CORPORATE

വൻകിട വായ്പക്കാർക്ക് ആശ്വാസവുമായി ആർബിഐ; വായ്പ തിരിച്ചടവ് വൈകിയാൽ ഉടനടി തിരിച്ചു പിടിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുന്ന രീതിക്ക് അയവ്, ഇനി മുതൽ ഒരു മാസത്തെ സാവകാശം, ചെറുകിടക്കാർക്ക് 2020 വരെ വായ്പ പുനക്രമീകരിക്കാനും അവസരം

11 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙ 2000 കോടി രൂപയ്ക്കുമേലുള്ള ബാങ്ക് വായ്പയുടെ തിരിച്ചടവ് ഒരു ദിവസം വൈകിയാൽ പോലും ആ വായ്പയെ നിഷ്ക്രിയ ആസ്തിയായി കരുതുകയും തിരിച്ചു പിടിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിക്ക് റിസർവ് ബാങ്ക് അയവു വരുത്തി. ഇനി മുതൽ ഒരു മാസത്തെ സാവകാശം നൽകും. അതിനകം പണമടച്ചാൽ നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പരിഗണിക്കില്ല. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വായ്പാ തിരിച്ചടവ് നടക്കുന്നില്ലെങ്കിൽ പിന്നെ 180 ദിവസത്തിനകം കമ്പനിയിൽ നിന്നു പണം തിരിച്ചു പിടിക്കാനുള്ള പ്രക്രിയയ്ക്കു തുടക്കം കുറിക്കണം.

നിഷ്ക്രിയ ആസ്തി സംബന്ധിച്ച് റിസർവ് ബാങ്ക് 2018 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച സർക്കുലർ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2000 കോടിയിലേറെയുള്ള വായ്പയ്ക്ക് തിരിച്ചടവ് ഒരു ദിവസം മുടങ്ങിയാൽ നിഷ്ക്രിയ ആസ്തി ആയതായി കണക്കാക്കി 150 ദിവസത്തിനകം കമ്പനിയെ പാപ്പർ നിയമപ്രകാരം (ഇൻസോൾവൻസി ആൻഡ് ബാങ്കറപ്റ്റ്സി കോഡ്) കമ്പനി നിയമ ട്രൈബ്യൂണിലിന്റെ (എൻസിഎൽറ്റി) ദയാദാക്ഷിണ്യത്തിനു വിട്ടുകൊടുക്കുമെന്നതായിരുന്നു ഈ സർക്കുലറിന്റെ സാരം. ട്രൈബ്യൂണലാകട്ടെ കമ്പനി ലിക്വിഡേറ്റ് ചെയ്യുന്നതുൾപ്പടെ കടം തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ആരംഭിക്കുക.

ഇതിനെതിരെയാണ് കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിൽനിന്നും ഇടപാടുകാരിൽനിന്നും പണം കിട്ടാൻ പലപ്പോഴും കമ്പനികൾക്ക് 150 ദിവസത്തിലേറെ സമയം വേണ്ടിവരും. തങ്ങളുടേതല്ലാത്ത കാരണത്താൽ ഇങ്ങനെ പാപ്പരാക്കപ്പെടുന്നതിനെതിരെ കോർപ്പറേറ്റ് രംഗത്തു നിന്നു മുറവിളി ഉയർന്നിരുന്നു.

പുതിയ മാർഗനിർദേശത്തിന് അടിയന്തര പ്രാബല്യമുണ്ട്. 1500 കോടി മുതൽ 2000 കോടി വരെയുള്ള വായ്പകളുടെ കാര്യത്തിൽ പുതിയ മാർഗനിർദേശം ജനുവരിയിൽ നിലവിൽവരും. 1500 കോടിയിൽതാഴെയുള്ള വായ്പകളുടെ കാര്യത്തിൽ ഈ രീതി നടപ്പാകുന്ന തീയതി പിന്നീടു പ്രഖ്യാപിക്കും.

മാത്രമല്ല, ചെറുകിട വ്യവസായങ്ങൾക്ക് (എംഎസ്എംഇ) 25 കോടി വരെയുള്ള വായ്പയുടെ തിരിച്ചടവു മുടങ്ങിയാൽ നിഷ്ക്രിയ ആസ്തി ആവില്ല. പകരം ബാങ്കുമായി ചേർന്നു വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം. നേരത്തേ റിസർവ് ബാങ്ക് ചെറുകിട വ്യവസായ മേഖലയ്ക്കു നൽകിയ ഇളവാണിത്.

പക്ഷേ ഇക്കൊല്ലം ജനുവരി ഒന്നു വരെ നിഷ്ക്രിയ ആസ്തിയായി മാറാത്ത കടങ്ങൾക്കാണ് ഈ ആനുകൂല്യം. വായ്പ പുനഃക്രമീകരിച്ചാൽ (റീസ്ട്രക്ചറിംഗ്) 2020 മാർച്ച് 31നകം തിരിച്ചടച്ചാൽ മതി. അതുവരെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കില്ല. സ്വയം വീട്ടിലിരുന്ന് ചെറിയ ബിസിനസ് നടത്തുന്നവരോ ചെറുകിട കരാറുകാരോ ഈ ഇളവു ലഭിക്കാൻ 

ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്ന് ചെറുകിട വ്യവസായമായി (എംഎസ്എംഇ) റജിസ്റ്റർ ചെയ്താൽ മതി. ജിഎസ്ടി വന്നപ്പോഴുള്ള ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചായിരുന്നു ഈ ഇളവ്. വായ്പ ഒറ്റത്തവണ തിരിച്ചടവായി പുനഃക്രമീകരിക്കണം. അതനുസരിച്ചുള്ള തിരിച്ചടവ് 2020 ഏപ്രിലിനു മുമ്പു പൂർത്തിയാവുകയും വേണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story