AUTO

ആതർ 340 ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി; ഇനി പ്രീമിയം മോഡലായ ആതർ 450

20 Sep 2019

ന്യൂഏജ് ന്യൂസ്, അടിസ്ഥാന മോഡലായ ആതർ 340 ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്ന് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ആതർ എനർജി. എൻട്രി ലവൽ മോഡലിന് ആവശ്യക്കാർ കുറവായതിനാലാണ് ആതർ 340 ഉപേക്ഷിക്കുന്നതെന്നും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കമ്പനി വ്യക്തമാക്കി. പ്രീമിയം മോഡലായ ആതർ 450 ഇ സ്കൂട്ടറിനോടാണു വിപണിക്ക് ആഭിമുഖ്യം; ആവശ്യക്കാരിൽ 99 ശതമാനവും മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നും ആതർ എനർജി അവകാശപ്പെട്ടു. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും കൂടുതൽ ദൂരം പിന്നിടാനുള്ള കഴിയും അധിക കരുത്തും ഉയർന്ന വേഗവുമൊക്കെയാണ് ‘ആതർ 450’ ജനപ്രിയമാവാനുള്ള കാരണമെന്നും നിർമാതാക്കൾ കരുതുന്നു.

കാഴ്ചയിൽ സമാനമെങ്കിലും സാങ്കേതികവിഭാഗത്തിലാണ് ആതർ 340, ആതർ 450 ഇ സ്കൂട്ടറുകൾക്കിടയിലെ വ്യത്യാസമത്രയും. മുന്തിയ വകഭേദത്തിൽ ശേഷിയേറിയ ബാറ്ററിയും കരുത്തേറിയ മോട്ടോറുമാണ് ആതർ എനർജി ലഭ്യമാക്കുന്നത് എന്നതാണു പ്രധാന മാറ്റം. ഉയർന്ന പ്രകടനക്ഷമതയോടും യാത്രാനുഭവത്തോടുമാണ് ഉപയോക്താക്കൾക്ക് താൽപര്യമെന്നത് ആഹ്ലാദകരമാണെന്നും ആതർ എനർജി അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ‘ആതർ 450’ സ്കൂട്ടറിലും ഭാവി മോഡലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു പദ്ധതിയെന്നും ആതർ എനർജി ഇൻസ്റ്റാഗ്രാമിൽ പ്രഖ്യാപിക്കുന്നു.

ഉൽപ്പാദനം അവസാനിപ്പിച്ച സാഹചര്യത്തിൽ നിലവിൽ ആതർ 340 ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കും ആ മോഡൽ ലഭിക്കില്ലെന്നു കമ്പനി വെബ്സൈറ്റിൽ നിർമാതാക്കൾ വിശദീകരിക്കുന്നു. പകരം ഈ ഉപയോക്താക്കൾക്ക് ആതർ 450 സ്വന്തമാക്കാൻ അവസരമുണ്ട്. <span style="">നിലവിൽ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് ആതർ എനർജിയുടെ ഇ സ്കൂട്ടറുകൾ വിൽപ്പനയ്ക്കുള്ളത്. ആതർ 450 സ്കൂട്ടറിന് ചെന്നൈയിൽ 1.22 ലക്ഷം രൂപയും ബെംഗളൂരുവിൽ 1.14 ലക്ഷം രൂപയുമാണ് വില. ആതർ 340 സ്കൂട്ടറിനെ അപേക്ഷിച്ച് ചെന്നൈയിൽ 12,000 രൂപയും ബെംഗളൂരുവിൽ 10,000 രൂപയും അധികമാണ് ആതർ 450 സ്കൂട്ടറിന്റെ വില.



Related News


Special Story