TECHNOLOGY

തിരിച്ചുവരവിനൊരുങ്ങി ബ്ലാക്ബെറി; 5ജി ഫോൺ അടുത്ത വർഷം അവതരിപ്പിച്ചേക്കും

Newage News

16 Sep 2020

1998 ജനുവരിയിൽ ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഐപിഒ നടത്തിയ റിം(റിസർച് ഇൻ മോഷൻ) എന്ന കനേഡിയൻ കമ്പനി വാർത്താവിനിമയരംഗത്ത് അത്ര പ്രസിദ്ധമായിരുന്നില്ല. 1996ൽ കമ്പനി അവതരിപ്പിച്ച പേജിങ് സംവിധാനവും പേജിങ് ഉപകരണവും വ്യക്തിഗത ആശയവിനിമയത്തിലെ മാറ്റങ്ങളുടെ തുടക്കമായിരുന്നു. പേജറുകൾ ലോകത്ത് പുതിയതായിരുന്നെങ്കിലും മോട്ടറോള അല്ലാതെ മറ്റൊരു കമ്പനിയും അക്കാലത്ത് പേജറുകൾ അവതരിപ്പിച്ചിരുന്നില്ല. 1999ൽ റിം പുതിയൊരു പേജർ അവതരിപ്പിച്ചു- ബ്ലാക്ബെറി 850. കീപാഡിലെ ബട്ടണുകൾക്ക് ബ്ലാക്ബെറി പഴത്തിന്റെ അല്ലികളോടു സാദൃശ്യമുള്ളതിനാലാണ് പേജറിന് ബ്ലാക്ബെറി എന്നു പേരിട്ടത്. മൈക്രോസോഫ്റ്റിന്റെ ഇമെയിൽ സെർവറുകളിൽ നിന്ന് സന്ദേശം സ്വീകരിച്ച് സ്വന്തം സെർവറുകൾ വഴി ഉപയോക്താക്കളുടെ കൈകളിലിരിക്കുന്ന സോപ്പിന്റെ വലിപ്പമുള്ള ഉപകരണങ്ങളിലെത്തിക്കുന്ന സാങ്കേതികവിദ്യ അക്കാലത്ത് വിസ്മയമായിരുന്നു. ബ്ലാക്ബെറി എന്നത് ഉപകരണത്തിന്റെ പേരിൽ നിന്ന് ബ്രാൻഡ് പേരാകാൻ ഒരു വർഷം കൂടിയേ വേണ്ടിവന്നുളളൂ. 2000 ഏപ്രിലിൽ കമ്പനി പുറത്തിറക്കിയ ബ്ലാക്ബെറി 957 എന്ന സ്മാർട്ഫോൺ, മൊബൈൽ ഫോണുകളെ തന്നെ വിസ്മയത്തോടെ കണ്ടിരുന്ന ലോകത്ത് ഒരു സയൻസ് ഫിക്ഷൻ ഉപകരണം പോലെ പുതിയതായിരുന്നു. നോക്കിയയും എറിക്സണും ഒക്കെ അതിനോടകം സ്മാർട്ഫോണുകൾ അവതരിപ്പിച്ചിരുന്നെങ്കിലും ബ്ലാക്ബെറിയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റവും ഇമെയിൽ സംവിധാനവും എല്ലാം ബ്ലാക്ബെറി സ്മാർട്ഫോണിനെ വേറിട്ടതാക്കി. ഒരിക്കൽ ബ്ലാക്ബെറി വാങ്ങിയാൽ പിന്നെ മറ്റൊരു ഫോണിനെക്കുറിച്ച് ആരും ചിന്തിക്കാത്ത അവസ്ഥ. പിൽക്കാലത്ത് ഐഫോൺ നേടിയെടുത്ത ഉപഭോക്തൃ വിശ്വസ്തതയുടെ പതിന്മടങ്ങായിരുന്നു ആദ്യകാലത്തെ ബ്ലാക്ബെറി ഉപയോക്താക്കളുടെ ബ്രാൻഡ് വിശ്വസ്തത. കാരണം, ഐഫോണിനോട് താരതമ്യം ചെയ്യാൻ ആൻഡ്രോയ്ഡ് ഉള്ളതുപോലെ ബ്ലാക്ബെറിയോട് താരതമ്യം ചെയ്യാവുന്ന മറ്റൊന്നും അന്നു ലോകത്ത് ഉണ്ടായിരുന്നില്ല.

2007ൽ ഐഫോണിന്റെയും പിന്നീട് ആൻഡ്രോയ്ഡ് ഫോണുകളുടെയും വരവോടെ ബ്ലാക്ബെറിയുടെ ജനപ്രീതി കുറഞ്ഞു. ഫോണുകളുടെ വിൽപന കുറഞ്ഞെങ്കിലും ബ്രാൻഡ് മൂല്യം ഉയർന്നു തന്നെ നിന്നു. 2011ൽ യുഎസിലെ ബ്ലാക്ബെറി ഉടമകളുടെ എണ്ണം ഐഫോൺ ഉടമകൾ കടത്തിവെട്ടിയതോടെ തകർച്ച ആരംഭിച്ചു. 2015 വരെ വിവിധ മോഡൽ ഫോണുകളും ബ്ലാക്ബെറി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഒട്ടേറെ പുതുമകളും അവതരിപ്പിച്ചെങ്കിലും വിപണിയിൽ പിടിച്ചുനിൽക്കാായില്ല. 2015ൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഫോൺ പുറത്തിറക്കിയ ബ്ലാക്ബെറി സ്വന്തം ഒഎസിനെ കൈവിട്ടു. തൊട്ടടുത്ത വർഷം 2 ആൻഡ്രോയ്ഡ് ഫോണുകൾ കൂടി അവതരിപ്പിച്ചെങ്കിലും സാംസങ്ങും ചൈനീസ് കമ്പനികളും ഏറെ മുന്നോട്ടു പോയ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ വിപണിയിൽ ബ്ലാക്ബെറി ഫോണുകൾ ആരെയും ആകർഷിച്ചില്ല. തുടർന്ന് സ്മാർട്ഫോൺ നിർമാണം അവസാനിപ്പിച്ച കമ്പനി ലൈസൻസിങ് ആരംഭിച്ചെങ്കിലും പങ്കാളിയായ ടിസിഎൽ ബ്ലാക്ബെറി കീവൺ എന്ന ഒറ്റ മോഡൽ മാത്രമാണ് അവതരിപ്പിച്ചത്. വിൽപന കാര്യമായി നടക്കാതെ വന്നതോടെ ടിസിഎല്ലും ബ്ലാക്ബെറിയെ ഉപേക്ഷിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 30ന് ചരമം പ്രാപിച്ച ബ്ലാക്ബെറി സ്മാർട്ഫോൺ രണ്ടാഴ്ചയ്ക്കു ശേഷം അപ്രതീക്ഷിതമായ മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

യുഎസിലെ ടെക്സസിലുള്ള ഓൺവാർഡ് മൊബിലിറ്റി എന്ന കമ്പനിയാണ് ബ്ലാക്ബെറിക്ക് വേണ്ടി ഫോണുകൾ നിർമിക്കാൻ കരാർ എടുത്തിരിക്കുന്നത്. 2021ൽ 5ജി ബ്ലാക്ബെറി ഫോൺ വിപണിയിലെത്തിക്കും എന്നാണ് ഓൺവാർഡ് മൊബിലിറ്റിയുടെ വാഗ്ദാനം. ഒരു സ്റ്റാർട്ട് അപ്പായിരുന്ന ഓൺവാർഡ് മൊബിലിറ്റി ബ്ലാക്ബെറി ഫോൺ പ്രഖ്യാപിച്ചതോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. വിപണിയിൽ ബ്ലാക്ബെറിയുടെ മൂന്നാം വരവ് എത്രത്തോളം സ്വാധീനമുണ്ടാക്കും എന്നത് കണ്ടറിയണമെങ്കിലും ഒരു പതിറ്റാണ്ടിലധികമായി ബ്ലാക്ബെറി ഫോണുകൾ ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഉപയോക്താക്കൾ ആവേശത്തിലാണ്. അവർ പ്രതീക്ഷിക്കുന്നു, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ബ്ലാക്ബെറി തിരിച്ചെത്തി വിപണി കീഴടക്കുമെന്ന്.

Content Highlights: BlackBerry phones are coming back in 2021

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ