Newage News
26 Nov 2020
പുതിയ ക്രോസ്ഓവർ എസ്യുവി മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹ്യുണ്ടായി. അടുത്ത വർഷം ആദ്യപകുതിയോടെ യൂറോപ്യൻ വിപണിയിലെത്തുന്ന മോഡൽ ബയോൺ എന്നാകും അറിയപ്പെടുക. ബി-സെഗ്മെന്റ് എസ്യുവി ശ്രേണിയിലേക്ക് സ്ഥാനം പിടിച്ചിരിക്കുന്ന ഒരു പുതിയ മോഡലായിരിക്കും ബയോൺ എന്ന് കൊറിയൻ ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തങ്ങളുടെ എസ്യുവി ഉൽപ്പന്ന തന്ത്രം ആക്രമണാത്മകമാക്കുന്നതിന്റെ ഭാഗമാണീ പുതിയ ഉൽപ്പന്നം. യൂറോപ്യൻ വിപണികളിൽ ഇതിനകം തന്നെ അരങ്ങുവാഴുന്ന കോന, ട്യൂസോൺ, നെക്സോ, സാന്റാ ഫെ എന്നീ ഹ്യുണ്ടായി എസ്യുവി നിരയിലേക്ക് എത്തുന്ന എൻട്രി ലെവൽ മോഡലായിരിക്കും ഇത്. നിലവിൽ ഹ്യുണ്ടായി അതിന്റെ പേരും ടൈംലൈനും മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. എസ്യുവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഹ്യുണ്ടായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറുള്ള ബയോൺ നഗരത്തിന്റെ പേരാണ് പുതിയ എസ്യുവിക്ക് ഹ്യുണ്ടായി സമ്മാനിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രാഥമികമായി ഒരു യൂറോപ്യൻ ഉൽപ്പന്നമായതിനാലാണ് ഒരു യൂറോപ്യൻ നഗരത്തിന്റെ പേരിടാൻ കമ്പനി തീരുമാനിച്ചത്.
പുതിയ ഹ്യുണ്ടായി ബയോൺ കോംപാക്ട് ക്രോസ്ഓവർ ഇതിനകം തന്നെ യൂറോപ്പിൽ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. 2021 ന്റെ തുടക്കത്തിൽ ഇത് സമാരംഭിക്കുമെന്നാണ് സൂചന. യൂറോപ്യൻ മോഡലിന് 4.04 മീറ്റർ നീളമുള്ളതിനാൽ പുതിയ i20-യുടെ പ്ലാറ്റ്ഫോം ഇത് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ക്രോസ്ഓവറിന്റെ ഡിസൈൻ വിശദാംശങ്ങൾ രഹസ്യമായി തുടരുന്നു. എന്നിരുന്നാലും i20 അല്ലെങ്കിൽ വെന്യുവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്ത ആകൃതിയിലുള്ള ലൈറ്റുകളാണ് ആദ്യ ടീസർ ചിത്രത്തിൽ കാണിക്കുന്നത്. സിഗ്നേച്ചർ കാസ്കേഡിംഗ് ഫ്രണ്ട് ഗ്രിൽ, എൽഇഡി സിഗ്നേച്ചർ ഹെഡ്ലാമ്പുകൾ, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ട്രങ്ക് ലിഡിൽ വളരെ വിശാലമായ ചുവന്ന വരയും ടീസറിൽ കാണിക്കുന്നുണ്ട്. വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് കാര്യമായ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ബി-സെഗ്മെന്റിലെ എൻട്രി ലെവൽ വാഹനമായതിനാൽ എസ്യുവിക്ക് 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ 4 സിലിണ്ടർ NA പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം.