Newage News
22 Feb 2021
ദില്ലി: നികുതി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യാ സർക്കാരിനെതിരെ അമേരിക്കൻ കോടതിയെ സമീപിച്ചിരിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ കെയ്ൺ, കേസ് ഒത്തുതീർക്കാമെന്ന പ്രതീക്ഷയിൽ. കേസിൽ കേന്ദ്രസർക്കാരുമായി വിവിധ സാധ്യതകൾ ചർച്ച ചെയ്തതായി കമ്പനി വ്യക്തമാക്കി. അതേസമയം അമേരിക്കയിലെ കോടതിയെ സമീപിച്ച കെയ്ൺ കമ്പനിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ പോയേക്കുമെന്നും വിവരമുണ്ട്.
നികുതി തർക്കവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി ഇന്ത്യക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരം കമ്പനിക്ക് ഇന്ത്യൻ സർക്കാർ നൽകണമെന്ന ആർബിട്രേഷൻ വിധി പാലിക്കാത്തതിനെ ചോദ്യം ചെയ്താണ് കമ്പനി ഇപ്പോൾ അമേരിക്കൻ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്ത 60 ദിവസത്തിനുള്ളിൽ കേസിൽ ഒരു ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കിയില്ലെങ്കിൽ രാജ്യം ആഗോള തലത്തിൽ ദുഷ്പേരിന് പാത്രമായേക്കും.
ബ്രിട്ടനുമായുള്ള വാണിജ്യ ഉടമ്പനി തെറ്റിച്ച് കമ്പനിക്കെതിരെ കേന്ദ്രസർക്കാർ നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു ആർബിട്രേഷൻ വിധി. കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യൺ ഡോളർ നൽകണമെന്നും വിധിച്ചു. വിധി പ്രകാരം പണം നൽകേണ്ട കേന്ദ്രസർക്കാർ ഇതുവരെ ഇത് നൽകിയിട്ടില്ല. ഇന്ത്യാ ഗവൺമെന്റിൽ നിന്നും പണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കൻ കോടതിയെ കമ്പനി സമീപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പണം നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ ആസ്തികൾ കണ്ടുകെട്ടാൻ കമ്പനിക്ക് കഴിയും. അതിനാലാണ് അമേരിക്കൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ വിജയിക്കുന്നതോടെ ഇന്ത്യാ ഗവൺമെന്റിന്റെ ആസ്തികൾ കണ്ടുകെട്ടാനാവും കമ്പനിയുടെ നീക്കം.