TECHNOLOGY

ഇഒഎസ് 1ഡിഎക്‌സ് മാര്‍ക് III അവതരിപ്പിക്കുമെന്ന് ക്യാനന്‍; നീക്കം പ്രൊഫഷണലുകളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

08 Nov 2019

ന്യൂഏജ് ന്യൂസ്, ക്യാമറ നിര്‍മാണത്തിന്റെ മികച്ച ഉദാഹരണങ്ങളായ നിക്കോണ്‍ ഡി6, സോണി എ9 II എന്നീ ക്യാമറകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ തങ്ങളുടെ ഇഒഎസ് 1ഡിഎക്‌സ് മാര്‍ക് III (EOS-1D X Mark III) അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ക്യാമറാ ബോഡി തന്നെ വേണമെന്നു ശഠിക്കുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി, എടുക്കുന്ന ചിത്രത്തിന്റെ ഗുണമേന്മ, ബോഡിയുടെ കരുത്ത്, അതിവേഗം ചിത്രങ്ങള്‍ പകര്‍ത്താനുള്ള കഴിവ് എന്നീ ശേഷികളടക്കം ഒരുമിപ്പിച്ചായിരിക്കും കരുത്തന്‍ ക്യാമറ പുറത്തിറക്കുക എന്ന് കമ്പനി പറഞ്ഞു. സ്‌പോര്‍ട്‌സ്, വന്യജീവി ഫോട്ടോഗ്രാഫര്‍മാരായിരിക്കും ഈ ക്യാമറ കയ്യിലെടുക്കാന്‍ ആഗ്രഹം കൂടിയവര്‍. എന്തായാലും ഇഒഎസ്-1ഡിഎക് മാര്‍ക് III കയ്യിൽപിടിച്ച ഫോട്ടോഗ്രാഫര്‍മാരെ അടുത്ത ടോക്കിയോ ഒളിംപിക്‌സില്‍ കാണാം.


ചില മേന്മകള്‍

പുതുപുത്തന്‍ സീമോസ് സെന്‍സറും ക്യാനന്റെ ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ശക്തി കൂട്ടിയ ഡിജിക് പ്രോസസറും ഒത്തു പ്രവര്‍ത്തിക്കുമ്പോള്‍ ഇക്കാലത്തെ ക്യാമറയില്‍ സാധ്യമായ പ്രടകനത്തികവ് കാണാനായേക്കും. പുതിയ ക്യാമറയില്‍ അവതരിപ്പിക്കുന്ന ഡ്യൂവല്‍ പിക്‌സലിന് 525 ഓട്ടോഫോക്കസ് ഏരിയയുണ്ടായിരിക്കും. അത് തിരശ്ചീനമായി വ്യൂഫൈന്‍ഡറിന്റെ 90 ശതമാനവും, ലംബമായി 100 ശതമാനവും നിറഞ്ഞു നില്‍ക്കും. ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറിലൂടെയുള്ള ഓട്ടോഫോക്കസ് സിസ്റ്റത്തിന് നിലവിലുള്ള 1ഡിഎക്‌സ് മാര്‍ക് IIനെക്കാള്‍ 28 ശതമാനം റെസലൂഷനുണ്ടായിരിക്കുമെന്ന് ക്യാനന്‍ അറിയിച്ചു. വെളിച്ചക്കുറവിലും അമിത പ്രകാശമുള്ളപ്പോഴും എല്ലാം ഇത് ഉപകരിക്കുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ പുതിയ ഓട്ടോഫോക്കസ് അല്‍ഗോറിതങ്ങളില്‍ ഡീപ് ലേണിങ്ങിന്റെ ശക്തി ഇണക്കിയിരിക്കുന്നുവെന്നും കമ്പനി പറഞ്ഞു. പുതിയ രീതിയില്‍ എഎഫ് ഓണ്‍ ബട്ടണിലൂടെ ഓട്ടോഫോക്കസ് പോയിന്റുകളെ വരുതിയില്‍ നിർത്താമെന്നും കമ്പനി പറയുന്നു.

എത്ര എംപി സെന്‍സറായിരിക്കുമെന്ന് ക്യാനന്‍ പറഞ്ഞില്ല. പക്ഷേ, ഇത്തരം ക്യാമറകള്‍ക്ക് അധികം റെസലൂഷന്‍ ഉണ്ടാവണമെന്നില്ല. വെളിച്ചക്കുറവില്‍ ഗംഭീര പ്രകടനം നടത്തുമെന്നാണ് കമ്പനി പറയുന്നത്. ഹൈ ഐസോ പ്രകടനം മികച്ചതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ സാധാരണമായ ജെയ്‌പെഗ്, റോ ഫയലുകള്‍ക്കു പുറമെ, 10-ബിറ്റ് ഹെയ്ഫ് (HEIF) ഫയലുകളും റെക്കോർഡ് ചെയ്യാനാകും. (High Efficiency Image File Format, അല്ലെങ്കില്‍ ഹെയ്ഫ് ഫോര്‍മാറ്റ് ആപ്പിളിന്റെ ഐഒഎസ് 11ല്‍ ഇടംപിടിച്ചതോടെ, അതിന്റെ രാശി തെളിയുകയായിരുന്നു. ഈ ചിത്രങ്ങള്‍ക്ക് സാധാരണ ജെയ്‌പെഗ് ചിത്രങ്ങളേക്കാള്‍ ടോണല്‍ റെയ്ഞ്ച് കൂടുതലുണ്ടായിരിക്കുമെന്നാണ് പറയുന്നത്. 8-ബിറ്റ് ജെപെയ്ഗിനെക്കാള്‍ മികച്ചതായിരിക്കും ഇവയത്രെ.) റോ ചിത്രങ്ങളെടുത്ത് അധികം പ്രോസസിങ് നടത്തി സമയം കളയാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും ജെപെയ്ഗിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ വേണമെന്നുള്ളവര്‍ക്കും ഉപയോഗിക്കാവുന്നവയായിരിക്കും ഇവ. ജെപെയ്ഗിനെക്കാള്‍ സൈസ് കുറവാണ് എന്നതാണ് ഹെയ്ഫിന്റെ ഐഒഎസ് പ്രവേശനത്തിന്റെ കാരണങ്ങളിലൊന്ന്.


ഷൂട്ടിങ് സ്പീഡ്

എതിരാളികളെ ക്യാനന്‍ മലര്‍ത്തിയടിക്കുന്ന ഒരു മേഖലയാണ് ഷൂട്ടിങ് സ്പീഡ്. സോണിയുടെ എ9 മാര്‍ക് IIന് മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ച് 10 ഫ്രെയ്‌മെ എടുക്കാനാകു. സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ടു ചെയ്യണമെങ്കില്‍ ഇലക്ട്രോണിക് ഷട്ടറിനെ ആശ്രയിക്കണം. റോളിങ് ഷട്ടര്‍ എന്ന പ്രശ്‌നമാണ് ഇലക്ട്രോണിക് ഷട്ടറിന്റെ കുഴപ്പം. സോണി വളരെ മികച്ച രീതിയില്‍ തന്നെയാണ് ഇലക്ട്രോണിക് ഷട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാലും ചുരുക്കമായെങ്കിലും പ്രശ്‌നം കണ്ടാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു ഫ്രെയിം പോലും നഷ്ടപ്പെടുത്താന്‍ കഴിഞ്ഞേക്കില്ല. ഇവിടെയാണ് ക്യാനന്‍ ഇന്ദ്രജാലം കാണിക്കുന്നത്. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചും ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചും സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ടു ചെയ്യാം! ഇത് ലൈവ് വ്യൂ ഉപയോഗിക്കുമ്പോഴാണ് സാധിക്കുന്നത്. ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറിലൂടെ നോക്കിയാണെങ്കില്‍ സെക്കന്‍ഡില്‍ 16 ഫോട്ടോ എടുക്കാം.

ക്യാനന്‍ ഇന്നേവരെ ഇറക്കിയിരിക്കുന്ന ഏറ്റവും മികച്ച ഇഒഎസ് ക്യാമറെയേക്കാളും മികവാർന്ന വിഡിയോ പ്രകടനവും ഈ ക്യാമറ നടത്തും. ക്യാമറയ്ക്ക് 10-ബിറ്റ്, 4:2:2 വിഡിയോ ക്ലിപ്പുകള്‍ 4K/60p വരെ എടുക്കാം. സി-ലോഗ് പ്രൊഫൈലും നല്‍കിയിരിക്കുന്നതിനാല്‍ ഉപയോക്താവിന് വിഡിയോ ഫയലുകളെ ഗ്രെയ്ഡ് ചെയ്യാം.

എന്നാല്‍ ഇന്‍ബോഡി സ്റ്റബിലൈസേഷന്‍ ഇല്ലാ എന്നത് ചില ഷൂട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെടാതെ വരികയും ചെയ്യാം. പക്ഷേ, ഇത്തരമൊരു ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് അത് ആവശ്യമായി വന്നേക്കില്ലെന്ന വാദവും ഉണ്ട്. ക്യാമറ എന്നു പുറത്തിറങ്ങുമെന്നോ, വില എന്തായിരിക്കുമെന്നോ ക്യാനന്‍ പറഞ്ഞില്ല.


ക്യാനന്റെ മിറര്‍ലെസ് സിസ്റ്റത്തിന് കൂടുതല്‍ ലെന്‍സുകള്‍

ക്യാനന്റെ ആര്‍എഫ് മൗണ്ടിന് രണ്ടു സുപ്രധാന ലെന്‍സുകള്‍ കമ്പനി അവതരിപ്പിച്ചു– RF 70-200എംഎം, F2.8L, RF 85എംഎം  F1.2L DS എന്നിവയാണവ. ഇവ രണ്ടും ഈ വര്‍ഷം തന്നെ ലഭ്യമാക്കുമെന്നും കമ്പനി പറഞ്ഞു. ഇവയില്‍ 70-200 ലെന്‍സ്, രൂപകല്‍പനയുടെ കാര്യത്തില്‍ ഒരേസമയം പ്രശംസയും രൂക്ഷ വിമര്‍ശനവും ഏറ്റുവാങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അമച്വര്‍ സൂമുകളെ പോലെ ഇതിന്റെ മുന്‍ എലമെന്റ് പുറത്തേക്കു തള്ളിവരുന്നത് ഇത്തരം ലെന്‍സുകള്‍ ഉപയോഗിച്ചു വന്നവര്‍ക്ക് വിലക്ഷണമായി തോന്നാമെന്നതാണ് വിമര്‍ശനത്തിനു കാരണം. സാങ്കേതികമായി പറഞ്ഞാല്‍ ഇന്റേണല്‍ഫോക്കസിങ് അല്ല. ഈ ലെന്‍സിന്റെ ചിത്രങ്ങള്‍ ആദ്യമായി പുറത്തു വന്നപ്പോള്‍ ഇതൊരു എൻജിനീയറിങ് മഹാസംഭവം ആയിരിക്കുമെന്നു വരെ കരുതിയിരുന്നു. എന്നാല്‍ ഈ ലെന്‍സിന് വലുപ്പം 5,8-ഇഞ്ച് ആണ്. കൊണ്ടു നടക്കാനും മറ്റും എളുപ്പമാണെന്നത് മറ്റൊരു കൂട്ടം ആളുകള്‍ക്ക് ആഹ്ലാദം പകരും. എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയുമില്ലെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവംബറില്‍ പുറത്തിറങ്ങുന്ന ഈ ലെന്‍സിന് 2,700 ഡോളറായിരിക്കും വില.

ആര്‍എഫ് മൗണ്ടിനു വേണ്ടിയുള്ള ക്യാനന്റെ 85എംഎം 1.2 ലെന്‍സാണിത്. പുതിയ ലെന്‍സിന് ഡീഫോക്കസ് സ്മൂതിങ് ഉണ്ട്. പന്ത്രണ്ട് ഗ്ലാസ് ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചിരിക്കുന്ന ലെന്‍സില്‍ രണ്ടെണ്ണത്തില്‍ പ്രത്യേക തരം ആവരണം പൂശിയിരിക്കുന്നു. അപൊഡൈസേഷന്‍ ഫില്‍റ്റര്‍ എന്നാണ് ഈ വിദ്യയെ വിശേഷിപ്പിക്കുന്നത്. ഫോട്ടോയില്‍ ഫോക്കസിലല്ലാത്ത ഭാഗങ്ങള്‍ക്ക് കൂടുതല്‍ വശ്യത കൈവരുമെന്നതാണ് ഇതിന്റെ പ്രായോഗിക ഗുണം. പക്ഷേ, ഈ ലെന്‍സിന് 1.5 സ്റ്റോപ് വരെ വെളിച്ച നഷ്ടം വരാമെന്നതിനാല്‍ ചിലര്‍ക്കെങ്കിലും നല്ലത് സാധാരണ വേര്‍ഷനായിരിക്കാം. ഡിസംബറില്‍ പറത്തിറങ്ങുന്ന ഈ ലെന്‍സിന് 3000 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ