Newage News
30 Oct 2020
മുംബൈ: നിരക്കു വര്‍ധനവിന്റെ ചര്‍ച്ചകളാണ് ടെലികോം മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്. കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എയര്‍ടെല്‍. ഭാരതി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍(സിഇഒ) ഗോപാല്‍ വിത്തല്‍ ആണ് ഇത് സബന്ധിച്ച് പുതിയ പ്രസ്താവന നടത്തിയിട്ടുള്ളത്. നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നും വിത്തല്‍ വ്യക്തമാക്കി.
വോഡഫോണ്‍ഐഡിയ – വി, എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഏതാനും മാസം മുന്‍പും നിരക്കു വര്‍ധനയെന്ന ആവശ്യമുയര്‍ത്തിയിരുന്നു. ഇവര്‍ പങ്കാളികളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ട്രായിക്ക് മുന്നില്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്. എന്നാല്‍ റിലയന്‍സ് ജിയോ തല്ക്കാലം നിരക്ക് വര്‍ധന വേണ്ടെന്ന നിലപാടിലാണെന്നതിനാല് ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായാണ് അറിയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ വി, എയര്‍ടെല്‍ എന്നിവര്‍ 25 മുതല്‍ 39 ശതമാനം വരെ നിരക്കു വര്‍ധിപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഡേറ്റ ഉപയോഗവും മൊബൈല്‍ കോളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട് വന്നിട്ടുള്ളത്. എയര്‍ടെലിന് കഴിഞ്ഞ പാദത്തില്‍ 4 ജി ഉപയോക്താക്കളെ ലഭിച്ചിട്ടുണ്ട്. വരുമാനവും 25 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനി നഷ്ടത്തിലാണെന്നത് നിരക്ക് കൂട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.