Newage News
26 Nov 2020
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അടുത്തിടെ വര്‍ധിച്ച സംസ്ഥാനങ്ങള്‍ രോഗബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്നുമുതല്‍ വിവിധ സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിർദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൺടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഉത്സവ കാലത്ത് ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയും തൊട്ടുപിന്നാലെ ശൈത്യകാലം തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവും നില്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് പോലീസും മുനിസിപ്പല്‍ അധികാരികളും ഉറപ്പാക്കണം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.