CORPORATE

ബിഎസ്എൻഎൽ പുനരുദ്ധാരണ നിർദേശങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രലയം; മന്ത്രിസഭാ ഉപസമിതിയുടെ പാക്കേജ് പുതുക്കേണ്ടി വരും

20 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനുള്ള പുനരുദ്ധാരണ പാക്കേജ് പുതുക്കേണ്ടി വരും. നിലവിൽ തയാറാക്കിയ റിപ്പോർട്ട് സാമ്പത്തിക ബാധ്യത ഭയന്ന് നടപ്പാക്കാൻ കഴിയില്ലെന്നു ധനമന്ത്രാലയം നിലപാട് എടുത്തതോടെയാണിത്.

ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയാണ് പാക്കേജിനു രൂപം നൽകിയതെങ്കിലും പണം അനുവദിക്കാനാവില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു അഭിപ്രായം തേടിയതായും സൂചനയുണ്ട്.

സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുകയെന്ന നിർദേശമായിരുന്നു പാക്കേജ് പ്രധാനമായും മുന്നോട്ടുവച്ചത്.  കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഇതു കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും പണം അനുവദിക്കാൻ കഴിയില്ലെന്നും ധനമന്ത്രാലയം നിലപാട് എടുത്തു. ബിഎസ്എൻഎല്ലിനു 4 ജി അനുവദിക്കുന്നതിനു സർക്കാർ പണം അനുവദിക്കണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, അതിനുള്ള പണം ബിഎസ്എൻഎൽ തന്നെ കണ്ടെത്തണമെന്ന നിർദേശം മുന്നോട്ടുവച്ചു സർക്കാർ കയ്യൊഴിഞ്ഞതോടെ റിപ്പോർട്ട് പുതുക്കേണ്ടി വരും.  പാക്കേജിന് അന്തിമ രൂപം നൽകിയ മന്ത്രിസഭാ ഉപസമിതിയിൽ ധനമന്ത്രി നിർമലാ സീതാരാമനും ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല.



Related News


Special Story