15 Jul 2019
ന്യൂഏജ് ന്യൂസ്, കൊച്ചി ∙ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ, ഓഹരിയാക്കി മാറ്റാനാകാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) 16 മുതൽ പൊതുവിപണിയിൽ. 150 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്ര തന്നെ തുകയ്ക്കുകൂടി അനുമതി ഉള്ളതിനാൽ 300 കോടി രൂപ വരെ സമാഹരിക്കാനാകും. 400 ദിവസം മുതൽ 84 മാസം വരെ കാലാവധിക്കുള്ളിൽ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് 9.25% മുതൽ 10.67% വരെ നിരക്കിൽ പലിശ ലഭിക്കും. 84 മാസ കാലാവധി നിക്ഷേപങ്ങളിൽ ഒന്ന് തുക ഇരട്ടിയാകുന്ന പദ്ധതിയാണ്.
കടപ്പത്രങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ കാലാവധിക്കുമുൻപ് ആവശ്യമെങ്കിൽ നിക്ഷേപകർക്കു പണമാക്കി മാറ്റാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. സമാഹരിക്കുന്ന തുക വായ്പ ഇടപാടുകൾക്കായാണ് ഉപയോഗിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മാത്യു കെ.ചെറിയാൻ അറിയിച്ചു.