TECHNOLOGY

ചന്ദ്രയാനെടുത്ത ചന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഓ

23 Aug 2019

ന്യൂഏജ് ന്യൂസ്, ശ്രീഹരിക്കോട്ട∙ ചന്ദ്രനിലേക്കുള്ള യാത്രയിൽ പുതിയ നാഴികക്കല്ലുകൾ താണ്ടി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്ആർഒ (ഇസ്രൊ). ചന്ദ്രയാൻ 2 പേടകത്തിൽ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഇസ്രൊ പുറത്തുവിട്ടു. ഓഗസ്റ്റ് 21ന് പേടകത്തിലെ ‘വിക്രം’ ലാൻഡറിലെ ക്യാമറയെടുത്ത ചിത്രമാണ് ഇസ്രൊ ട്വീറ്റ് ചെയ്തത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 2650 കിലോമീറ്റർ അകലെ നിന്നെടുത്തതാണു ചിത്രം.

ചന്ദ്രനിലെ പ്രശസ്തമായ മെറെ ഓറിയന്റൽ തടവും അപ്പോളോ വിള്ളലും കൃത്യമായി രേഖപ്പെടുത്തിയാണ് ചിത്രം ഇസ്രൊ പുറത്തുവിട്ടത്. ‘കിഴക്കൻ സമുദ്രം’ എന്നാണ് മെറെ ഓറിയന്റലിന്റെ ലാറ്റിൻ പേര്. ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളിൽ രൂപപ്പെട്ടതാണ് ഇതെന്നാണ് സൂചന. ഛിന്നഗ്രഹം വന്നിടിച്ചതാണെന്നും പറയപ്പെടുന്നു. അഗ്നിപർവത ശിലയായ ബസാൾട്ടിന്റെ സാന്നിധ്യവും വൻതോതിലുണ്ട് ഇവിടെ.

https://twitter.com/isro/status/1164535259561517058

മെറെ ഓറിയന്റലിനെ ഭൂമിയിൽ നിന്നു നിരീക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അതിനാൽത്തന്നെ ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതിനെപ്പറ്റിയുള്ള പഠനത്തിനു പ്രധാന ആശ്രയം. ഇസ്രൊ ചന്ദ്രന്റെ ആദ്യചിത്രം പുറത്തുവിട്ടപ്പോൾ ‘കിഴക്കൻ സമുദ്രത്തെ’ ഉൾപ്പെടുത്തിയതും അതുകൊണ്ടുതന്നെ. പ്രതിഫലന ശേഷി കുറഞ്ഞ മേഖലയായതിനാൽ ചന്ദ്രനിലെ ഇരുണ്ട മേഖലയാണ് ഇത്തരം ‘ലൂണാർ മെറെകൾ’. ബഹിരാകാശ യാത്രികർ ആദ്യകാലങ്ങളിൽ കരുതിയിരുന്നത് ഇത് വൻ കടലാണെന്നായിരുന്നു. പിന്നീടാണ് യഥാർഥ ചിത്രം വ്യക്തമാകുന്നത്. 950 കിലോമീറ്ററാണ് ഏകദേശം 300 കോടി വർഷം മുൻപ് രൂപപ്പെട്ട ഈ തടത്തിന്റെ വിസ്തൃതി.

ചന്ദ്രനിലെ പ്രശസ്തമായ വിള്ളലുകളിലൊന്നാണ് ദക്ഷിണാർധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന അപ്പോളോ ക്രേറ്റർ. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെട്ടതാണിതെന്നാണു കരുതുന്നത്. അതിന്റെ തെളിവായി ലാവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ചാന്ദ്രഗവേഷണത്തിലെ നിർണായക കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഈ വിള്ളൽ. നാസയുടെ അപ്പോളോ മിഷനുള്ള ബഹുമാന സൂചകമായാണ് ഈ പേര് നൽകിയത്. 538 കിലോമീറ്റർ വിസ്തൃതിയുള്ള ഈ വിള്ളലിനകത്തെ ചെറുവിള്ളലുകൾക്ക് നാസയുടെ ബഹിരാകാശ യാത്രികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. കൊളംബിയ സ്പെയ്സ് ഷട്ടിൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം വരിച്ച ഇന്ത്യൻ വംശജ കൽപന ചാവ്‌ലയുടെ പേരിലും ഒരു വിള്ളലുണ്ട് ഇവിടെ– ചാവ്‌ല ക്രേറ്റർ.

ജൂലൈ 22നാണ് ഇസ്രൊ ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. കഴിഞ്ഞദിവസം പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നിരുന്നു. ആദ്യഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി. 118x4412 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. അതായത് ചന്ദ്രനും പേടകവും തമ്മിലുള്ള കുറഞ്ഞ ദൂരം 118 കിലോമീറ്ററും കൂടിയത് 4412 കിലോമീറ്ററുമാണ്.

ഓരോ ഘട്ടത്തിലായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ യാത്ര. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 28, 30 സെപ്റ്റംബർ 1 തീയതികളിൽ നടക്കും. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽ നിന്ന് വിക്രം എന്നു പേരിട്ട ലാൻഡർ വിട്ടുമാറും. എല്ലാം വിജയകരമായാൽ സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2വിന്റെ ലാൻഡർ പറന്നിറങ്ങും, അതിൽ നിന്ന് റോവറും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ