Newage News
28 Mar 2020
കൊച്ചി: കോവിഡ് 19 സമൂഹ വ്യാപനം ഇന്ത്യ ഭയക്കുന്നുണ്ട്. ഇറ്റലി അടക്കമുള്ള രാജ്യങ്ങളിൽ ഇത്രയധികം ആളുകൾ മരിച്ചത് മുഖ്യമായും വെന്റിലേറ്ററുകളുടെയും, ഐസൊലേഷൻ സൗകര്യത്തിന്റെയും അഭാവം കൊണ്ടായിരുന്നു. അത് മുൻകൂട്ടി കണ്ടാണ് റെയിൽവേ ബോഗികൾ ഐസൊലേഷൻ വാർഡുകളാക്കാമെന്ന ആശയം ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡർമാരിലൊരാളായ അസ്സെറ്റ് ഹോംസ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഒരാഴ്ചക്കുള്ളിൽ ഒരു കോടി ഐസൊലേഷൻ ബെഡുകൾ ഒരുക്കാം എന്നാണ് അവർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്റ്റർ സുനിൽ കുമാർ പറഞ്ഞു. 12617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ശരാശരി 20-30 ബോഗികളോട് കൂടിയവ. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഓരോ ട്രെയിനും ഒരു ഹോസ്പിറ്റലാക്കാം. ആയിരം ബെഡ്, ഐസിയു, കൺസൾട്ടേഷൻ റൂം, മെഡിക്കൽ സ്റ്റോർ, പാൻട്രി, നഴ്സിംഗ് റൂം എന്നിവ ഓരോ ട്രെയിനിലും ഒരുക്കാം. ഇന്ത്യയിലെമ്പാടുമുള്ള 7500 റെയിൽവേ സ്റ്റേഷനുകൾ വഴി പ്രവേശനം അനുവദിക്കാം. ഒരു കോടി കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ത്യയുടെ റയിൽ ലൈൻ. ഈ ശൃംഖല മുഴുവൻ സേവനം ലഭ്യമാക്കാൻ കഴിയും. രോഗ ബാധയുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് ഈ ട്രയിനുകൾ എത്തിക്കാമെന്നും അങ്ങനെ വേഗതയിൽ ചികിത്സ എത്തിക്കാൻ കഴിയുമെന്നും സുനിൽകുമാർ പറയുന്നു.
ഒരു സ്റ്റേഷനിൽ ആയിരം ബെഡുള്ള രണ്ട ട്രെയിനുകൾ വിന്യസിച്ചാൽ 2000 പേർക്ക് ചികിത്സ എത്തിക്കാൻ കഴിയും. 133 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 10 ശതമാനം പേർക്ക് രോഗം വന്നാൽ 10 കോടിയിലധികം കിടക്കകൾ വേണം. ഇന്ത്യയിൽ ഇത് 1000 പേർക്ക് 0.7 കിടക്ക ഉണ്ടെന്നാണ് അനുമാനം. അത് 2 ആക്കാനാണ് രാജ്യം ശ്രമിക്കുന്നത്. 3 ആക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ പശ്ചാത്തലത്തിൽ അസ്സെറ്റ് ഹോംസിന്റെ നിർദേശം വ്യാപക ചർച്ചയായിട്ടുണ്ട്.