TECHNOLOGY

ആപ്പിൾ ഐഒഎസ് 13 പുറത്തിറങ്ങി; ഇത് നിങ്ങളെ അടിമകളാക്കുമെന്ന് തീർച്ച

04 Jun 2019

ന്യൂഏജ് ന്യൂസ്, ഐഒഎസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിൾ. സോഫ്റ്റ്‌വെയറിന്റെ ഒഴുക്കും ഹാര്‍ഡ്‌വെയറിന്റെ ശക്തിയും സമ്മേളിപ്പിക്കുന്ന പുതിയ അനുഭവം തരുമെന്ന് അവകാശപ്പെടുന്ന ഐഒഎസ് 13 പുറത്തിറക്കി. വേഗതയിലും കാര്യക്ഷമതയിലും അടിമുടി പുതിയ ചരിത്രം കുറിക്കാനാണ് ഐഒഎസ് 13 എത്തുന്നത്. ഐഒഎസ് 12 എടുക്കുന്നതിന്റെ പകുതി സ്ഥലമേ ഹാര്‍ഡ്‌വെയറില്‍ പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു വേണ്ടിവരൂ. ആപ്പിളിന്റെ ആപ്പുകളുടെ അപ്‌ഡേറ്റും 60 ശതമാനം സ്ഥലമേ അപഹരിക്കൂ. ഫെയ്‌സ്‌ഐഡിയിലൂടെ ഫോണ്‍ അണ്‍ലോക് ചെയ്യുന്നത് 30 ശതമാനം വേഗത്തിലാകും.

സ്മാര്‍ട് ഉപകരണങ്ങളുടെ പിടിയില്‍നിന്ന് മോചിതരാകാന്‍ ആഗ്രഹിക്കുന്നവരെ പോലും വീണ്ടും ആകര്‍ഷിച്ച് അടിമകളാക്കാന്‍ പോന്ന ഫീച്ചറുകളുമായി ആണ് ആപ്പിള്‍ ഈ വര്‍ഷം എത്തിയിരിക്കുന്നത്. തങ്ങളുടെ വേള്‍ഡ്‌വൈഡ് ഡെവലപര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആപ്പിള്‍ തങ്ങളുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ പുതുമകള്‍ അവതരിപ്പിച്ചത്. ഏതാനും മാസമായി ചര്‍ച്ചയില്‍ ഉണ്ടായിരുന്ന ഐഒഎസ് 13ല്‍ ഡാര്‍ക് മോഡ് വരുന്നു എന്നതാണ് പ്രധാന മാറ്റങ്ങളില്‍ ഒന്ന്. ഉപകരണങ്ങളില്‍ അഡിക്ഷന്‍ ഉള്ളവര്‍ മേലും കീഴും നോക്കാതെ അവ ഉപയോഗിച്ചു വരികയായിരുന്നു. എന്നാല്‍, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെയുള്ള ഡാര്‍ക് മോഡ് എനേബ്ള്‍ ചെയ്തുകഴിഞ്ഞാല്‍ അത് കണ്ണുകളുടെ ആരോഗ്യത്തിന് കൂടുതല്‍ ഉപകാരപ്പെടും എന്ന കണ്ടെത്തലാണ് ആപ്പിളിനെ ഇതിലേക്കു നയിച്ചത്. ആന്‍ഡ്രോയിഡിന്റെ അടുത്ത വേര്‍ഷനിലും ഇതു ലഭ്യമാക്കുന്നുണ്ട് എന്നതില്‍നിന്ന് എത്ര ഗൗരവമായി ആണ് ടെക്ഭീമന്മാര്‍ ഇതിന്റെ പ്രാധാന്യം കണ്ടിരിക്കുന്നത് എന്നു മനസിലാക്കാം.

ഡാര്‍ക്‌മോഡ് രാത്രിയില്‍ സുദീര്‍ഘമായി ബ്രൗസിങ് നടത്തുന്നവർക്ക് ഉപകാരപ്രദമായിരിക്കും. ആപ്പിളിന്റെ ആപ്പുകളായ, മാപ്‌സ്, റിമൈന്‍ഡേഴ്‌സ്, നോട്ട്‌സ്, മെയില്‍ തുടങ്ങിയവയ്ക്കും കാര്യമായ പുതുക്കിപ്പണി നടത്തിയിട്ടുണ്ട്. പുതിയ മാപ്‌സ് ഈ വര്‍ഷം അവതരിപ്പിക്കും. 3ഡി ഇമേജറിയുടെ വര്‍ദ്ധനവായിരിക്കും പ്രധാന പ്രത്യേകത. അമേരിക്കയിലും മറ്റും ആപ്പിള്‍ മാപ്‌സ് മികവു പുലര്‍ത്തുന്നുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ അത് ഗൂഗിള്‍ മാപ്‌സിനൊപ്പമെത്തില്ല.

മറ്റൊരു സുപ്രധാനമായ നീക്കം ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫീച്ചർ കൂടുതല്‍ ശക്തമാക്കുക എന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ കാറ്റലീനയില്‍ (Catalina) ഒരു ഫോട്ടോ എഡിറ്റു ചെയ്യാന്‍ തുറന്നു എന്നിരിക്കട്ടെ. ഇത് നിങ്ങളുടെ ഐപാഡിലേക്ക് മിറര്‍ ചെയ്യാം. രണ്ടു സ്‌ക്രീനിലും ഒരേ ചിത്രം കാണാം. ഐപാഡില്‍ നടത്തുന്ന മാറ്റങ്ങള്‍ മാകിലും പ്രതിഫലിക്കും. ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് നിങ്ങള്‍ സൂക്ഷ്മാമായി ഐപാഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാക്ബുക്കില്‍ തുറന്നിരിക്കുന്ന ചിത്രത്തിലും കാണാം. ഇതിനായി ഒരു ആപ് ആപ്പിള്‍ ഇറക്കുന്നുണ്ട്. (ഇപ്പോഴും ഇത് സാധിക്കും. പക്ഷേ, തേഡ് പാര്‍ട്ടി ആപ്പുകളിലൂടെയാണ് എന്നു മാത്രം.) മറ്റൊരു പ്രധാന മാറ്റം ഐപാഡിനായി പ്രത്യേകം ഓപ്പറേറ്റിങ് സിസ്റ്റം ഇറക്കിയതാണ്. ഐഓഎസിനും, മാക് ഒഎസിനും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. സുപ്രധാനമായ ചില മാറ്റങ്ങള്‍ മാത്രം നോക്കാം.


സൈന്‍ ഇന്‍ വിത് ആപ്പിള്‍

വ്യക്തികളെ ട്രാക്കു ചെയ്യുന്നതില്‍ കുപ്രസിദ്ധമെന്ന് ആരോപിക്കപ്പെടുന്ന ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നീ കമ്പനികള്‍ക്ക് അര്‍ഹിക്കാത്ത അംഗീകാരം നേടിക്കൊടുത്ത ഫീച്ചറായിരുന്നു അവയിലൂടെ സൈന്‍-ഇന്‍ ചെയ്യുക എന്നത്. ഉപയോക്താവിനെ വിടാതെ പിന്തുടരാന്‍ തത്വദീക്ഷയില്ലാത്ത എന്ന് ചിലരെങ്കിലും ആരോപിക്കുന്ന, ഈ കമ്പനികളെ അനുവദിക്കുകയാണ് ഇതു ചെയ്തിരുന്നത്. ഇപ്പോള്‍, ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന 'സൈന്‍ ഇന്‍ വിത് ആപ്പിള്‍' എന്ന ഫീച്ചര്‍ സ്വകാര്യതയുടെ കാര്യത്തില്‍ ആപ്പിള്‍ ഉപകരണ ഉപയോക്താക്കള്‍ക്ക് ശക്തമായ ഒരു കവചം കൂടെ സമ്മാനിച്ചിരിക്കുകയാണ്. ഇതിലൂടെ ഗൂഗിളും ഫെയ്‌സ്ബുക്കും ആപ്പിള്‍ ഉപയോക്താക്കളുടെ ചെയ്തികളിലേക്ക് നോക്കിയിരിക്കുന്ന രീതി അവസാനിപ്പിക്കാം. ഇതിന് ഫെയ്‌സ്‌ഐഡി ഒതന്റിക്കേഷന്‍ വേണം. (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ടച്‌ഐഡി ആണെങ്കിലും മതി.) ചില സര്‍വീസുകള്‍ക്ക് നിങ്ങളുടെ ഇമെയില്‍ ചോദിക്കും. പലരും പ്രധാന ഐഡി കൊടുത്ത് വെട്ടിലാകാറുണ്ട്. ഇത്തരം ചില അവസരങ്ങലളില്‍ ഉപയോഗിക്കാനായി താത്കാലിക മെയില്‍ ഐഡികളും ആപ്പിള്‍ തത്സമയം സൃഷ്ടിച്ചു നല്‍കും! ഇതെല്ലാം സ്വകാര്യതയെ ഗൗരവത്തിലെടുക്കുന്നവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തകളാണ്.

ഇമോജികള്‍ കൂടുതല്‍ വ്യക്തിപരമാകും. മെമോജികളെ ആവശ്യനുസരണം മാറ്റാനുള്ള സാധ്യതയും തുറക്കും. മെയ്ക്-അപ്, ആഭരണങ്ങള്‍ അക്‌സസറികള്‍ തുടങ്ങിയവയെല്ലാം ഇതിനായി ലഭ്യമാക്കും. മെമോജി ഐമെസെജില്‍ സ്റ്റിക്കറായി ഉപയോഗിക്കാം. വിചാറ്റ് തുടങ്ങിയ തേഡ്പാര്‍ട്ടി ആപ്പുകളിലും ഇത് ഉപയോഗിക്കാം. ഫോട്ടോ എഡിറ്റിങിനും ധാരാണം മാറ്റം വരുന്നുണ്ട്. ലൈറ്റിങ് ഓപ്ഷന്‍സ് തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍. ഫോട്ടോകള്‍ ബ്രൗസു ചെയ്യുന്നതും എളുപ്പമാക്കും.മെഷീന്‍ ലേണിങ് ഉപയോഗിച്ച് ഫോട്ടോകള്‍ ചിട്ടയോടെ ഇരിക്കുന്നു എന്ന് ഉറപ്പുവരുത്തും.


ഏതെല്ലാം ഫോണുകള്‍ക്കാണ് പുതിയ ഒഎസ് ലഭിക്കുന്നത്?

നിലവില്‍ ഐഒഎസ് 12 ലഭിക്കുന്ന ഫോണുകളില്‍ ഐഫോണ്‍ 5എസ്, 6, 6 എസ് എന്നീ ഫോണുകള്‍ക്ക് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ലഭിക്കില്ല. ഐഫോണ്‍ 6എസ് തുടങ്ങി പുതിയ ഫോണുകളെല്ലാം ഐഒഎസ് 13 സ്വീകരിക്കാന്‍ സജ്ജമായിരിക്കും. ഐഒഎസ് 13ലെ എ്ല്ലാ ഫീച്ചറുകളും ഉപയോഗിക്കാനാകുന്നത് ഇനി ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 11 മുതലുള്ള ഫോണുകള്‍ക്കായിരിക്കും. പഴയ (ഉദാഹരണം ഐഫോണ്‍ 6എസ്) മോഡലുകള്‍ക്ക് പുതിയ ഫീച്ചറുകളില്‍ എല്ലാം ലഭിക്കില്ല.



Related News


Special Story