LAUNCHPAD

സർക്കാർ വാഹനങ്ങളുടെ 10 % വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നു; നിർദേശം ധനവകുപ്പിന്റെ പരിഗണനയിൽ

15 Jul 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ സർക്കാർ വാഹനങ്ങളുടെ  10 % വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നു . പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിനു നിയന്ത്രണം  ഉൾപ്പെടെയുള്ള  നിർദേശങ്ങൾ സർക്കാരിന്റെ  പരിഗണനയിലാണ് .സർക്കാർ വകുപ്പുകൾക്കു പുതിയ വാഹനങ്ങൾ ആവശ്യമെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ നൽകാൻ തയാറാണെന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ( ഇഇഎസ്എൽ )  നിർദേശം വച്ചു . ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ച   ധനവകുപ്പിന്റെ അനുമതിക്കു കാത്തിരിക്കുകയാണ്. പ്രാരംഭമായി  14 ജില്ലകളിലും ആർടിഒമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉടനെ വിതരണം ചെയ്യും.

ഉൗർജ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇഇഎസ്എൽ ,  വൈദ്യുത വാഹനങ്ങൾ നൽകുന്നതു സംബന്ധിച്ചു 3 നിർദേശങ്ങളാണു  വച്ചിട്ടുള്ളത്. ഡ്രൈവർ ഉൾപ്പെടെയും ഡ്രൈവർ ഇല്ലാതെയുമുള്ള വാഹനങ്ങൾ,   വാഹനം വിലകൊടുത്തു വാങ്ങുന്നത് എന്നിങ്ങനെ . ഡ്രൈവർ ഉൾപ്പെടെ വാഹനം നൽകുന്നതിനു പ്രതിമാസം 40,000 രൂപ വാടക നൽകണം. ഡ്രൈവറില്ലാതെ ഇത് 22,500 രൂപയാണ്. 11.8 ലക്ഷം രൂപയ്ക്കു വാഹനം വിലയ്ക്കു വാങ്ങാം. ആഴ്ചയിൽ 6 ദിവസം 8 മണിക്കൂർ ഇഇഎസ്എല്ലിന്റെ ചെലവിൽ ഡ്രൈവറുടെ സേവനം ലഭ്യമാക്കും. ദിവസം 80 കിലോമീറ്റർ വാഹനം ഓടിക്കും. അധിക കിലോമീറ്ററിനു 3 രൂപ വീതം നൽകണം .

വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതും അറ്റകുറ്റപ്പണികളും ഇഇഎസ്എല്ലിന്റെ ചുമതലയായിരിക്കും. വാഹന പാർക്കിങ്ങിനും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനും അതതു സ്ഥാപനം സ്ഥലം നൽകണം. വൈദ്യുതിയുടെ വില, ടോൾ, നികുതി എന്നിവയും അതതു സ്ഥാപനങ്ങളുടെ ചുമതലയാവും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇഇഎസ്എൽ നിർവഹിക്കും . തകരാറിലാവുന്ന വാഹനങ്ങൾക്കു പകരം വാഹനം നൽകും.നിലവിൽ ഗുജറാത്ത്, ആന്ധ്രപ്രദേശ് സർക്കാരുകൾ ഇഇഎസ്എല്ലുമായി കരാർ ഒപ്പിട്ടു . ഗുജറാത്ത് സർക്കാർ വാഹനങ്ങളിൽ 10 % ഒരു വർഷത്തിനകം  വൈദ്യുത വാഹനങ്ങളാക്കാനും 10 വർഷംകൊണ്ടു  പൂർണമായും വൈദ്യുത വാഹനങ്ങളാക്കാനാണു കരാർ.

ദീർഘയാത്ര  ആവശ്യമില്ലാത്ത വാഹനങ്ങൾ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനാണ് സർക്കാരിന്റെ ആലോചന.

സെക്രട്ടേറിയറ്റിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഇൻഫോപാർക്ക്, ടെക്നോ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ വാഹനങ്ങൾ എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങളാക്കും . നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസ്, നിതി ആയോഗ്, ഉൗർജ മന്ത്രാലയം  എന്നിവിടങ്ങളിലെല്ലാം  ഇലക്ട്രിക് വാഹനങ്ങളാണ്  ഉപയോഗിക്കുന്നത് .

മുച്ചക്രം, ഇരുചക്ര വാഹനങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഓട്ടമൊബീൽ വ്യവസായം പഠനം നടത്തും.2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും, 2025 ൽ ഇരുചക്ര വാഹനങ്ങളും പൂർണമായും ഇലക്ട്രിക് മോഡലിലേക്ക് മാറ്റണമെന്നാണ് നിതി ആയോഗ് നിർദേശിക്കുന്നത്.രണ്ടാഴ്ചയ്ക്കകം നിർദേശം സമർപ്പിക്കാൻ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ നിതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 4 മാസം സമയം ഓട്ടമൊബീൽ വ്യവസായം ആവശ്യപ്പെട്ടിരുന്നു.100% ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കണമെന്ന നിതി ആയോഗിന്റെ നിർദേശം പ്രമുഖ വാഹന നിർമാതാക്കൾ എതിർത്തിരുന്നു. എന്നാൽ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് നിർമാതാക്കളുടെ വാദം.



Related News


Special Story