Newage News
17 Apr 2020
ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് അക്കൗണ്ട് വാലിഡിറ്റി മെയ് മൂന്ന് വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിനെ തുടര്‍ന്നാണിത്. നേരത്തെ ഇരു കമ്പനികളും ഉപയോക്താക്കള്‍ക്ക് 10 രൂപ ടോക് ടൈമും ഏപ്രില്‍ 17 വരെ വാലിഡിറ്റിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇരു കമ്പനികളും ഉപയോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ വാലിഡിറ്റി നീട്ടി നല്‍കിയിരിക്കുകയാണ്. കുറഞ്ഞ വരുമാനമുള്ള ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് വാലിഡിറ്റി നീട്ടി നല്‍കുന്നത്.
മൂന്ന് കോടിയോളം വരുന്ന ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് തങ്ങളുടെ മൊബൈല്‍ നമ്പറില്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഈ ഉപയോക്താക്കളെ സഹായിക്കാന്‍ പ്രീപെയ്ഡ് അക്കൗണ്ട് വാലിഡിറ്റി 2020 മെയ് മൂന്ന് വരെ നീട്ടുകയാണെന്നും എയര്‍ടെല്‍ പറഞ്ഞു. ഇതുവഴി മെയ് മൂന്നിന് മുമ്പ് പ്ലാന്‍ വാലിഡിറ്റി കഴിഞ്ഞ ഉപയോക്താക്കള്‍ക്ക് ചിലവില്ലാതെ തന്നെ അധിക വാലിഡിറ്റി ലഭിക്കും.
ഫീച്ചര്‍ഫോണുകള്‍ ഉപയോഗിക്കുന്ന വരുമാനം കുറഞ്ഞ ഒമ്പത് കോടി ജനതയ്ക്കാണ് വാലിഡിറ്റി നീട്ടി നല്‍കുകയെന്ന് വോഡഫോണ്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയതിനാല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഇന്‍കമിങ് കോള്‍ സൗകര്യം നീട്ടി നല്‍കണമെന്ന് നേരത്തെ ട്രായ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Airtel and Vodafone Idea Extended Free Incoming Calling Facility Till May 3