ഐ. പിന് ഉപയോഗിച്ച് പണമടക്കല്‍ നടത്തുകയും ചെയ്യാം. ഇടപാട് പൂര്‍ണ്ണമാക്കാന്‍ വെബ്സൈറ്റില്‍ തുടരാനായുള്ള ഭാഗത്തു ക്ലിക്കു ചെയ്യുകയും രസീത് നേടുകയും ചെയ്യാം.
വ്യക്തികള്‍ തമ്മിലും (P2P) വ്യക്തികളില്‍ നിന്നു വ്യാപാരികളിലേക്കും (P2M) ഉള്ള പണമിടപാടുകള്‍ സുഖമമായി നടത്താന്‍ യു.പി.ഐ അവസരമൊരുക്കുന്നു. ഈ സൗകര്യം നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങളോ കാര്‍ഡ് വിവരങ്ങളോ ഓര്‍ത്തു വെക്കാതെ തന്നെ പണമടക്കല്‍ നടത്താനാവും. വിവിധ പണമടക്കല്‍ പോര്‍ട്ടലുകളില്‍ സി.വി.വി., ഒ.ടി.പി., കാര്‍ഡ് നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തേണ്ട ആവശ്യം ഇല്ലാതാക്കുന്നതു മൂലം കൂടുതല്‍ സുരക്ഷിതവും വേഗതയേറിയതുമാണ് യു.പി.ഐ. പണമടക്കല്‍ രീതി.