Newage News
27 Feb 2020
ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ വന്നുകൊണ്ടിരിക്കെ, പ്രധാന കച്ചവടക്കാരായ സ്വിഗിക്കും സൊമാറ്റോയ്ക്കും കനത്ത വെല്ലുവിളിയുമായി ആമസോണും. ബെംഗളൂരുവിലാണ് ആമസോണ്‍ ആദ്യത്തെ ചുവടുവെയ്പ്പ് നടത്തുന്നത്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് സ്വിഗിയും സൊമാറ്റോയും ഇളവുകള്‍ വെട്ടിച്ചുരുക്കുകയും വില നിലവാരം പുതുക്കുകയും ചെയ്തപ്പോഴാണ് ആമസോണിന്റെ കടന്നുവരവ്.
ഞങ്ങള്‍ സമയത്തെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും മാര്‍ക്കറ്റില്‍ അവസാനമെത്തിയാലും ഒന്നാമതാവാന്‍ കഴിയുമെന്നത് ഉറപ്പാണെന്നും ആമസോണിന്റെ നിക്ഷേപകരിലൊരാള്‍ പറഞ്ഞു.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തിയും ആമസോണ്‍ ഇന്ത്യയും സംയുക്തമായി ആരംഭിക്കുന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ഭക്ഷണശാലകളുമായി കരാറിലെത്തിയിരിക്കുന്നത്. 10- 15 ശതമാനം കമ്മിഷന് വാങ്ങിയാവും ഭക്ഷണ വിതരണമെന്നാണ് വിവരം.
സൊമാറ്റോയും സ്വിഗിയും തങ്ങളുടെ പങ്കാളികളായ റെസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മിഷന്റെ പകുതി മാത്രമാണ് ആമസോണ്‍ ഈടാക്കുന്നത്.