TECHNOLOGY

ചന്ദ്രയാൻ–2 പേടകം ആദ്യ ഭ്രമണപഥത്തിൽ എത്തിയതോടെ അടുത്ത ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഓ; സൂര്യനെ പഠിക്കുവാനുള്ള 'ആദിത്യാ' പദ്ധതിക്ക് ‘ബാഹുബലി’ സജ്ജം, വിക്ഷേപണം 2020ൽ

23 Jul 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ ചന്ദ്രയാൻ–2 പേടകം ഭ്രമണപഥത്തിൽ എത്തിയതോടെ അടുത്ത ചർച്ചകളിൽ മുഴുവൻ സൂര്യനാണ്. ആദിത്യ അഥവാ ആദിത്യ എൽ1, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൗരദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 2020 ൽ ആദിത്യ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 400 കിലോ ഭാരമുള്ള ഉപഗ്രഹം വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി)എന്ന പേലോഡുമായാണ് ദൗത്യത്തിൽ പങ്കെടുക്കുക. വൻ ഭാരം വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് ടെക്നോളജി വിജയിച്ചതോടെ ഇന്ത്യയുടെ ഭാവി പദ്ധതികൾ എളുപ്പത്തിലാകും. ചന്ദ്രയാൻ–2 ന്റെ ജിഎസ്എല്‍വി ദൗത്യം പ്രതീക്ഷിച്ചതിലും വൻ വിജയമായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ബാഹുബലി റോക്കറ്റിൽ ഇനി ഇന്ത്യയുടെ സ്വപ്ന പദ്ധതികൾ അതിവേഗം പറ പറക്കും.

ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആദിത്യ -എൽ 1 എന്ന പേരിലാണ് ഇപ്പോൾ ഇന്ത്യയുടെ സൂര്യദൗത്യം അറിയപ്പെടുന്നത്.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ-1. വിശദമായ പഠനങ്ങൾക്കായി ആറ് പേലോഡുകളാണ് ദൗത്യത്തിലുണ്ടാവുക. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി-എക്സ്എൽ റോക്കറ്റാണ് ആദിത്യയെ സൂര്യനു സമീപമെത്തിക്കുക.

സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള (കൊറോണ) പഠനമാണ് ആദിത്യയുടെ മുഖ്യലക്ഷ്യം. സൂര്യന്റെ കേന്ദ്രബിന്ദുവായ ഫോട്ടോസ്ഫിയറിനേക്കാൾ കൂടുതലാണ് അവിടെ താപനില. എങ്ങനെ ഇത്രയും ഉയർന്ന താപനിലയിലെത്തിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്.

ഇതിനു പുറമെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. സൂര്യനിൽ നിന്ന് ഉദ്ഭവിച്ച് എൽ-ഒന്നിൽ എത്തുന്ന കണങ്ങളെക്കുറിച്ചുള്ള പഠനം നടത്താനുള്ള ഉപകരണങ്ങളും ആദിത്യയിലുണ്ട്. എൽ ഒന്നിനു ചുറ്റുമുള്ള ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖലയുടെ ശക്തി അറിയാനുള്ള മാഗ്നറ്റിക് മീറ്ററും പേ ലോഡുകളുടെ കൂട്ടത്തിലുണ്ടാകും.


ആദിത്യയിലുള്ളത് എന്ത്? 

  • വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി)-സോളർ കൊറോണയെക്കുറിച്ചുള്ള പഠനം.
  • സോളർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് (എസ്‌യുഐടി)-സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണം.
  • ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ആസ്പെക്സ്)-സൗരവാതത്തിന്റെ പ്രത്യേകതകളുടെ പഠനം.
  • പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ)–സൗരവാതത്തിന്റെ ഘടനയെക്കുറിച്ചും ഊർജവിതരണത്തെക്കുറിച്ചുമുള്ള പഠനം.
  • സോളർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്ഒഎൽഇഎക്സ്എസ്)-സോളർ കൊറോണയുടെ താപനിലയെക്കുറിച്ചുള്ള പഠനം.
  • ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ-സോളർ കൊറോണയിലെ ഊർജവിനിയോഗത്തെക്കുറിച്ചുള്ള പഠനം
  • മാഗ്നറ്റോമീറ്റർ-സൗരകാന്തികമേഖലയെക്കുറിച്ചുള്ള പഠനം.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്