Newage News
21 Dec 2020
തിരുവനന്തപുരം: ബിസ്കറ്റ് രാജാവെന്ന് അറിയപ്പെട്ട മലയാളി വ്യവസായി രാജന് പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് രാജന്‍പിള്ള ഫൗണ്ടേഷന് 25 സ്റ്റാര്‍ട്ടപ് കമ്പനികളെ സഹായിക്കുന്ന ‘ബീറ്റ പ്രോജക്ട് 25’ പദ്ധതി ആരംഭിക്കുന്നു. അറുപതിലധികം സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങളെ ബീറ്റ ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഐടി, സ്പോര്‍ട്സ്, ഭക്ഷ്യം, വാണിജ്യ വ്യവസായം എന്നീ മേഖലകളില്‍ നൂതന ആശയങ്ങളും രാജ്യാന്തര തലത്തിലെത്തിക്കാന്‍ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിനോടകം തന്നെ ബീറ്റ ഗ്രൂപ്പ് നൂറ് കോടിയിലധികം രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. ബീറ്റ പ്രോജക്ട് 25-ന്റെ ഭാഗമായി പ്രധാനമായി മൂന്ന് മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
രാജന് പിള്ളയുടെ ജന്മദിനമായ ഡിസംബര്‍ 21-ന് പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകോത്തര നിലവാരമുള്ള 25 ബ്രാൻഡുകളെ അടുത്ത 25 വര്‍ഷം കൊണ്ട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് മുന്‍തൂക്കം നല്കുകയെന്നു ബീറ്റ ഗ്രൂപ്പിന്റെ ഭാഗമായ നെറ്റ് ഓബ്ജക്ട്സിന്റെ ഡയറക്ടറായ മഹേഷ് നായര്‍ പറഞ്ഞു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള നിക്ഷേപകരും സ്റ്റാര്‍ട്ടപ്പ് കമ്പനികളും (http://www.betaproject25.com/) എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.