TECHNOLOGY

2020ല്‍ പുറത്തിറക്കാനുള്ള മോഡലുകളുടെ ടെസ്റ്റിംഗുമായി ആപ്പിൾ; പുതിയ ഐഫോണില്‍ ഫെയ്‌സ് ഐഡി ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്

Newage News

09 Jan 2020

2020ല്‍ അവതരിപ്പിക്കാനിരിക്കുന്ന നാലു വേരിയന്റ് ഐഫോണുകള്‍ക്കായി 12 മോഡലുകളാണ് ആപ്പിള്‍ ടെസ്റ്റു ചെയ്യുന്നതെന്ന് ലെറ്റ്‌സ്‌ഗോഡിജിറ്റല്‍ (LetsGoDigital ) റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവയില്‍ ഏതെല്ലാമായിരിക്കും ഈ വര്‍ഷം സെപ്റ്റംബറില്‍ അനാവരണം ചെയ്യപ്പെടുക എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. എന്നാല്‍, വളരെ കൗതുകകരമായ ഒരു കാര്യം ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാന ഐഫോണ്‍ മോഡലായേക്കാവുന്ന ഐഫോണ്‍ 5ജിക്ക് ഫെയ്‌സ്‌ഐഡി ഉണ്ടായേക്കില്ല എന്നതാണ്. (ഇപ്പോഴത്തെ ടെസ്റ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മോഡലുകള്‍ മാത്രമായിരിക്കും അനാവരണം ചെയ്യപ്പെടുക.)

മുഴുവന്‍ സ്‌ക്രീനാണ് ഏറ്റവും പ്രധാനപ്പെട്ട ഡിസൈന്‍ ഫീച്ചര്‍. ബെസല്‍ പൂര്‍ണമായും ഒഴിവാക്കിയായിരിക്കും ഈ മോഡല്‍ പുറത്തിറക്കുക. സ്‌ക്രീനിന്റെ മുന്‍ഭാഗം മുഴുവന്‍ സക്രീന്‍ മാത്രമാകയാല്‍ കമ്പനിയുടെ ഇപ്പോഴത്തെ ഫെയ്‌സ് റെക്കഗ്നിഷന്‍ സിസ്റ്റം മുഴുവന്‍ ഒഴിവാക്കപ്പെടുമെന്നാണ് പ്രവചനം. ഈ മോഡലില്‍ ഫെയ്‌സ്‌ഐഡിക്കു പകരം, സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആയിരിക്കും സ്‌ക്രീന്‍ അൺലോക്കിനുള്ള ബയോമെട്രിക് ഫീച്ചർ. ഐഫോണ്‍ Xല്‍ ഇത്തരം സാങ്കേതികവിദ്യയ്ക്ക് ശ്രമിച്ചെങ്കിലും കമ്പനിയുടെ എൻജിനീയര്‍മാര്‍ പരാജയപ്പെടുകയായിരുന്നു.

ലെറ്റ്‌സ്‌ഗോഡിജിറ്റലിനു മുൻപ് ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന മിങ് ചി-കുവോയെ ഉദ്ധരിച്ചായിരുന്നു ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. ഫെയ്‌സ്‌ഐഡി ഹാര്‍ഡ്‌വെയര്‍ എടുത്തുകളയുകയോ സ്ഥലം മാറ്റം നല്‍കുകയോ ചെയ്‌തേക്കും എന്നതിന്റെ ആദ്യ സൂചനയായിരുന്നു ഈ റിപ്പോര്‍ട്ട്. നിലവിലുള്ള ഫെയ്‌സ്‌ഐഡി സിസ്റ്റം തുടര്‍ന്നും ഉപയോഗിക്കണമെങ്കിൽ നോച് ഉണ്ടായേ പറ്റൂ.

സ്‌ക്രീനിനുള്ളിലെ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ എന്ന ആശയം ആപ്പിള്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍, ഈ ടെക്‌നോളജിയില്‍ കഴിഞ്ഞ വര്‍ഷം സാംസങ് വരുത്തിയ തെറ്റുകളില്‍ നിന്ന് മാറിനടക്കുമെന്നും കരുതുന്നു. നിലവില്‍ ആപ്പിളിന്റെ ഫിങ്ഗര്‍പ്രിന്റ് ഐഡി അല്ലെങ്കിൽ ഹോം ബട്ടൻ ഉള്ള ഫോണുകളില്‍ ഉള്ളതുപോലെ ഒരു ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ സ്‌ക്രീനിന് അടിയില്‍ പിടിപ്പിക്കുകയായിരിക്കും ആപ്പിള്‍ ചെയ്യുക. സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല മോഡലുകളില്‍ ഒന്നായ ഗ്യലക്‌സി എസ് 10ല്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ചിരിന്നു. എന്നാലത് പ്രശ്‌നത്തിലാകുകയും ചെയ്തിരുന്നു. താരതമ്യേന സുരക്ഷിതമാണെങ്കിലും ഫോണിന്റെ സ്‌ക്രീനിനു മേല്‍ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കുന്നവരുടെ ഫോണുകളില്‍ ആരുടെ ഫിങ്ഗര്‍പ്രിന്റ് നല്‍കിയാലും ഫോണ്‍ തുറന്നുകിട്ടും എന്ന ഗുരുതരമായ പിഴവാണ് കണ്ടെത്തിയത്. തുടർന്ന് സാംസങ് ഫേംവെയര്‍ ഇറക്കിയിരുന്നു.

പുതിയ ഐഫോണുകളില്‍ ചില മോഡലുകള്‍ക്കെങ്കിലും സമൂല മാറ്റം കൊണ്ടുവരാനാണ് ആപ്പിളിന്റെ പദ്ധതി. തങ്ങള്‍ക്ക് സ്‌ക്രീന്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനികളോട് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടു കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ട്രൂഡെപ്ത് ക്യാമറാ സിസ്റ്റവും സ്‌ക്രീനിന് അടിയിലായിരിക്കും പിടിപ്പിക്കുക. എന്നാല്‍, അതിന് ഫെയ്‌സ്‌ഐഡി പ്രവര്‍ത്തനം ഉണ്ടാവില്ല. ഇതിന്റെ കാരണം വ്യക്തമല്ല. ഗ്ലാസിനുള്ളിലൂടെ പ്രവര്‍ത്തിക്കാന്‍ ഇപ്പോഴുള്ള ട്രൂഡെപ്ത് ക്യാമറാ സിസ്റ്റത്തിന്റെ ഏതെങ്കിലും സെന്‍സറുകള്‍ക്ക് സാധ്യമല്ലായിരിക്കാം.

ഫെയ്‌സ്‌ഐഡി ഏതെല്ലാം ഫോണുകളിലാണ് ഇല്ലാതാക്കുക എന്നറിയില്ലെങ്കിലും, അടുത്ത വര്‍ഷത്തെ എല്ലാ പ്രധാന മോഡലുകളിലും ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍ ഗ്ലാസിന് അടിയില്‍ പിടിപ്പിക്കാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനമെന്നാണ് സൂചന. കുറഞ്ഞ മോഡലുകള്‍ ഇപ്പോഴത്തെ ഐഫോണ്‍ 11 നെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും നിർമിക്കുക എന്നും കൂടിയ മോഡലുകളില്‍ പുതിയ ഡിസൈന്‍ പ്രതീക്ഷിക്കാമെന്നുമാണ് വാദം. ഈ അവകാശവാദങ്ങളൊന്നും ആകാശത്തു നിന്നു പൊട്ടിവീണതല്ല. ആപ്പിള്‍ കമ്പനി ജപ്പാനില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഡിസൈന്‍ പേറ്റന്റുകളിൽ നോച് ഇല്ലാത്ത ഐഫോണ്‍ എന്ന സങ്കല്‍പ്പം വ്യക്തമാണ്.

ഈ വിവരം ജെപിഒ എന്നറിയപ്പെടുന്ന ജപ്പാന്‍ പേറ്റന്റ് ഓഫിസാണ് ഡിസംബര്‍ 23, 2019ന് ചിത്രങ്ങളടക്കം പ്രസിദ്ധീകരിച്ചത്. മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച പേറ്റന്റ് രൂപരേഖകളില്‍ സുവ്യക്തമായ രീതിയില്‍ തന്നെ നോച്ച് ചിത്രീകരിച്ചിരുന്നു. പുതിയ ചിത്രങ്ങളില്‍നോച്ചില്ല എന്നത് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആയിരിക്കുമെന്നു വാദിക്കുന്നവര്‍ എടുത്തുകാട്ടുന്നു. അപ്പോള്‍ വരുന്നത് നോച്ച് രഹിത ഐഫോണായിരിക്കും. ഫെയ്‌സ്‌ഐഡിയെ പുതിയ മോഡലുകളില്‍ കൊല്ലുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ഡിസ്‌പ്ലേയും, 5ജി ടെക്‌നോളജിയും അടക്കം നിരവധി വിസ്മയങ്ങളുമായി ആയിരിക്കും പുതിയ മോഡലുകള്‍ വരിക എന്നാണ് ഇപ്പോള്‍ കരുതുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ