TECHNOLOGY

'സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍' ഫീച്ചറുമായി ആപ്പിൾ; പുത്തൻ നീക്കം സ്മാർട് ലോകത്തെ കളി മാറ്റുമോയെന്ന് ഉറ്റുനോക്കി ടെക് പ്രേമികള്‍

10 Jun 2019

ന്യൂഏജ് ന്യൂസ്, ഐഒഎസ് 13 അവതരിപ്പിച്ച കൂട്ടത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന ഒരു മാറ്റം ടെക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 'സൈന്‍ ഇന്‍ വിത് ആപ്പിള്‍' എന്ന ഒറ്റ ഫീച്ചറാണ് പെട്ടെന്നു തന്നെ സ്വകാര്യതാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് സൈന്‍ ഇന്‍ ആയിരുന്നു പല സര്‍വീസുകളും ആവശ്യപ്പെട്ടിരുന്നത്. ഇതാകട്ടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നുവെന്ന ആരോപണമുള്ള ഈ രണ്ടു കമ്പനികള്‍ക്കും ചാകരയുമായിരുന്നു. പല ആപ്പുകളും സൈന്‍-ഇന്‍ വിത് ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് എന്നായിരുന്നു ആപ് ഉപയോഗിക്കാനെത്തുന്നവരോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ ആപ്‌സ്റ്റോറിലുള്ള ഇത്തരം ആപ്പുകളോട് സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഓപ്ഷന്‍ ഇനി നിര്‍ബന്ധമായിട്ടും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുന്ന ഹതഭാഗ്യരെ കൃത്യമായും ട്രാക്കു ചെയ്യാന്‍ ഈ കമ്പനികള്‍ക്കു സാധിച്ചിരുന്നുവെന്നു തോന്നിയതിനാലാകണം ആപ്പിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഉപയോഗിക്കുന്ന ഉപയോക്താവിനെക്കുറിച്ചുള്ള വളരെ കുറച്ചു ഡേറ്റ മാത്രമേ ആപ്പുകള്‍ക്കും കമ്പനികള്‍ക്കും ലഭിക്കൂ. ആപ്പിളിന്റെ സിസ്റ്റം ഉപയോക്താവിന്റെ ശരിക്കുള്ള ഇമെയില്‍ ഐഡി പോലും ആപ്പുകളുമായി പങ്കുവയ്ക്കില്ല. ഇമെയില്‍ ഐഡി ആപ് ആവശ്യപ്പെടുമ്പോള്‍ ഉപയോക്താവിന്റെതല്ലാത്ത ഒരു മെയിൽ ഐഡിയിലേക്ക് ആപ്പിനെ ആപ്പിള്‍ നയിക്കും. ആ മെയില്‍ ഐഡിയാകട്ടെ ആപ്പിള്‍ നേരിട്ടു പ്രവര്‍ത്തിപ്പിക്കുന്നതുമായിരിക്കും. ഈ ഡമ്മി ഐഡിയായിരിക്കും ആപ്പുകള്‍ക്കും ആപ്പുകള്‍ക്കു പിന്നില്‍ പതിയിരിക്കുന്നവര്‍ക്കും ലഭിക്കുക! ഇതിലൂടെ ഉപയോക്താവിനെക്കുറിച്ചുള്ള ഡേറ്റയൊന്നും ആപ്പുകള്‍ക്കു ലഭിക്കില്ല. ഇത് പരസ്യത്തെ കന്ദ്രീകരിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ കമ്പനികള്‍ക്ക് വന്‍ അടിയായിരിക്കും. ഇതിനെതിരെ കമ്പനികള്‍ പടയ്ക്കിറങ്ങുമോ എന്നറിയില്ല. ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തിരിക്കുന്നതു തന്നെ പരസ്യത്തെ ആശ്രിയിച്ചാണല്ലോ.

സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഫീച്ചര്‍ ഐഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍, ആപ്പിള്‍ ടിവി എന്നിവയിലെല്ലാം ഉപയോഗിക്കാം. സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ എന്ന സേവനം ഏതെങ്കിലും കമ്പനി ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അത് ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും ഉപയോഗിക്കാം. പക്ഷേ, അതിനു സാധ്യത കുറവാണ്. കാരണം ആരും ഒരു ഡമ്മി ഐഡി കിട്ടാനായിരിക്കില്ലല്ലോ ആഗ്രഹിക്കുക. തുടക്കം മുതല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും ആപ്പുകളില്‍ നിന്ന് ഖനനം ചെയ്യുന്ന ഡേറ്റ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുന്ന സ്വഭാവക്കാരായിരുന്നു. ഇതിനെതിരെ ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ തലവന്‍ ടിം കുക്കും പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അവര്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നത്.

ഈ നീക്കം ഫെയ്‌സ്ബുക്കിനും ഗൂഗിളിനും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആപ്പിളിന്റെ ഐഒഎസിലെ സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച് എൻജിനാകാന്‍ 2018ല്‍ ഗൂഗിള്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയ തുക 900 കോടി ഡോളറായിരുന്നെങ്കില്‍ അവര്‍ 2019ല്‍ നല്‍കുന്നത് 1200 കോടി ഡോളറാണ്! സഫാരിയിലെ ഡീഫോള്‍ട്ട് സേര്‍ച് എൻജിന്‍ സ്ഥാനത്തു നിന്ന് ഗൂഗിളിനെ പുറത്താക്കാന്‍ സ്റ്റീവ് ജോബ്‌സിന്റെ കാലത്തു തന്നെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ അവര്‍ പൈസ നല്‍കി കയറിക്കൂടുകയാണ് ഉണ്ടായതെന്നാണ് പറയുന്നത്. സ്വകാര്യത ഗൗരവത്തിലെടുക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഡീഫോള്‍ട്ട് സേര്‍ച് എൻജിനായി ഡക്ഡക്‌ഗോ (DuckDuckGo.com) ആയിരിക്കും ഉപയോഗിക്കുക.

സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഫീച്ചറിലൂടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കു വേണ്ടി പൊലീസുകാരന്‍ കളിക്കാന്‍ തീരുമാനിച്ച ആപ്പിളിനെ കാണാം. ഉപയോക്താക്കളുടെ ഡേറ്റ അവരറിയാതെ കടത്തുന്നത് അനുവദനീയമല്ലെന്ന് ഒരിക്കല്‍ കൂടെ അസന്നിഗ്ധമായി പ്രഖ്യാപിക്കകയാണ് ആപ്പിള്‍. ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കിയേക്കാം. അമേരിക്കയില്‍ നല്ല വേരോട്ടമുള്ള കമ്പനിയായ ആപ്പിള്‍ ഇതിനു തുനിഞ്ഞിറങ്ങിയിരിക്കുന്നതിനാല്‍ അവരെ പിന്തുടാരാന്‍ ചില കമ്പനികളെങ്കിലും മുന്നോട്ടു വന്നേക്കാം. ട്രാക്കിങ്ങിലൂടെ സ്വകാര്യ ഡേറ്റ ഉപയോക്താക്കളറിയാതെ ശേഖരിക്കുന്ന രീതിയെക്കുറിച്ച് കൂടുതല്‍ പേര്‍ ബോധമുള്ളവരാകുന്നുവെന്ന കാര്യവും വിസ്മരിക്കാന്‍ വയ്യ. എന്നാല്‍ ഇതിനെതിരെ ഗൂഗിളും ഫെയ്‌സ്ബുക്കും എല്ലാം എന്തു നീക്കമായിരിക്കും നടത്തുക എന്നതും കാത്തിരുന്നു കാണാം. എന്തായാലും വരും വര്‍ഷങ്ങളില്‍ വന്‍മാറ്റത്തിനു വഴിവയ്ക്കാന്‍ സാധ്യതയുള്ള ഒന്നാണ് ആപ്പിളിന്റെ ഈ നീക്കം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ