Newage News
13 Jan 2021
മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുതിച്ചുയരുന്നതായി ആര് ബി ഐ. അര്‍ധ വാര്‍ഷിക ധന സ്ഥിരതാ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് പരിധി വിടുന്നുവെന്ന് മുന്നറിയിപ്പുള്ളത്. നടപ്പ് വര്‍ഷം സെപ്റ്റംബറില്‍ ഇത് 13.5 ശതമാനമായി ഉയരുമെന്ന് ആര് ബി ഐ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗ്രോസ് എന്‍ പി എ (നിഷ്ക്രിയ ആസ്തി) 7.5 ശതമാനമായിരുന്ന സ്ഥാനത്താണ് ഇത്. ബാങ്കിംഗ് മേഖലയ്ക്ക് സമ്മര്‍ദം ഏറുന്ന പക്ഷം ഇത് 14.8 ശതമാനം വരെ ആകാമെന്നും വിലയിരുത്തലുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കാര്യമെടുത്താല്‍ ഇത് 16.2 ശതമാനം വരെ എത്താം. പോയ സെപ്റ്റംബറില്‍ ഇത് 9.7 ശതമാനം ആയിരുന്നു. രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും നിഷ്ക്രിയ ആസ്തിയിലും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ ബാങ്കുകളുടേത് 4.6 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായും വിദേശ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2.5 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായും വരുന്ന സെപ്തംബറില്‍ കുത്തിച്ചുയരും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥ വേഗത്തില്‍ കരകയറും എന്ന പ്രതീക്ഷയുമായി മുന്നോട്ട് പോകുമ്പോഴാണ് ഇതിന് കരിനിഴല്‍ വീഴ്ത്തി കിട്ടാക്കട കണക്ക് വരുന്നത്.