TECHNOLOGY

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് ദിശമാറാനൊരുങ്ങി ഇന്ത്യയുടെ 'ചന്ദ്രയാൻ-2'; അതിനിർണ്ണായകം ഇനിയുള്ള ചുവടുകൾ

13 Aug 2019

രഞ്ജിത് ജോർജ്

ജൂലൈ 22നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ 2, വിക്ഷേപിച്ച് 16 മിനുട്ടുകൊണ്ട് വിജയകരമായി അതിന്റെ ആദ്യ ഭ്രമണപഥത്തിലെത്തിയ വാർത്ത നാമെല്ലാം വായിച്ചതും അറിഞ്ഞതുമാണ്. ഇസ്രോ സ്വന്തമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനത്തിലെ ക്രയോജനിക് എൻജിൻ നേരത്തെ കണക്കു കൂട്ടിയതുപോലെ തന്നെ ഭംഗിയായി പ്രവർത്തിച്ചത് ഏറെ അഭിമാനകരമായി. ഭൂമിയിൽ നിന്നുള്ള ഏറ്റവും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 1,42,975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ് പേടകം ഇപ്പോൾ ഭൂമിയെ ചുറ്റുന്നത്. ഇപ്പോഴിതാ പല ഘട്ടങ്ങളായി നടന്ന പേടകത്തിന്റെ ഭ്രമണപദമുയർത്തൽ പ്രക്രീയയ്ക്ക് ശേഷം ചന്ദ്രയാൻ അതിന്റെ ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ്.  ഇതുവരെയുള്ള ദൗത്യത്തിന്റെ ഓരോ ഘട്ടവും നമ്മുടെ ശാസ്ത്രഞ്ജർ കണക്കുകൂട്ടിയതുപോലെ തന്നെ നടന്നിരിക്കുന്നു. എന്നാൽ ഇനിയുള്ള ഘട്ടങ്ങളും പൂർത്തിയാക്കേണ്ട ദൗത്യങ്ങളുമാണ് സുപ്രധാനം. അതിനാണ് ചന്ദ്രയാൻ പേടകത്തിന്റെ അടുത്ത ഭ്രമണപഥം ഉയർത്തലോടെ തുടക്കമാകുന്നത്. സെപ്റ്റംബർ രണ്ടാം വാരത്തോടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുവാൻ ലക്ഷ്യമിടുന്ന പേടകത്തിന് ഇനിയുള്ള ഓരോ നീക്കവും നിർണായകമാകുന്നത് അതിൽ പലതും നാം ആദ്യമായി നടപ്പാക്കുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ്. ഇനിയുള്ള നിമിഷങ്ങളിൽ പലതും ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട നിമിഷങ്ങളാണ്. അത്രക്ക് നിർണായകം. 

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി നാം കരുതുന്നത് വിക്രം എന്ന ലാന്‍ഡറിന്റെ സോഫ്റ്റ്‍ലാന്‍ഡിങ് ആണ്. കേടുപാടുകള്‍ കൂടാതെ വളരെ കൃത്യതയോടെ, സൂക്ഷ്മതയോടെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യല്‍. ലോകത്തിലെ വളരെ കുറച്ചു രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സൂത്രവിദ്യ കൈവശമുള്ളൂ എന്നുമോര്‍ക്കണം. ചന്ദ്രനില്‍ ഇറങ്ങല്‍ ഭൂമിയില്‍വച്ച് പരീക്ഷിച്ചുനോക്കാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ ഏതാണ്ട് ഇല്ല എന്നു പറയാം. ഭൂമിക്ക് നല്ല കട്ടിയേറിയ ഒരു അന്തരീക്ഷമുണ്ട്. ചന്ദ്രനാകട്ടെ, അന്തരീക്ഷമേയില്ല. ചന്ദ്രനിലെ അന്തരീക്ഷമില്ലാത്ത അവസ്ഥ ഒരു പരിധിവരെ ഭൂമിയില്‍ സൃഷ്ടിക്കാം. പക്ഷേ കിലോമീറ്ററുകളോളം ഉയരത്തില്‍ ശൂന്യത സൃഷ്ടിച്ച് ഇതൊന്നും പരീക്ഷിച്ചുനോക്കാന്‍ കഴിയില്ല. ചൊവ്വയുടെ കാര്യമെടുത്താല്‍ അവിടെ ഭൂമിയോളമില്ലെങ്കിലും മോശമല്ലാത്ത ഒരു അന്തരീക്ഷമുണ്ട്. അതു മാത്രമല്ല, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലമല്ല ചന്ദ്രനിലും ചൊവ്വയിലും ടൈറ്റനിലും മറ്റും. ഓരോയിടത്തും ഓരോ ഗുരുത്വാകര്‍ഷണം. കാലാവസ്ഥയിലും ഇതേപോലെ മാറ്റം വരും.  ഭൂമിയിലെ ഗുരുത്വാകര്‍ഷണത്തെക്കാള്‍ ഏറെക്കുറവാണ് ചന്ദ്രനിലേത്. ഇതെല്ലാം പരിഗണിച്ചുവേണം സോഫ്റ്റ്‍ലാന്‍ഡിങ് എന്ന ‘മൃദുവിറക്കം’ പരീക്ഷിക്കാന്‍! ഇവിടെയാണ് കണക്കുകളുടെ കളി. വളരെ കിറുകൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തി വേണം നല്ലൊരു മൃദുവിറക്കം നടത്താന്‍. ചുരുക്കത്തില്‍ ഭൂമിയിവച്ച് പൂര്‍ണ്ണമായും നടത്തിനോക്കാത്ത ഒരു പരീക്ഷണമാണ് മറ്റേത് ഗ്രഹത്തിലെയും ഉപഗ്രഹത്തിലെയും ആദ്യ മൃദുവിറക്കം!

ഇറങ്ങേണ്ട ആകാശഗോളത്തിനനുസരിച്ച് രണ്ടു തരത്തില്‍ ലാന്‍ഡിങ് ആസൂത്രണം ചെയ്യാം. അന്തരീക്ഷമുള്ളിടത്ത് പാരച്യൂട്ട്പോലെയുള്ള വിദ്യകളെ ഉപയോഗിക്കാം. അതില്ലാത്ത ചന്ദ്രനെപ്പോലെയുള്ളിടത്ത് പൂര്‍ണ്ണമായും റോക്കറ്റുകളുടെ സഹായം വേണം. റോക്കറ്റുകള്‍ എന്നാല്‍ ജി എസ് എല്‍ വി പോലെ വലിയ റോക്കറ്റുകളല്ല, ചെറുറോക്കറ്റുകള്‍. ഇത് ലാന്‍ഡറിന്റെ ഭാഗമായി ഉണ്ടാവും. നമുക്ക് ചന്ദ്രന്റെ കാര്യമെടുക്കാം. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ വിക്രം ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടുമ്പോള്‍ മുതല്‍ സാങ്കേതികവിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും നെഞ്ചിടിക്കാന്‍ തുടങ്ങും. ചന്ദ്രന്റെ ആകര്‍ഷണ ബലത്തിനു വിധേയമായി പതിയെ വിക്രത്തിന്റെ പരിക്രമണപഥത്തിന്റെ ഉയരം കുറച്ചുകൊണ്ടുവരണം. ഇതിനും റോക്കറ്റുകളുടെ സഹായം വേണം. റിട്രോറോക്കറ്റുകള്‍ എന്നാണ് ഇവയെ വിളിക്കുക. ചന്ദ്രന്റെ ഏതാനും കിലോമീറ്റര്‍ അടുത്തെത്തിയാല്‍പ്പിന്നെ വേഗത പരമാവധി കുറയ്ക്കണം. ഇതിന് റിട്രോറോക്കറ്റുകള്‍ ഉപയോഗിച്ചേ തീരൂ. ചന്ദ്രന്റെ നേര്‍ക്കാവും ഈ റോക്കറ്റുകള്‍ ജ്വലിക്കുക. അതോടെ ലാന്‍ഡറിന്റെ വേഗത കുറയാന്‍ തുടങ്ങും. താഴോട്ടുള്ള വേഗത പരമാവധി കുറച്ച് സുരക്ഷിതമായ ലാന്‍ഡിങിന് കഴിയുന്നത്ര വേഗത കുറച്ചുകൊണ്ടുവരണം. ഇതിന് എത്രത്തോളം ഇന്ധനം കത്തിക്കണം എന്നതൊക്കെ മുന്‍കൂട്ടി നിശ്ചയിക്കുമെങ്കിലും യഥാര്‍ത്ഥ സാഹചര്യത്തില്‍ ഇതില്‍നിന്നും വ്യത്യാസം വരാൻ സാധ്യതയുണ്ട്. അങ്ങനെ വരുന്ന മാറ്റം ഭൂമിയില്‍നിന്നും നിയന്ത്രിക്കാനാവില്ല. അവിടെ വേഗതയും ചന്ദ്രനിലേക്കുള്ള ദൂരവും ഒക്കെ സ്വയം കണക്കുകൂട്ടി ലാന്‍ഡര്‍ തന്നെ വേണം റോക്കറ്റിന്റെ ജ്വലനം നിയന്ത്രിക്കാന്‍. ഇതിനുതകുന്ന കണക്കുകൂട്ടലുകള്‍ സ്വയം നടത്താൻ ശേഷിയുള്ള കമ്പ്യൂട്ടറുകള്‍ ലാന്‍ഡറില്‍ ഇസ്രോ ഒരുക്കിയിട്ടുണ്ട്.

ചന്ദ്രയാന്റെ കാര്യത്തില്‍ പതിനഞ്ചു മിനിറ്റാണ് ലാന്‍ഡിങിനു വേണ്ടിവരുന്നത്. ഈ സമയമത്രയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കാനേ ശാസ്ത്രജ്ഞർക്ക് നിവൃത്തിയുള്ളൂ. ഭൂമിയില്‍നിന്നുള്ള നിയന്ത്രണത്തിനൊക്കെ വളരെയേറെ പരിമിതിയുള്ള സമയമാണിത്. ലാന്‍ഡര്‍തന്നെ സ്വയം എല്ലാം കൈകാര്യം ചെയ്യേണ്ട അവസ്ഥ!  ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍ എന്നാണ് ഇസ്രോ ചെയര്‍മാന്‍ തന്നെ ഇതിനെ മുമ്പൊരിക്കൽ വിശേഷിപ്പിച്ചത്. 

നമ്മുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമായ ‘ചന്ദ്രയാൻ -2’ ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി സെപ്റ്റംബർ 7 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന കണക്കു കൂട്ടുന്നത്. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 14നു പുലർച്ചയോടെ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപദം ലക്ഷ്യമാക്കി സഞ്ചാരപഥം മാറ്റും. അതിനാവശ്യമായ വളരെ പ്രധാനപ്പെട്ടതും നിർണായകവുമായ 'ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ' എന്ന പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ നടക്കുന്നത്. ഇതോടുകൂടി ചന്ദ്രയാൻ -2 ഭൂമി വിട്ട് ചന്ദ്രനിലേക്ക് നീങ്ങും. ചാന്ദ്ര പര്യടനത്തിലെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിൽ ഒന്നാണി ഇഞ്ചക്‌ഷൻ ബേൺ പ്രോസസ്സ്. ഇഞ്ചക്‌ഷൻ ബേൺ പ്രോസസ്സ് എന്നാൽ ചന്ദ്രനിലേക്ക് ഒരു പേടകത്തെ കൃത്യമായി എത്തിക്കുന്നതിന് കൃത്യമായ ഭ്രമണപഥത്തിൽത്തന്നെ അതിനെ സ്ഥാപിക്കുന്ന പ്രക്രീയയാണ്. അവിടെ നിന്ന് ഘട്ടംഘട്ടമായി താഴെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇറങ്ങിയ ശേഷം ‘വിക്രം’ എന്ന ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിങ് നടത്തും. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് ‘പ്രഗ്യാൻ’ റോവർ പര്യവേഷണത്തിനായി പുറത്തേക്ക്. 

ആകെ 14 പരീക്ഷണ ഉപകരണങ്ങളാണ് ചന്ദ്രയാന്‍-2 ലുളളത്. ഒന്നൊഴികെ ബാക്കിയെല്ലാ ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെയാണ് വികസിപ്പിച്ചെടുത്തത്. ഒന്ന് വികസിപ്പിച്ചത് നാസയിലും. ഒരു ചന്ദ്രപകലാണ് വിക്രം ലാന്‍ഡറിന്‍റെ പ്രവര്‍ത്തന സമയം. ഭൂമിയിലെ 29 ദിവസവും 12 മണിക്കൂറും 44 മിനുട്ടും നീണ്ടുനില്‍ക്കുന്നതാണ് ഒരു ചന്ദ്രദിവസം. അപ്പോള്‍ ഏതാണ്ട് 14 ദിവസത്തോളം വിക്രം ലാന്‍ഡര്‍ പ്രവര്‍ത്തിക്കുമെന്ന് സാരം. മനുഷ്യരോ പേടകങ്ങളോ ഇതുവരെ സ്പര്‍ശിച്ചിട്ടില്ലാത്ത, സൂക്ഷ്മപഠനങ്ങള്‍ നടത്തിയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലാവും ചന്ദ്രയാന്‍ 2ലെ പര്യവേക്ഷണവാഹനം ഇറങ്ങുക. ചന്ദ്രനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഇത് സഹായിക്കും. ദക്ഷിണധ്രുവത്തില്‍ വാഹനമിറക്കുന്ന ആദ്യരാജ്യം എന്ന പദവിയും ഇന്ത്യക്ക് കിട്ടും! 

ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ജലസാന്നിധ്യം ഉൾപ്പെടെ നിർണായക വിവരങ്ങൾ ആ പേടകം മനുഷ്യരാശിക്കു കൈമാറി. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിൽ ചന്ദ്രയാന്റെ രണ്ടാം പതിപ്പ് വീണ്ടും ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഒന്നാം ദൗത്യത്തിൽനിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറായ 'പ്രഗ്യാൻ' ഈ ദൗത്യത്തിൽ പേടകത്തിലുണ്ട്. 3877 കിലോയാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ പൂർണഭാരം.

നമ്മുടെ തൊട്ട് അയല്‍വാസിയാണ് ചന്ദ്രന്‍.  ചന്ദ്രനെക്കുറിച്ച് പഠിക്കുക എന്നാല്‍ പ്രപഞ്ചത്തെക്കുറിച്ചുളള നമ്മുടെ അറിവുകള്‍ വര്‍ദ്ധിക്കുന്നു എന്നുകൂടിയാണ്. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഈ വിവരങ്ങള്‍ വിലപ്പെട്ടേക്കാം. കാത്തിരിക്കാം നമുക്ക്, ഇസ്‌റോയിൽ പൂർണ വിശ്വാസമുള്ളപ്പോഴും മുമ്പിലുള്ളത് നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളാണ് എന്ന് പറയാതെ വയ്യ. Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്