TECHNOLOGY

ചാന്ദ്രദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായെങ്കിലും കണ്ണിമ ചിമ്മാതെ ഇസ്രോയിലെ ശാസ്ത്രഞ്ജർ; ഇനിയുള്ള ദിനങ്ങൾ നിർണായകം

23 Jul 2019

ന്യൂഏജ് ന്യൂസ്, ചന്ദ്രയാൻ-രണ്ടുമായി ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയെങ്കിലും ഇനിയുള്ള ഘട്ടങ്ങളാണ് ഏറെ നിർണായകം. ചാന്ദ്രരഹസ്യങ്ങൾ തേടിയുള്ള ഇന്ത്യൻ ബഹിരാകാശയാത്രയുടെ രണ്ടാംഘട്ടമാണിത്. മുൻഗാമിയായ ചന്ദ്രയാൻ-ഒന്നിനെക്കാൾ ഏറെയുണ്ട് ഈ പിൻഗാമിക്കുചെയ്യാൻ.

 

ഭൂമിയെ ചുറ്റി 23 നാൾ

ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ചുറ്റി സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന തരത്തിലാണ് ചന്ദ്രയാൻ-രണ്ടിന്റെ സമയക്രമീകരണം. തിങ്കളാഴ്ചമുതൽ 23 ദിവസം പേടകം ഭൂമിയെ ചുറ്റും. തുടർന്ന് 23മുതൽ 30വരെ ദിവസങ്ങളിൽ അഞ്ചുതവണയായി പേടകത്തിന്റെ ഭ്രമണപഥം ഉയർത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണിത്.


13 നാൾ ചന്ദ്രനെ ചുറ്റും

13 ദിവസം ചന്ദ്രനെ ചുറ്റിയുള്ള സഞ്ചാരം. 43-ാം ദിവസം ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽനിന്ന് വിക്രം എന്ന ലാൻഡർ വേർപെട്ടുതുടങ്ങും. 48-ാം ദിനം വിക്രം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. മാൻസിനസ്-സി, സിംപീലിയസ്-എൻ എന്നീ വൻഗർത്തങ്ങൾക്ക് ഇടയിലെ സമതലത്തിലാകും വിക്രമിന്റെ ഇറക്കം.

 

നിർണായക നിമിഷങ്ങൾ

ഓർബിറ്റർവിട്ട് ചന്ദ്രോപരിതലത്തിലേക്കു സഞ്ചരിക്കുന്ന വിക്രത്തിന്റെ യാത്രയിൽ അവസാന 15 മിനിറ്റ് അതിനിർണായകമാണ്. ഈ ഘട്ടമാണ് ഐ.എസ്.ആർ.ഒ. തരണംചെയ്യേണ്ട പ്രധാന വെല്ലുവിളി. വിക്രം ചന്ദ്രനിലിറങ്ങുന്ന നിമിഷംമുതൽ അവിടെനിന്നുള്ള ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുതുടങ്ങും.


പ്രഗ്യാന്റെ പര്യവേക്ഷണം

വിക്രത്തിനൊപ്പമുള്ള പ്രഗ്യാൻ റോവർ നാലുമണിക്കൂറിനുള്ളിൽ ചന്ദ്രോപരിതലത്തിലിറങ്ങും. ചന്ദ്രോപരിതലത്തിന്റെ ഘടന, ജലസാന്നിധ്യം, ഹീലിയം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, അന്തരീക്ഷ താപനില തുടങ്ങിയ വിവരങ്ങൾ പ്രഗ്യാൻ ശേഖരിക്കും. ഇവ വിക്രത്തിലേക്കു കൈമാറും. വിക്രം അത് ഓർബിറ്ററിലേക്കു നൽകും. അവിടെനിന്നു ഭൂമിയിലേക്ക്.

  

ആയുസ്സ് 14 ദിവസം

ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്രദിനം. ചന്ദ്രനിൽ രാത്രി താപനില 180 ഡിഗ്രിയോളം വരും. ആ കാലാവസ്ഥയിൽ ലാൻഡറിന്റെ പ്രവർത്തനം നിലയ്ക്കും. അതുകൊണ്ട് ഭൂമിയിലെ 14 ദിവസമാണ് അവിടെ റോവറും ലാൻഡറും പ്രവർത്തിക്കുക. അതിനിടയിൽ നിർണായകവിവരങ്ങൾ ലഭ്യമാകും എന്നാണ് ഐ.എസ്.ആർ.ഒ.യുടെ പ്രതീക്ഷ. ഓർബിറ്റർ ചന്ദ്രനെ ചുറ്റി ഒരുവർഷം വിവരശേഖരണം നടത്തും.


നാലാം രാജ്യം

ചന്ദ്രയാൻ-രണ്ടിലൂടെ ഐ.എസ്.ആർ.ഒ. വലിയ നേട്ടങ്ങളാണു ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതു ചെറിയനേട്ടമല്ല. മുമ്പ് റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രം സാധിച്ചിട്ടുള്ള കാര്യമാണിത്. പ്രഗ്യാൻ റോവറിനെ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞാൽത്തന്നെ വലിയ വിജയമാണ്.

കഴിഞ്ഞ മേയിലാണ് വിക്ഷേപണം നടത്താനിരുന്നത്. ഇസ്രയേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഇതുവിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി തരണംചെയ്യാനുള്ള മാർഗങ്ങളും പഠിച്ചതിനുശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനൊരുങ്ങിയത്. Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്