CORPORATE

രാജ്യത്ത് വിമാനസർവീസുകളുടെ എണ്ണത്തിലുണ്ടായ കുറവുകൾ പരിഹരിക്കാൻ നീക്കവുമായി എയർഇന്ത്യ; 19 വിമാനങ്ങൾ അടിയന്തരമായി നന്നാക്കിയെടുത്ത് സർവീസിനുപയോഗിക്കാൻ തീരുമാനം

14 May 2019

ന്യൂഏജ് ന്യൂസ്, നെടുമ്പാശേരി ∙ ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റ് പ്രശ്നങ്ങൾ മൂലം രാജ്യത്ത് വിമാനസർവീസുകളുടെ എണ്ണത്തിലുണ്ടായ കുറവുകൾ പരിഹരിക്കാൻ എയർഇന്ത്യ ഒരുങ്ങുന്നു. ക്രമമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പറക്കാൻ കഴിയാതായ 19 വിമാനങ്ങൾ അടിയന്തരമായി നന്നാക്കിയെടുത്ത് സർവീസിനുപയോഗിക്കാനാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്. വിമാനങ്ങളുടെയും എൻജിനുകളുടെയും തകരാർ പരിഹരിക്കാൻ വിലയേറിയ സ്പെയർപാർട്സ് വേണ്ടി വരുന്നതിനാലാണ് മിക്കവയും കട്ടപ്പുറത്തായത്. 500 കോടിയോളം രൂപ അറ്റകുറ്റപ്പണികൾക്കു വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

രാജ്യത്ത് ഇപ്പോൾ നിലവിലുള്ള അവസരവും അടുത്തു വരുന്ന യാത്രാ സീസണും ഉപയോഗപ്പെടുത്തുന്നതു വഴി നേട്ടമുണ്ടാക്കാനാണ് എയർഇന്ത്യയുടെ ശ്രമം. ഉപയോഗിക്കാതിരിക്കുന്ന വിമാനങ്ങളിൽ പത്തെണ്ണവും എയർബസിന്റെ എ320 വിമാനങ്ങൾ ആണ്. ബാക്കിയുള്ളവ ബോയിങ് 787–800 ഡ്രീംലൈനർ, 777 ഇനങ്ങളിലുള്ള വിമാനങ്ങളാണ്.

ഇതിനിടെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എല്ലാ വിമാനങ്ങളിലും യാത്രക്കാർക്ക് വൈഫൈ സ്ട്രീമിങ് സ്ക്രീനുകൾ ഒരുക്കുന്നു. ഇതിനായുള്ള ടെൻഡർ ക്ഷണിച്ചു. ഈ വർഷാവസാനത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. 

5 വർഷത്തേക്കാണ് കരാർ നൽകുക. ഇതുവഴിയുള്ള പരസ്യത്തിൽനിന്നു  ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കരാറുകാർക്ക് ലഭിക്കും. കുറഞ്ഞത് 500 മണിക്കൂറെങ്കിലും ആസ്വദിക്കുന്നതിനുള്ളവ ഇതിലുണ്ടാകും ഇതോടൊപ്പം ഭാവിയിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ ആസ്വദിക്കാനുമാകണം.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം