LAUNCHPAD

നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികൾക്കു നേട്ടം കൊയ്യാൻ സ്വയംതൊഴിൽ സംരംഭങ്ങൾ; 20 ലക്ഷം വരെ മൂലധന ചെലവുള്ള സംരംഭങ്ങൾക് 15% സബ്സിഡി, പ്രവാസി ലാഭവിഹിത പദ്ധതിയും ഉടൻ

15 May 2019

ന്യൂഏജ് ന്യൂസ്, മടങ്ങിവന്ന പ്രവാസികൾക്കു നേട്ടം കൊയ്യാൻ സ്വയംതൊഴിൽ സംരംഭങ്ങൾ 20 ലക്ഷം വരെ മൂലധന ചെലവുള്ള സംരംഭങ്ങൾക്കു 15% സബ്സിഡി മനോരമ ലേഖകൻ തിരുവനന്തപുരം∙ നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കു കൈത്താങ്ങാകുന്ന നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതിയിലൂടെ തുടങ്ങിയത് 2,600 ലധികം പ്രവാസി സംരംഭങ്ങൾ. പ്രവാസികൾക്കു സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്ഥിര വരുമാനം നൽകുകയാണു 2013ൽ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണു പദ്ധതി. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സംരംഭങ്ങൾക്കു 15% മൂലധന സബ്സിഡി ലഭിക്കും. അതായതു സംരംഭം ആരംഭിക്കാൻ മൂന്നു ലക്ഷം രൂപ സർക്കാർ നൽകും. ബാക്കി തുക നോർക്ക മുഖേന ബാങ്ക് വായ്പ. വായ്പ കൃത്യമായി തിരികെ അടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കും. ചുരുങ്ങിയതു രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തിയവരായ പ്രവാസികൾക്കോ അത്തരം പ്രവാസികൾ ചേർന്നു രൂപീകരിക്കുന്ന സംഘങ്ങൾക്കോ ആനുകൂല്യം ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. വെബ്സൈറ്റ്– registernorka.net/ndprem 


പ്രവാസി ലാഭ വിഹിത പദ്ധതി അടുത്ത മാസം

അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം പ്രതിമാസം 5,500 രൂപവരെ കിട്ടുന്ന പ്രവാസി ലാഭവിഹിത പദ്ധതിയുടെ അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയ ശേഷം പ്രഖ്യാപിക്കും. കിഫ്ബിയിലേക്കായിരിക്കും പണം നിക്ഷേപിക്കപ്പെടുന്നത്. ഇതിലൂടെ ഒരു വർഷത്തിനുള്ളിൽ 1,000 കോടി രൂപ സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. കേരള പ്രവാസി ക്ഷേമ ബോർഡിനാണു പദ്ധതി നടത്തിപ്പ്. മൂന്നു ലക്ഷം രൂപ മുതലുള്ള നിക്ഷേപമാണു പരിഗണനയിൽ. നിക്ഷേപ തുകയ്ക്ക് ആനുപാതികമായി പ്രതിമാസ വിഹിതത്തിൽ മാറ്റം വരും. പ്രതിവർഷം 10 ശതമാനം പലിശ നൽകാനാണ് ശുപാർശ. മൂന്നു വർഷത്തെ ഒരുമിച്ചുള്ള പലിശവളർച്ചാ നിരക്കു കണക്കിലെടുത്താണു ബാങ്ക് നിരക്കിനേക്കാൾ ഉയർന്ന ലാഭവിഹിതം ഉറപ്പാക്കുന്നത്. നിശ്ചിത തുക നിക്ഷേപിച്ചാൽ മൂന്നു വർഷത്തിനുശേഷം ഓരോ മാസവും ലാഭവിഹിതം ലഭിക്കും. മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചാൽ 3,400 രൂപ വരെ ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം ജീവിതപങ്കാളിക്കു വിഹിതം തുടർന്നു ലഭിക്കും. അതുകഴിഞ്ഞാൽ നോമിനിക്കു ലഭിക്കും.



Related News


Special Story