08 Nov 2019
ന്യൂഏജ് ന്യൂസ്, വാഷിങ്ടൻ: എച്ച് -1 ബി വർക്ക് വീസയ്ക്കുള്ള അപേക്ഷാ ഫീസ് 10 ഡോളറായി വർധിപ്പിക്കുമെന്ന് യുഎസ്. പുതുക്കിയ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായാണിത്. ഇത് ഡിസംബർ 9 മുതൽ പ്രാബല്യത്തിൽ വരും. വീസയ്ക്കായുള്ള തിരഞ്ഞെടുപ്പു പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനായി ഇലക്ട്രോണിക് റജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്താനാണ് ഈ നോൺ റീഫണ്ടബിൾ ഫീസ്.
ഇത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ എച്ച് -1 ബി ക്യാപ് സെലക്ഷൻ പ്രക്രിയ നടപ്പിലാക്കാൻ സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ആക്ടിംഗ് ഡയറക്ടർ കെൻ കുച്ചിനെല്ലി പറഞ്ഞു. തട്ടിപ്പ് തടയുന്നതിനും സൂക്ഷ്മ പരിശോധനാ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇമിഗ്രേഷൻ സംവിധാനം നവീകരിക്കുന്നതിനുമുള്ള സംരംഭത്തിന്റെ ഭാഗമായാണ് പുതിയ ഇലക്ട്രോണിക് സംവിധാനം– അദ്ദേഹം പറഞ്ഞു.
എച്ച് -1 ബി വീസ അമേരിക്കൻ ഐക്യനാടുകളിലെ കമ്പനികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അനുവദിക്കുന്നതാണ്. ഇലക്ട്രോണിക് റജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയ ശേഷം, എച്ച് -1 ബി ക്യാപ് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരു നിശ്ചിത റജിസ്ട്രേഷൻ കാലയളവിൽ യുഎസ്സിഐഎസിൽ ഇലക്ട്രോണിക് റജിസ്ട്രേഷൻ നടത്തണം.
2021 സാമ്പത്തിക വർഷത്തേക്കുള്ള റജിസ്ട്രേഷൻ പ്രക്രിയ നടപ്പിലാക്കാൻ ഫെഡറൽ ഏജൻസി തീരുമാനിച്ചു. പ്രക്രിയയുടെ പൂർണ്ണ പരിശോധന തീർച്ചപ്പെടുത്തിയിട്ടില്ല. ഔപചാരിക തീരുമാനം എടുത്തുകഴിഞ്ഞാൽ നടപ്പാക്കൽ സമയപരിധിയും പ്രാരംഭ റജിസ്ട്രേഷൻ കാലാവധിയും പ്രഖ്യാപിക്കും.
Content Highlights: $10 Non-refundable Fee Hike for H1-B Visa Registration from December 9, Announces US