FINANCE

കിട്ടാക്കടത്തിന്റെ അളവു കുറയ്‌ക്കാൻ കേരളാ ബാങ്കുകൾ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നു; കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ കിട്ടാക്കട വർധന 25 ശതമാനത്തിൽ താഴെ മാത്രം

12 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ കിട്ടാക്കടത്തിന്റെ അളവു കുറയ്‌ക്കാൻ കേരളം ആസ്‌ഥാനമായുള്ള നാലു സ്വകാര്യ വാണിജ്യ ബാങ്കുകളും നടത്തുന്ന ശ്രമങ്ങൾക്കു ഫലം കണ്ടുതുടങ്ങിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2017 – ’18 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളമാണു വർധിച്ചതെങ്കിൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ വർധന 25 ശതമാനത്തിൽ താഴെ മാത്രം.

 ‘മൊത്തം നിഷ്‌ക്രിയ ആസ്‌തി’ എന്നു വിശേഷിപ്പിക്കപ്പെടുന്നതും തിരിച്ചടവു മുടങ്ങിയതുമായ തുക 2017 ’18 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 58.48 ശതമാനമാണു വർധിച്ചത്. 2018 – ’19 ൽ വർധന 23.45 ശതമാനത്തിലൊതുങ്ങി. ‘അറ്റ നിഷ്‌ക്രിയ ആസ്‌തി’യിലെ വർധന 2017 – ’18 ൽ  60.49 ശതമാനമായിരുന്നതു 2018 – ’19 ൽ 16.9 ശതമാനത്തിലേക്കാണു താഴ്‌ന്നിരിക്കുന്നത്.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയുടെയെല്ലാം കൂടി മൊത്തം കിട്ടാക്കടം ഇക്കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് 7,418.81 കോടി രൂപയാണ്; അറ്റ കിട്ടാക്കടം 4,182.21 കോടിയും. കിട്ടാക്കടത്തിനു ബദലായി വൻ തുക വകയിരുത്തേണ്ടി വന്നതു മൂലം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ 26.09% കുറവു രേഖപ്പെടുത്തേണ്ടി വന്നു: 334.89 കോടിയായിരുന്ന അറ്റാദായം 247.53 കോടിയിലേക്കു താഴ്ന്നു. 

കാത്തലിക് സിറിയൻ ബാങ്കിന്റെ അറ്റ നഷ്‌ടം 97.47 കോടിയായിരുന്നത് 197.42 കോടിയായി പെരുകി. കിട്ടാക്കടത്തിനു പകരമായി വൻ നീക്കിയിരിപ്പു വേണ്ടി വന്നിട്ടും ഫെഡറൽ ബാങ്കിന് അറ്റാദായത്തിൽ വൻ വർധന നേടാനായി: 878.85 കോടിയായിരുന്ന അറ്റാദായം 1243.89 കോടിയിലേക്ക് ഉയർന്നു. മുൻ വർഷം 24.87 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തിയ ധനലക്ഷ്‌മി ബാങ്കിനാകട്ടെ 11.67 കോടി രൂപ അറ്റാദായം നേടാൻ കഴിഞ്ഞു.


മൊത്തം കിട്ടാക്കടം ( ആകെ വായ്പയുടെ ശതമാനം)

  • ധനലക്ഷ്‌മി ബാങ്ക്               7.47
  • സൗത്ത് ഇന്ത്യൻ ബാങ്ക്         4.92
  • കാത്തലിക് സിറിയൻ ബാങ്ക്   4.87
  • ഫെഡറൽ ബാങ്ക്                2.92



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു