CORPORATE

സൗദി അരാംകോയുടെ കടപ്പത്ര വിൽപന വൻ വിജയം; ലഭിച്ചത് 10000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപ ഓർഡർ

12 Apr 2019

ന്യൂഏജ് ന്യൂസ്, ലണ്ടൻ ∙ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ 1200 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടു പുറത്തിറക്കിയ കടപ്പത്രത്തിന് രാജ്യാന്തര വിപണിയിൽ പടുകൂറ്റൻ പ്രതികരണം. 10000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപ ഓർഡർ കിട്ടിയെന്നു കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും ലാഭം നേടിയ കമ്പനിയാണ് അരാംകോ. 11110 കോടി ഡോളർ (ഏകദേശം 7.8 ലക്ഷം കോടി രൂപ) ലാഭം നേടിയ കമ്പനി ആപ്പിൾ അടക്കമുള്ള ടെക് കമ്പനികളെയും മറ്റ് എണ്ണക്കമ്പനികളെയും ബഹുദൂരം പിന്നിലാക്കിയിരുന്നു.

അമേരിക്കൻ ടെക്നോളജി കമ്പനികളിലടക്കം വലിയ നിക്ഷേപം നടത്തി എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കടപ്പത്രം വഴി നടത്തുന്ന ധനസമാഹരണം. ഇതുവരെ ലാഭക്കണക്കു പുറത്തുവിടാതിരുന്ന കമ്പനി ഇപ്പോൾ അതു ചെയ്തത് കടപ്പത്രത്തിനു മികച്ച പ്രതികരണം നേടാനായിരുന്നു.

സൗദി സർക്കാരിന്റെതന്നെ നിക്ഷേപ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൗദി ബേസിക് ഇൻഡസ്ട്രീസ് എന്ന പെട്രോ കെമിക്കൽ കമ്പനി ഏറ്റെടുക്കാൻ അരാംകോ കടപ്പത്ര വിൽ‌പനയിലൂടെ കിട്ടിയ പണം ഉപയോഗിക്കും. ഇങ്ങനെ കിട്ടുന്ന പണം സൗദി നിക്ഷേപ കമ്പനി സൽമാൻ രാജകുമാരന്റെ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കും. അദ്ദേഹമാണ് നിക്ഷേപ കമ്പനിയുടെ ചെയർമാൻ.

സൗദി അരാംകോയുടെ ഓഹരി പൊതുവിപണിയിലെത്തിക്കാൻ ഐപിഒ നടത്താൻ ഏറെ പരിശ്രമിച്ചെങ്കിലും അതു നടക്കാതായ വേളയിലാണ് കടപ്പത്ര വിൽപനയ്ക്കു തീരുമാനമെടുത്തത്. ഐപിഒ ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും നടക്കാമെന്നും കമ്പനി പറയുന്നു. കമ്പനിയുടെ ഓഹരികൾക്ക് എത്രത്തോളം നിക്ഷേപക പ്രീതി നേടാനാകുമെന്നതിന്റെ സൂചനയായിട്ടുണ്ട് കടപ്പത്ര വിൽപന.

പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ നിഷ്ഠുരവധത്തെത്തുടർന്ന് പാശ്ചാത്യലോകത്ത് സൗദിയും സൽമാൻ രാജകുമാരനും നേരിട്ട അപ്രീതി അരാംകോയുടെ സാമ്പത്തിക ശക്തിയിലുള്ള വിശ്വാസത്തെ ബാധിച്ചില്ലെന്നും കടപ്പത്രവിജയം സൂചിപ്പിക്കുന്നു.

സൗദി സർക്കാർ പുറപ്പെടുവിച്ച കടപ്പത്രങ്ങളെക്കാൾ കുറഞ്ഞ ആദായ നിരക്കാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സർക്കാരിനെക്കാൾ കുറഞ്ഞ ചെലവിൽ പണം സമാഹരിക്കാൻ സർക്കാരിന്റെ കമ്പനിക്കു കഴിയുന്നു എന്ന കൗതുകവുമുണ്ട്.


ലാഭക്കൊടുമുടി (2018ലെ ലാഭം)

  • സൗദി അരാംകോ - 11,110 കോടി ഡോളർ
  •  ആപ്പിൾ - 5,950 കോടി ഡോളർ
  •  ഗൂഗിൾ (ആൽഫാബെറ്റ്‌)  - 3,070 കോടി ഡോളർ
  •  ഷെൽ - 2,390 കോടി ഡോളർ
  •  എക്സൽ മൊബിൽ  - 2,080 കോടി ഡോളർ



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം