FINANCE

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനോട് കേരളാ ബാങ്കുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

10 Dec 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ കേരള ബാങ്കിനോടു സഹകരിക്കാൻ വിസമ്മതിച്ചു നിൽക്കുന്ന ഏക ബാങ്കായ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനോട് പരസ്യമായി സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നിങ്ങളുടെ ആശങ്കകൾ മന്ത്രിയുമായി ചർച്ച ചെയ്യുക. എന്നിട്ടും പരിഹാരമായില്ലെങ്കിൽ എപ്പോഴും ചർച്ച ചെയ്യാൻ ഞാൻ തയാറാണ്. ഇത് ഒരു പരസ്യ അഭ്യർഥനയായി കാണണം’– കേരള ബാങ്ക് രൂപീകരണത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സഹകരണ ബാങ്കുകൾ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമായി മാറണം. ഒരു തദ്ദേശ സ്ഥാപനത്തിനു കീഴിൽ രണ്ടും മൂന്നും ബാങ്കുകൾ പ്രവർത്തിക്കുന്നതാണ് ഇതിനു തടസ്സം. ഒരു പഞ്ചായത്തിൽ ഒരു ബാങ്കെന്ന തരത്തിൽ മാറ്റം വന്നാൽ  പരിഹാരമാകും.  പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി വൈകാതെ റിസർവ് ബാങ്കിൽ നിന്നു ലഭിക്കും. വിദേശത്തു നിന്നു നേരിട്ട് കേരള ബാങ്കിലേക്കു പണമയയ്ക്കാനും കഴിയും.

മാർച്ച് 31ന് മുൻപ് 5,000 കോടി രൂപ ഹ്രസ്വകാല കൃഷിവായ്പയായി കേരള ബാങ്ക് നൽകും. കൃഷിവായ്പയുടെ പലിശയിൽ ഒരു ശതമാനം കുറവു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി കേരള ബാങ്കിൽ ചേർക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാർ സമർപ്പിച്ച നിവേദനവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, മേയർ കെ. ശ്രീകുമാർ, എംഎൽഎമാരായ വി.കെ. പ്രശാന്ത്, വി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ റാണി ജോർജ്, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം റജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story