FINANCE

ഐപിഓ വിപണി സജീവമാകുന്നു; ആദ്യ പൊതു വിൽപനയ്ക്ക് തയാറെടുക്കുന്നത് എഴുപതോളം കമ്പനികൾ

Newage News

27 Nov 2020

കൊച്ചി: ഓഹരി വിപണിയിലെ മുന്നേറ്റത്തിന്റെ കരുത്തിൽ ഐപിഒ വിപണിയും സജീവമാകാൻപോകുന്നു. ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടത്താൻ തയാറെടുക്കുന്നത് എഴുപതോളം കമ്പനികളാണ്. കേരളത്തിൽനിന്നുള്ള ഏതാനും കമ്പനികളും മൂലധന സമാഹരണത്തിന് ഐപിഒ വിപണിയിൽ എത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികരംഗത്ത് അനുഭവപ്പെട്ട മാന്ദ്യം മൂലം പല കമ്പനികളും ഐപിഒ വിപണിയിലെത്തുന്നതിനുള്ള തയാറെടുപ്പുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ ഉണർവിന്റെ പശ്ചാത്തലത്തിലാണ് ഇവ ഒരുക്കങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്.

വിപണിയിലെ വലിയ അളവിലുള്ള പണ ലഭ്യതയാണു കമ്പനികളെ ഐപിഒ മാർഗം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ബാങ്ക് നിക്ഷേപം, കടപ്പത്രങ്ങൾ തുടങ്ങി സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്ന ഉപാധികൾ പലിശക്കുറവു മൂലം അനാകർഷകമായതോടെ നിക്ഷേപകർക്ക് ഓഹരികളോടുള്ള ആഭിമുഖ്യം വർധിച്ചിരിക്കുന്നതും അനുകൂലാവസ്ഥയായി കമ്പനികൾ കാണുന്നു. സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റിങ്ങിന് അവസരം ലഭിക്കുന്നു എന്നതും കമ്പനികൾക്ക് അനുകൂല ഘടകമാണ്. കമ്പനികളുടെ നിലയും വിലയും മെച്ചപ്പെടാൻ ലിസ്റ്റിങ് സഹായകമാകുന്നു.

ഐപിഒ ഒരുക്കത്തിലുള്ള കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി), നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) എന്നിവ പോലുമുണ്ട്. നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡെക്സ്), ബർജർ കിങ് ഇന്ത്യ, ബജാജ് എനർജി, ഏപ്പീജെ സുരേന്ദ്ര പാർക് ഹോട്ടൽസ്, സൊമാട്ടോ, സാംഹി ഹോട്ടൽസ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, റെയിൽടെൽ കോർപറേഷൻ തുടങ്ങിയവയും ഓഹരികളുടെ ആദ്യ പൊതുവിൽപനയ്ക്കുള്ള ഒരുക്കത്തിലാണ്.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽനിന്ന് ഐപിഒ അനുമതി നേടിക്കഴിഞ്ഞ കമ്പനികളിൽ കേരളത്തിൽനിന്നു രണ്ടു കമ്പനികളാണുള്ളത്: കല്യാൺ ജ്വല്ലേഴ്സും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. തൃശൂർ ആസ്ഥാനമായുള്ള രണ്ടു കമ്പനികളുടെയും ഐപിഒ ഏതാനും ആഴ്ചകൾക്കുള്ളിലുണ്ടാകുമെന്നാണു സൂചന.  ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും സ്വർണാഭരണ വിപണിയിൽ വ്യാപക സാന്നിധ്യമുള്ള കല്യാൺ ജ്വല്ലേഴ്സിന് ഐപിഒവഴി 1750 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ജ്വല്ലറി വ്യവസായത്തിൽനിന്നുള്ള ഐപിഒ. കേരളത്തിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന ആദ്യ ജ്വല്ലറിയാണു വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബഗ് പിൻകസിനു വൻ നിക്ഷേപമുള്ള കല്യാൺ.

മൈക്രോഫിനാൻസ് രംഗത്തെ മാതൃകാസ്ഥാപനമായി കെ.പോൾ തോമസ് ആരംഭിച്ച കമ്പനിയാണു 40 ലക്ഷത്തോളം ഇടപാടുകാരുള്ള ഇസാഫ് ബാങ്കായി മാറിയത്. ഐപിഒ റിസർവ് ബാങ്കിന്റെ ലിസ്റ്റിങ് നിബന്ധന പാലിക്കുന്നതിന്റെ ഭാഗമായാണ്. ഭാവിയിലെ മൂലധനാവശ്യങ്ങൾ കണക്കിലെടുത്തു 976.2 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.  

സമീപഭാവിയിൽത്തന്നെ ഐപിഒ വിപണിയിലെത്താൻ കേരളത്തിൽനിന്നു രണ്ടു കമ്പനികൾ കൂടി തയാറെടുക്കുന്നുണ്ട്: കൊശമറ്റം ഫിനാൻസും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സും.

ഒരു ഡസൻ കമ്പനികൾ ഈ വർഷം ഐപിഒ വിപണിയിലെത്തുകയും 24,963 കോടി രൂപ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. വർഷാവസാനത്തിന് ഒരു മാസം കൂടി ബാക്കിനിൽക്കെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 16 കമ്പനികൾ വിപണിയിലെത്തിയെങ്കിലും സമാഹരിച്ചതു 12,363 കോടി മാത്രം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story