Newage News
09 Jul 2020
മുംബൈ: റെയിൽവേയുടെ അഭിമാന പദ്ധതികളായ ബുള്ളറ്റ് ട്രെയിനും ചരക്ക് ഇടനാഴിയും വൈകില്ലെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി കെ യാദവ്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിൽ പദ്ധതികൾ വൈകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കൊവിഡിനെ തുടർന്ന് തടസ്സപ്പെട്ട സാഹചര്യത്തിലാണ് ചെയർമാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ചരക്ക് ഇടനാഴി പദ്ധതി 81,000 കോടിയുടേതാണ്. റെയിൽവേയുടെ ഏറ്റവും വലിയ പദ്ധതിയുമാണിത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് 1,839 കിലോമീറ്റർ ദൂരെ കൊൽക്കത്തയ്ക്ക് അടുത്ത് ദങ്കുനി വരെയും ദില്ലിയിൽ നിന്ന് 1,483 കിലോമീറ്റർ ദൂരെ മുംബൈ വരെയും നീളുന്ന രണ്ട് ചരക്ക് ഇടനാഴികൾക്കായി ആവിഷ്കരിച്ചതാണ് പദ്ധതി.
പദ്ധതിക്ക് വേണ്ടി 99 ശതമാനം ഭൂമിയും ഏറ്റെടുത്തു. 2021 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. 70 ശതമാനം ചരക്ക് ട്രെയിനുകളും ഈ പാളങ്ങളിൽ കൂടിയാവും സഞ്ചരിക്കുക. ഇത് യാത്രാ ട്രെയിനുകൾക്ക് സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.