Newage News
03 Nov 2020
മുംബൈ: കഴിഞ്ഞ കാലയളവിലെ കോള്‍, ഡേറ്റ ഉപയോക്താക്കളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ റിലയന്‍സ് ജിയോ ആരംഭിച്ചത് മുതല്‍ മറ്റ് ടെലികോം ദാതാക്കള്‍ക്കെല്ലാം ക്ഷീണമായിരുന്നു എന്ന് തന്നെ പറയാം. കാരണം അത്രമേല്‍ പുതിയ വരിക്കാരും ഏറ്റവുമധികം കോള്‍ സമയങ്ങളും എല്ലാം ജിയോ വാരിക്കൂട്ടുകയായിരുന്നു. ഫ്രീ സിം, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്ഷന് എത്തിക്കാനുള്ള നൂതന ശ്രമങ്ങള്‍ എന്നിവയെല്ലാം ജിയോയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് ജിയോ ഉപയോക്താക്കളില്‍ പുതിയ വരിക്കാരുടെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ടെന്നതാണ്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്ലാണ് ഏറ്റവുമധികം യൂസേഴ്സ് എത്തിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ (FY 21) ഫലങ്ങള്‍ക്കൊപ്പമാണ് എയര്‍ടെല്‍ തങ്ങളുടെ പുതിയ സബ്സ്ക്രൈബേഴ്സിനെക്കുറിച്ചും കണക്കുകള്‍ നല്‍കിയിരിക്കുന്നത്. പുതുതായി 13.9 ദശലക്ഷം വരിക്കാര്‍ എയര്‍ടെല്‍ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു, അതും 4ജി. ജിയോയുടെത് 7.3 ദശലക്ഷം മാത്രമാണ് ഈ കാലഘട്ടത്തിലെ പുതിയ വരിക്കാരുടെ എണ്ണം.
പുതിയ വരിക്കാരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ജിയോ ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. 4ജി ഉപഭോക്താക്കള്‍ക്കായുള്ള സൗജന്യ ഫോണ്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ഓഫറുകള്‍ കുറച്ച് കൊണ്ടുള്ള ജിയോയുടെ നടപടിയാണ് പുതിയ വരിക്കാരുടെ എണ്ണം ഗണ്യമായി കുറച്ചത്.
കുറഞ്ഞ നിരക്കില്‍ ഗൂഗ്ളുമായി ചേര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ടെങ്കിലും കാലതാമസം എടുക്കുന്നതും പുതിയ വരിക്കാരെ പിന്നോട്ട് വലിച്ച ഘടകങ്ങളാണ്.
എയര്‍ടെല്‍ അവതരിപ്പിച്ച പുതിയ ജനപ്രിയ പ്ലാനുകള്‍
19 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റ നല്കുന്നു.
48 രൂപ: ഇത് ഒരു ഡാറ്റ മാത്രമുള്ള റീചാര്‍ജാണ്, 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ ലഭിക്കും.
49 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയുമായി 100 എംബി ഡാറ്റയും ടോക്ക്ടൈമും നല്കുന്നു.
79 രൂപ: 28 ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റയും ടോക്ക്ടൈമും ഈ പ്ലാന്‍ നല്കുന്നു.