TECHNOLOGY

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചൈനീസ് കുതിപ്പ്; 2 വർഷത്തിനകം ചൈന അമേരിക്കയെ കടത്തിവെട്ടി ലോകശക്തിയാകുമെന്ന് വിലയിരുത്തൽ

24 Apr 2019

ന്യൂഏജ് ന്യൂസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചൈന ഉടന്‍ അമേരിക്കയെ മറികടക്കുകയും ഇതുവഴി ലോകത്തെ പ്രധാന വന്‍ശക്തിയാകുകയും ചെയ്യുമോ? കടത്തിവെട്ടുമെന്ന കാര്യം മുന്‍ വര്‍ഷങ്ങളിലും പ്രവചിക്കപ്പെട്ടിരുന്നു. പക്ഷേ, മുന്‍ വിലയിരുത്തലുകള്‍ പ്രകാരം അതു സംഭവിക്കുക 2030 കാലഘട്ടത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മീഡിയം പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ഇത് അടുത്ത രണ്ടു വർഷത്തിനുള്ളില്‍ തന്നെ നടന്നാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ്. ഇതോടെ ആലസ്യം വിട്ട് അമേരിക്ക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റി ശക്തമായ വിയോജിപ്പുകളുമുണ്ട്.

ചൈനയുടെ കുതിപ്പിനെക്കുറിച്ചുള്ള പഠനം നടത്തിയത് അമേരിക്കയിലെ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകനായ പോള്‍ അലന്‍ ആണ് ഇതു സ്ഥാപിച്ചത്. ഇവരുടെ ഒരു ടൂള്‍ ആണ് സെമാന്റിക് സ്‌കോളര്‍ (emantic Scholar). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ മുഴുവന്‍ കണ്ടെത്തി വിശകലനം ചെയ്യാനാണിത് ഉപയോഗിക്കുന്നത്. അവരെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത് ചൈനയില്‍ നിന്നിറങ്ങുന്ന എഐ പേപ്പറുകളുടെ എണ്ണം മാത്രമല്ല നിലവാരവും കൂടെയാണ്. പ്രമാണങ്ങളാകാന്‍ പോകുന്ന ഗവേഷണ പേപ്പറുകളില്‍ 50 ശതമാനം ഈ വര്‍ഷം തന്നെ ചൈനയില്‍ നിന്നുള്ളവയാകുമെന്നാണ് പറയുന്നത്. എന്നാല്‍, 2020യില്‍ ഏറ്റവും പ്രധാനപ്പെട്ട 10 ശതമാനം ഗവേഷണ പേപ്പറുകളും ചൈനയില്‍ നിന്നാകുമെന്നും 2025 ല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശതമാനം പ്രബന്ധങ്ങള്‍ ചൈനയില്‍ നിന്നായിരിക്കും എന്നുമാണ് പ്രവചനം.

പക്ഷേ, ചൈനയിലെ പ്രധാന എഐ ഗവേഷകരില്‍ ഒരാളായ കായ്-ഫൂ ലീ പറയുന്നത് ഇതു ശരിയാകാന്‍ വഴിയില്ല എന്നാണ്. തീര്‍ച്ചയായും ചൈന കുതിക്കുകയാണ്. മുന്നിലെത്തിയേക്കും. പക്ഷേ ഈ പറഞ്ഞതില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് മുന്‍ വര്‍ഷങ്ങളില്‍ മൈക്രോസോഫ്റ്റിലും ഗൂഗിളിലും പ്രവര്‍ത്തിച്ചിട്ടുള്ള ലീ പറയുന്നത്. അമേരിക്കയിലാണ് ലോകത്തെ ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞരുള്ളത്. ജെഫ് ഹിന്റണ്‍ (കാനഡ), യാന്‍ ലെകുണ്‍ (അമേരിക്ക) എന്നീ ശാസ്ത്രജ്ഞര്‍ ഇല്ലായിരുന്നെങ്കില്‍ 'ഡീപ് ലേണിങ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രധാന ശാഖകളില്‍ ഒന്ന് സൃഷ്ടിക്കപ്പെടുമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.

എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന ഇപ്പോഴത്തെ രീതി പരസ്പരം ഗുണകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ ആലസ്യത്തിലിരിക്കുന്ന അമേരിക്കന്‍ സർക്കാരിനെ വിളിച്ചുണര്‍ത്തുമെന്നാണ് ടെക് വിദഗ്ധര്‍ കരുതുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടാല്‍ അടുത്ത ഗൂഗിള്‍ ചൈനയില്‍ നിന്നായിരിക്കുമോ എന്നും ഒരാള്‍ ചോദിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടെ തലയില്‍ ഉദിച്ച ആശയമായി കാണാമെങ്കിലും ഇതിനു വളരാന്‍ വേണ്ട സാഹചര്യം ഇന്നു കൂടുതല്‍ നിലനില്‍ക്കുന്നത് ലോക ടെക്‌നോളജിയുടെ പ്രധാന കൃഷിഭൂമിയായ ചൈനയിലാണ്. അവര്‍ അമേരിക്കയെ മറികടക്കുമെന്നു തന്നെയാണ് ആദ്യം മുതലുള്ള വിലയിരുത്തലുകള്‍. എന്നാല്‍ 2025ല്‍ അമേരിക്കയ്ക്ക് ഒപ്പമെത്തുമെന്നും 2030ല്‍ അമേരിക്കയുടെ മുന്നില്‍ കയറുമെന്നുമായിരുന്നു പ്രവചനങ്ങള്‍.


സാഹചര്യവും പ്രവചനങ്ങളും

മുന്‍ വര്‍ഷങ്ങളിലെ ഏതാനും പ്രവചനങ്ങള്‍ നോക്കാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അത്ര വലിയ ശക്തിയൊന്നും ഇപ്പോഴും ആയിട്ടില്ലെന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ, ചില വിശ്വാസങ്ങള്‍ പ്രകാരം ആര് എഐയെ നിയന്ത്രിക്കുമോ അവര്‍ ലോകത്തെ നിയന്ത്രിക്കും. ഇന്ന് ചൈന അമേരിക്കയ്ക്കു പിന്നിലാണ്. ആവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണത്തിനു വേണ്ട ഹാര്‍ഡ്‌വെയറോ, റോബോട്ടിക് ശേഷിയോ അമേരിക്കയ്ക്ക് ഒപ്പമില്ല. പക്ഷേ, ചൈനയില്‍ ഡേറ്റാ ശേഖരണത്തിന് അമേരിക്കയെ അപേക്ഷിച്ച് നിയന്ത്രണങ്ങള്‍ കുറവാണ്. ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയോളമുള്ളത് ചൈനയിലാണ്. ഡേറ്റയാണ് എഐയുടെ വളര്‍ച്ചയ്ക്കു വേണ്ട ഇന്ധനം. ഇത് ചൈന തങ്ങളുടെ കമ്പനികളുടെ സേവനങ്ങള്‍ സ്വീകരിക്കുന്ന ഉപയോക്താക്കളില്‍ നിന്ന് ചൈനയ്ക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ടാകണം. അമേരിക്കയില്‍ ഉള്ളതും ഇനി വരാന്‍ പോകുന്നതുമായ ഡേറ്റാ നിയന്ത്രണങ്ങള്‍ എഐയുടെ നിര്‍മാണത്തില്‍ അമേിക്കയെ പിന്നോട്ടടിച്ചേക്കാം. ആള്‍ബലത്തിന്റെ കാര്യത്തിലും ഡേറ്റാ ശേഖരണ ശക്തിയിലും ചൈന അമേരിക്കയെക്കാള്‍ മുന്നിലാണ്.

കൂടാതെ അമേരിക്കയില്‍ പഠിക്കുന്ന ചൈനീസ് കുട്ടികളുടെ എണ്ണവും വളരെ വലുതാണ്. അമേരിക്കയില്‍ നല്‍കുന്ന പിഎച്ഡികളില്‍ പത്തു ശതമാനം ലഭിക്കുന്നത് ചൈനീസ് കുട്ടികള്‍ക്കാണ്. ഇവരുടെ സേവനവും ചൈനയ്ക്കു ലഭിച്ചേക്കാം.

പക്ഷേ, കൂടുതല്‍ ജീനിയസുകള്‍ അമേരിക്കയില്‍ ഉണ്ടാകുകയും അവരെ മുന്നില്‍ നിർത്തുകയും ചെയ്യുമെന്ന് പല ടെക് വിദഗ്ധരും പ്രതീക്ഷിക്കുന്നു.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ