Newage News
12 Feb 2021
വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം നടപ്പാക്കുന്നതോടെ കര്‍ണാടകത്തില്‍ 63 ലക്ഷം വാഹനങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 22 ലക്ഷം വാഹനങ്ങളും ബംഗളൂരുവിലാണെന്നും പൊളിച്ചുമാറ്റേണ്ടിവരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 40.2 ലക്ഷം ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ പൊളിക്കേണ്ടതായി വരും. ഇത് 12.5 ലക്ഷം ഇരുചക്ര വാഹനങ്ങളും ബംഗളൂരുവിലാണ്. പിന്നെ ഏറ്റവുംകൂടുതലുള്ളത് കാറുകളാണ്. സംസ്ഥാനത്ത് 11 ലക്ഷവും ബെംഗളൂരുവില്‍ 5.3 ലക്ഷം കാറുകളുമാണ് പൊളിക്കേണ്ടിവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ മാത്രം 1.2 ലക്ഷം ഓട്ടോറിക്ഷകളും പൊളിച്ചുമാറ്റണമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.