Newage News
29 Oct 2020
ദില്ലി: ഭാരതി എയർടെൽ തങ്ങളുടെ ഘാന ബിസിനസിലെ 100 ശതമാനം ഓഹരികളും വിൽക്കുന്നു. 184 കോടി രൂപയ്ക്കാണ് ഘാന സർക്കാരിന് ഓഹരികൾ വിൽക്കുന്നത്. കമ്പനി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
എയർടെൽടിഗോ എന്നാണ് ഘാനയിലെ എയർടെൽ യൂണിറ്റിന്റെ പേര്. ഘാന സർക്കാരുമായുള്ള ഇടപാട് ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എയർടെൽടിഗോയിൽ 49.95 ശതമാനം ഓഹരിയാണ് എയർടെലിന് ഉണ്ടായിരുന്നത്. ഇതാണ് സർക്കാരിന് വിൽക്കുന്നത്. ശേഷിച്ച ഓഹരികൾ ദക്ഷിണാഫ്രിക്കയിലെ മില്ലികോം ഇന്റർനാഷണൽ സെല്ലുലാറിന്റേതാണ്.
ചൊവ്വാഴ്ചയാണ് ഭാരതി എയർടെലിന്റെ ഡയറക്ടർ ബോർഡ് ഓഹരി കൈമാറ്റം അംഗീകരിച്ചത്. ആഗസ്റ്റിൽ എയർടെൽ നെറ്റ്വർക്സ് കെനിയ ലിമിറ്റഡ്, ടെൽകോം കെനിയ ലിമിറ്റഡുമായുള്ള ലയനത്തിൽ നിന്ന് പിന്മാറിയിരുന്നു. ഔദ്യോഗിക അനുമതികൾ ലഭിക്കുന്നതിന് തടസമാണെന്ന് കാട്ടിയായിരുന്നു തീരുമാനം.