FINANCE

സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുക 5 ലക്ഷം കോടിക്കരുകിൽ; നിക്ഷേപത്തിൽ 40 ശതമാനത്തോളവും പ്രവാസിപ്പണം

01 Jul 2019

ന്യൂഏജ് ന്യൂസ്, പത്തനംതിട്ട∙ സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുക 5 ലക്ഷം കോടിക്കടുത്തെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 10% വർധിച്ച് 4,93,562 കോടി രൂപയാണ് 2018–19ൽ  നിക്ഷേപം. ഇതിൽ 1,90,055 കോടി രൂപയും വിദേശമലയാളികളുടെ നിക്ഷേപമാണ്. പ്രവാസിപ്പണത്തിൽ മുൻകൊല്<b></b>ലത്തെക്കാൾ 12% വർധനയുണ്ട്.


എടിഎം കുറഞ്ഞു

ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ എടിഎമ്മുകൾ കഴിഞ്ഞ വർഷത്തെക്കാൾ 129 എണ്ണം കുറ‍ഞ്ഞ് 9011 ആയി. പൊതു– സ്വകാര്യ–സഹകരണ ബാങ്കിങ് മേഖലകളിലെ മൊത്തം കണക്കാണിത്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ 3688 പേർക്ക് ഒരു എടിഎം.

ബാങ്ക് ശാഖകൾ 7421. 5220 േപർക്ക് ഒരു ബ്രാഞ്ച്. എത്രത്തോളം ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ നടന്നുവെന്നതിന്റെയോ ഇപ്പോൾ നടക്കുന്നുവെന്നതിന്റെയോ കണക്കുകൾ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കു വെളിപ്പെടുത്താനായില്ല. ബാങ്കിങ് തട്ടിപ്പുകൾ വഴി എത്ര പേരുടെ പണം നഷ്ടമായെന്നോ എത്ര രൂപയാണ് ആകെ നഷ്ടമായതെന്നോ ഉള്ള കണക്കുകളും കയ്യിലില്ല.


സ്വർണക്കൃഷി

കാർഷിക മേഖലയിൽ മുൻവർഷത്തെക്കാൾ 17% അധികം വായ്പ നൽകിയെന്നാണ് പൊതുമേഖലാ –സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്. 80,803 കോടി രൂപ കാർഷിക വായ്പയായി നൽകിയതിൽ 62 ശതമാനവും സ്വർണം പണയം വച്ചുള്ള കാർഷിക വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തിൽ നൽകിയത്. ചെറുകിട വ്യവസായ വായ്പയിൽ 15% വർധന്നു. 54,446 കോടിയാണ് ഇൗ കണക്കിൽ 2018–19ൽ വായ്പ നൽകിയിട്ടുള്ളത്.


ആഡംബര വീട് വിട്ട് മലയാളി

മലയാളിയുടെ ആഡംബരവീടു ഭ്രമം കുറഞ്ഞതായാണ് വിലയിരുത്തൽ. 2017–18 സാമ്പത്തിക വർഷത്തെക്കാൾ 15% കുറച്ച് തുകയാണ് 2018–19 ൽ ഭവനവായ്പയായി നൽകിയത്. 2018ലെക്കാൾ അപേക്ഷകരുണ്ടായിരുന്നെങ്കിലും അപേക്ഷകർക്ക് വായ്പത്തുക കുറച്ചുമതിയെന്നതായിരുന്നു 2019 സാമ്പത്തിക വർഷത്തെ പ്രത്യേകത. 2018ൽ 7,06,736 അപേക്ഷകർക്ക് 39,829 കോടി രൂപ ഭവനവായ്പ നൽകി. 2019 മാർച്ച് വരെയാകട്ടെ, 7,51,634 അപേക്ഷകർക്കായി 36,025 കോടി രൂപയാണു നൽകിയത്.


എൻജിനീയറിങ് മോടി കുറഞ്ഞു; വായ്പയിൽ കുറവ്

വിദ്യാഭ്യാസ വായ്പ 2018ൽ 3,44,879 അപേക്ഷകർക്ക് 10,174 കോടിയായിരുന്നു നൽകിയതെങ്കിൽ 2019 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 3,32,432 അപേക്ഷകർക്കായി 9,896 കോടിയാണു വായ്പ നൽകിയത്. വിദ്യാഭ്യാസ വായ്പ നൽകാൻ ബാങ്കുകൾ മടിക്കുന്നെന്ന ആരോപണം നിലനിൽക്കുമ്പോൾ എസ്എൽബിസിയുടെ വിലയിരുത്തൽ അങ്ങനെയല്ല.

എൻജിനിയറിങ് കോളജുകൾ പൂട്ടുന്നു, സർക്കാരിന്റെയും കോടതിയുടെയും ഇടപെടൽ മൂലം ഫീസ് കുറയുന്നു എന്നിവയാണു വായ്പവിതരണം കുറയാൻ കാരണമെന്നു ബാങ്കുകൾ പറയുന്നു.വിദ്യാഭ്യാസ വായ്പ നൽകിയതിൽ കിട്ടാക്കടത്തിന്റെ കണക്കു കുറഞ്ഞിട്ടുണ്ട്– 2018ൽ 1706 കോടി രൂപ കിട്ടാക്കടമുണ്ടായിരുന്നത് 1346 കോടിയായി കുറഞ്ഞു.



Related News


Special Story