CORPORATE

ബിഎസ്എൻഎ‍ൽ ജീവനക്കാരുടെ ശമ്പളം രണ്ടാം മാസവും മുടങ്ങി; കേരളത്തിലെ ജീവനക്കാർക്ക് ഇത്തവണ ഓണം ‘പരിധിക്കു പുറത്ത്'

10 Sep 2019

ന്യൂഏജ് ന്യൂസ്, കോട്ടയം ∙ ബിഎസ്എൻഎ‍ൽ ജീവനക്കാരുടെ ശമ്പളം  രണ്ടാം മാസവും മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. എന്നു കിട്ടുമെന്ന്  സൂചനയുമില്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ ജീവനക്കാർക്കും 2 മാസമായി ശമ്പളം മുടങ്ങി. കേരളത്തിലെ ഉൾപ്പെടെ ബിഎസ്എൻഎൽ കരാർ ജീവനക്കാർക്ക് കരാർത്തുക 6 മാസമായി കിട്ടുന്നില്ല. ഓണം ബാങ്ക് അവധികൾ വരുന്നതിനാൽ കേരളത്തിലെ ബിഎസ്എൻഎൽ ജീവനക്കാർക്ക് ഇത്തവണ ഓണം ‘പരിധിക്കു പുറത്താകും’.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എൻഎല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കും. 4 ജി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങുക. ബിഎസ്എൻഎൽ– എംടിഎൻഎൽ എന്നിവയുടെ ആസ്തി ബാധ്യതകൾ പുതിയ കമ്പനിയിലേക്ക് (എസ്പിവി) മാറ്റുന്ന നടപടിയും  ആരംഭിക്കും. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ രക്ഷാ പാക്കേജ് നിർദേശങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയിരുന്നു.

4ജി സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച നിയമ പ്രശ്നങ്ങളിൽ തീരുമാനം വൈകുന്നതാണു നിർദേശങ്ങൾ നടപ്പാക്കാൻ വൈകുന്നതിൽ ഒരു കാരണം. 4ജി സ്പെക്ട്രം ലേലത്തിൽ ബിഎസ്എൻഎൽ പങ്കെടുത്തില്ല. പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ലേലം കൂടാതെ നൽകരുതെന്നു സുപ്രീംകോടതി നിർ‍ദേശമുണ്ട്. 14,000 കോടി രൂപയാണു ബിഎസ്എൻഎല്ലിനു 4ജി ലഭ്യമാക്കാൻ ചെലവു പ്രതീക്ഷിക്കുന്നത്.

Content Highlights: bsnl employees salary not given for the second continous month



Related News


Special Story